തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം അത്താനിക്കൽ, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂർ, കണ്ണൂർ പാനൂർ, തൃശൂർ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, കണ്ണൂർ ന്യൂ മാഹി, തൃശൂർ പോർക്കളേങ്ങാട്, കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി സെന്ററുകൾ, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പൻചോല എന്നിവയ്ക്കാണ് എൻ.ക്യൂ.എ.എസ് ബഹുമതി ലഭിച്ചത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ ആശുപത്രികൾ
കാരുണ്യയുടെ ഭാഗമാകണം
സംസ്ഥാനത്തെ കൂടുതൽ സ്വകാര്യ ആശുപത്രികൾ പാവപ്പെട്ട രോഗികൾക്ക്
സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ 106 സ്വകാര്യ ആശുപത്രികളാണുണ്ടായിരുന്നത്. അതിപ്പോൾ 252 ആയി ഉയർന്നു. 122.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചത്.
മാസ്ക് ഉപയോഗം ബ്ളാക്ക്
ഫംഗസിനെ പ്രതിരോധിക്കും
തിരുവനന്തപുരം: മാസ്കുകൾ ഉപയോഗിക്കുന്നതും ബ്ളാക് ഫംഗസ് രോഗവുമായിബന്ധപ്പെടുത്തി അശാസ്ത്രീയമായ സന്ദേശങ്ങൾ പരക്കുന്നുണ്ടെന്നും , ബ്ളാക് ഫംഗസ് ഉൾപ്പെടെയുള്ള രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എൻ 95 മാസ്കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. എങ്കിലും വില കണക്കിലെടുത്ത് കൂടുതൽ തവണ ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയ രീതി എയിംസ് നിർദ്ദേശിച്ചിട്ടുണ്ട്. എൻ 95 മാസ്ക്കുകൾ 5 എണ്ണമെങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കിൽ ഒരു പേപ്പർ കവറിൽ സൂക്ഷിക്കുകയും ചെയ്യണം. മറ്റു നാലു മാസ്കുകൾ കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്കുപയോഗിക്കാം. അതിൽ കൂടുതൽ തവണയോ തുടർച്ചയായോ എൻ 95 മാസ്കുകൾ ഉപയോഗിക്കാൻ പാടില്ല. തുണി കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുമ്പോൾ ഇൗർപ്പമില്ലെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |