അമാൻ സജി ഡൊമനിക്കിന്റെ സൺഡേ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ഞായറാഴ്ച ദിവസം കണ്ടുമുട്ടുന്ന രണ്ടുപെൺകുട്ടികളുടെ കഥപറയുന്ന സൺഡേ എന്ന ഹ്രസ്വചിത്രം പ്രേക്ഷകപ്രീതി നേടുന്നു. ഇരുപതുകാരനായ അമാൻ സജി ഡൊമനിക് കഥയെഴുതി ഛായാഗ്രണവും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച സൺഡേ പെൺകുട്ടികളുടെ ചങ്ങാത്തത്തിന് അപ്പുറം അവരുടെ ഇടയിലെ മനോഹരമായ ആത്മബന്ധത്തിന്റെ കഥകൂടി പറയുന്നുണ്ട്. ഇരുപതുകാരനായ അമാൻ ബാംഗ്ലൂർ ജെയിൻ യൂണിവേഴിസിറ്റിയിൽ ബി എസ് സി ഡിജിറ്റൽ ഫിലിം മേക്കിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
''ലോക്ക്ഡൗണിന് മുൻപേ തുടങ്ങിയ വർക്കായിരുന്നു സൺഡേയുടേത്. കോളേജ് തുടങ്ങുന്നതിനേക്കാൾ മുൻപ് കുറച്ചു സമയം കിട്ടിയപ്പോൾ ചെയ്തതായിരുന്നു സൺഡേ. ആദ്യം 40 മിനിറ്റോളം വരുന്ന ഷോർട് മൂവിയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതും കുട്ടികളെ വച്ചുള്ള സ്റ്റോറിയാണ്. അതിനു മുൻപ് കുട്ടികളെ വച്ച് ഇത്തരത്തിൽ ഒരു ചെറിയ ചിത്രം ചെയ്തു നോക്കാമെന്നു വച്ചു .അങ്ങനെ ചെയ്തതായിരുന്നു സൺഡേ. മെയിൻ വേഷങ്ങൾ ചെയ്ത രണ്ടു കുട്ടികളിൽ ഒരാൾ എന്റെ അനുജത്തിയാണ് അന്ന പ്രിയ എസ് ഡൊമനിക്. മറ്റേ കുട്ടി ഫാമിലി ഫ്രണ്ടിന്റെ മോളാണ് സമീറ നായർ. മാദ്ധ്യമ പ്രവർത്തകനായ സുജിത്ത് നായരുടെയും പ്രശസ്ത നർത്തകിയായ ശാരദ തമ്പിയുടേയും മകളാണ് . അവർ രണ്ടുപേരും നല്ല കൂട്ടാണ്. സൺഡേയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമ്പോഴും ചെറിയ കുട്ടികളുടെ ചിന്തോദ്ദീപകമായ കാര്യങ്ങൾ സംഭാഷണത്തിൽ കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം. വളരെ നിഷ്കളങ്കമായി തോന്നുന്ന രീതിയിലുള്ള സംസാരങ്ങൾ.
അച്ഛൻ സജി ഡൊമനിക്കും അമ്മ പ്രിയ രവീന്ദ്രനും മാദ്ധ്യമ പ്രവർത്തകരും ഡോക്യൂമെന്ററി സംവിധായകരുമാണ്. അമ്മ പല ചാനലുകൾക്ക് വേണ്ടി ഡോക്യൂമെന്ററി ചെയ്യാറുണ്ട്. അമ്മയുടെ വർക്കുകൾക്കാണ് ആദ്യമായി കാമറ ചലിപ്പിച്ചതും എഡിറ്റിങ്ങും ചെയ്തതുമൊക്കെ.സിനിമോട്ടോഗ്രാഫി , സംവിധാനം , എഡിറ്റിംഗ് , തിരക്കഥ എല്ലാം താല്പര്യമുണ്ടെങ്കിലും സംവിധാനവും തിരക്കഥയുമാണ് കൂടുതൽ താത്പര്യം. ""സംവിധായകൻ അമാൻ സജി ഡൊമനിക് പറഞ്ഞു.മൂവി മോങ്ക്സ് മോഷൻ പിക്ച്ചർ യൂട്യൂബ് ചാനലിലൂടെയാണ് സൺഡേ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.
രശ്മി പദ്മ ,ആരാധ്യ അരുൺ ലക്ഷ്മൺ , ശ്രേയസ് ശരത്ത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |