SignIn
Kerala Kaumudi Online
Friday, 19 April 2024 1.13 PM IST

ഇടനെഞ്ചിലുണ്ട് ടി.പി; തലയുയർത്തി സഗൗരവം രമ

kk-rama

തിരുവനന്തപുരം: പ്രിയ സഖാവ് ടി.പി.ചന്ദ്രശേഖരന്റെ ചിത്രം ഇടനെഞ്ചിൽ പതിപ്പിച്ച് ഭാര്യ കെ.കെ.രമ സഭാകവാടം കടന്നെത്തിയപ്പോൾ പ്രതിപക്ഷം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ''ഞാനല്ല, സഖാവ് ടി.പിയായിരിക്കും സഭയിലുണ്ടാവുക. ഞാൻ ജയിച്ചപ്പോൾത്തന്നെ പറഞ്ഞതാണ് ടി.പി.ജയിച്ചുവെന്ന്. അതിന്റെ ഒരു പ്രതീകമായാണ് സാരിയിൽ ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് പിടിപ്പിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാനാണ് ഈ ബാഡ്ജ് .'' -കെ.കെ. രമ കേരളകൗമുദിയോട് സംസാരിക്കുന്നു.

നിയമസഭയിൽ ആദ്യമായി,​ ഒരു വശത്ത് ആർ.എം.പിയെ എതിർക്കുന്ന പാർട്ടിയിലെ നേതാക്കളും എങ്ങനെയായിരുന്നു ആ നിമിഷങ്ങൾ?

ടി.പിയുടെ ഊർജവും കരുത്തുമൊക്കെയായിട്ടാണ് ഞാൻ എത്തിയത്.സഭയ്ക്കുള്ളിൽ ഞാൻ കണ്ടവരെല്ലാം ജനപ്രതിനിധികളാണ്. ഭരണപക്ഷം ഒരു വശത്ത്, പ്രതിപക്ഷം എതിർവശത്ത്. ഭരണപക്ഷത്ത് സ്വാഭാവികമായും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടായിരിക്കും. അവരെല്ലാം കേരളത്തിന്റേതാണ് നമ്മൾ ഓരോരുത്തരുടേതുമാണ്.എന്നാൽ ആർ.എം.പിയുടെ പോരാട്ടം തുടരും.

സി.പി.എമ്മിൽ നിന്ന് മന്ത്രി ഉൾപ്പെടെയുള്ള മൂന്ന് പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തല്ലോ?

അവർ മാർക്സിസ്റ്റ് പാർട്ടിയുടെ ഏത് ഘടകത്തിലാണുള്ളതെന്ന് എനിക്കറിയില്ല. സ്വാഭാവികമായിട്ടും മാർക്സിസം സ്വീകരിച്ച് വൈരുദ്ധ്യാത്മിക ഭൗതികവാദം പഠിച്ച ഒരാൾ ഒരു കാരണവശാലും അത്തരത്തിലൊരു ആത്മീയചിന്തയിലേക്ക് പോകാറില്ല.അതെങ്ങനെ സംഭവിച്ചുവെന്നത് അവരാണ് ആത്മപരിശോധന നടത്തേണ്ടത്.

സി.പി.എമ്മിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചോ?

ഇപ്പോൾ ഒരു ഈവന്റ് മാനേജ്മെന്റ് ശൈലിയിലല്ലേ എല്ലാ കാര്യങ്ങളും പോകുന്നത്. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട നിലപാടൊന്നും പലപ്പോഴും കാണുന്നില്ല. ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത് ഇടതുബദൽ രാഷ്ട്രീയമാണ്.

ഒരു പ്രദേശത്തിനപ്പുറത്തേക്ക് ആർ.എം.പി വളരുന്നില്ലല്ലോ?

ഒരു രാഷ്ട്രീയ പാർട്ടിയുടെ വളർച്ച പെട്ടെന്നുണ്ടാകുന്നില്ല. സി.പി.എം എത്രകാലമെടുത്താണ് വളർന്നത്. ക്രമേണയാണെങ്കിലും ആർ.എം.പി വളർന്നുകൊണ്ടിരിക്കുകയാണ്.

സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് തീരുമാനിക്കാൻ ?​

ഞങ്ങളുടെ അസ്ഥിത്വവും രാഷ്ട്രീയമായ വ്യക്തിത്വവും മുന്നോട്ടു കൊണ്ടുപോകാനുള്ള പൂർണസ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇക്കാര്യം നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചചെയ്തിരുന്നതാണ്.

ടി.പി വധക്കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമോ?

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അങ്ങനെ വിശ്വസിക്കുന്നില്ല. ഇപ്പോഴും ഭരിക്കുന്നത് ടി.പിയുടെ നാശം ആഗ്രഹിച്ചവരാണ്. കോടതിയിലാണ് പ്രതീക്ഷ. സർക്കാർ എടുക്കുന്ന നല്ല തീരുമാനങ്ങളെ അംഗീകരിക്കും. ജനവിരുദ്ധമായ കാര്യങ്ങളെ എതിർക്കും.

ഏറെ നാളുകൾക്കു ശേഷമാണല്ലോ പിണറായി വിജയനെ കണ്ടത്

നിയമസഭയിൽ ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കണ്ടത്. ആ മുഖ്യമന്ത്രിക്ക് ബഹുമാനവും ആദരവും നൽകേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്.

മണ്ഡലത്തിന്റെ വികസനത്തിന് സർക്കാർ പിന്തുണ നൽകുമെന്ന വിശ്വാസമുണ്ടോ?

അങ്ങനെ പ്രതീക്ഷിക്കുന്നു. പ്രതികാരം എന്റെ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുമെന്ന് കരുതുന്നില്ല. ഒപ്പം പ്രവർത്തിച്ചിരുന്നവരാണ് അധികം മന്ത്രിമാരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KKRAMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.