SignIn
Kerala Kaumudi Online
Thursday, 25 April 2024 2.32 AM IST

തുടരുന്ന അടച്ചിടലും അടുപ്പിലെ പുകയും

photo

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളം അടഞ്ഞുകിടക്കുകയാണ്. അടുത്ത മാസം ശമ്പളം കിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരേ ഒരു വിഭാഗം സർക്കാർ ജീവനക്കാരാണ്. അദ്ധ്യാപകർ ഉൾപ്പെടെ അവരുടെ സംഖ്യ അഞ്ചര ലക്ഷത്തോളമേ വരൂ. പെൻഷൻകാരും കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര സർവീസ്, ജുഡിഷ്യറി തുടങ്ങിയ രംഗങ്ങളിലുള്ളവരെ എല്ലാം കണക്കിലെടുത്താലും 10 ലക്ഷത്തിനപ്പുറം പോകില്ല. ഒന്നുമില്ലെങ്കിലും അവരുടെ കുടുംബങ്ങൾ സാമ്പത്തികമായെങ്കിലും സുരക്ഷിതരാണ് എന്നതിൽ ആശ്വസിക്കാം. മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയെയും ഗൾഫിലെ ജോലിയെയും മറ്റും ആശ്രയിച്ചാണ് കഴിയുന്നത്. ഇവരുടെയൊക്കെ വരുമാന മാർഗങ്ങൾ കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ ജീവിത ചെലവ് കൂടുതലാണെന്നതിനാൽ ബഹുഭൂരിപക്ഷത്തിനും വലിയ മിച്ചം പിടിക്കാനുള്ള പാങ്ങുമില്ല. ഇതൊന്നുമില്ലാത്ത വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരും വഴിയോരക്കച്ചവടക്കാരുമായി വലിയൊരു വിഭാഗം വേറെയുണ്ട്. കർഷകരാകട്ടെ കപ്പയും നെല്ലും മറ്റ് പച്ചക്കറികളും വിളവെടുത്ത് കൊണ്ടുപോകാൻ വഴിയില്ലാതെ വെറുതെ കൊടുക്കാമെന്ന പേരിൽ ബോർഡുകൾ തൂക്കാൻ തുടങ്ങിയിരിക്കുന്നു. മഹാമാരിയുടെ താണ്ഡവത്തിൽ മരണ നിരക്ക് കൂടുമ്പോൾ അടച്ചിടാതെ മറ്റ് മാർഗമില്ല. പക്ഷേ പലരും പട്ടിണിയിലേക്ക് നീങ്ങുകയാണ് എന്ന യാഥാർത്ഥ്യം മനസാക്ഷിയുള്ളവർക്ക് കാണാതിരിക്കാനാവില്ല. ഒറ്റപ്പെട്ട കാര്യങ്ങളാണെന്ന് പറഞ്ഞ് അവഗണിക്കുന്നതും ശരിയല്ല. ഒരു പിന്തുണയും എങ്ങുനിന്നും ലഭിക്കാതെ വീട്ടുജോലി ചെയ്ത് മാത്രം കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ആയിരക്കണക്കിന് സ്ത്രീകൾ ജീവിക്കുന്ന നാട് കൂടിയാണ് നമ്മുടേത്. അവർക്ക് പാസ് ലഭിക്കുമല്ലോ എന്ന് പറയാൻ എളുപ്പമാണ്. പാസ് ലഭിച്ചാലും വരാൻ സൗകര്യമില്ല. അപേക്ഷിച്ചാൽ എല്ലാവർക്കും കിട്ടുന്നതുമല്ല പാസ്. ഈ ഘട്ടത്തിൽ എല്ലാവരുടെയും കാര്യം സർക്കാർ തന്നെ നോക്കണം എന്ന് പറയുന്നത് പ്രായോഗികമല്ല. സർക്കാരിനും പരിമിതികളുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനായി സർക്കാരിന്റെ മുന്നിലുണ്ട്.

സ്‌കൂളുകൾ തുറന്നില്ലെങ്കിലും ജൂൺ മാസം മുതൽ ഓൺലൈൻ അദ്ധ്യയനം തുടങ്ങും. സാധാരണക്കാർക്ക് ഏറ്റവുമധികം ചെലവ് വരുന്ന മാസമാണിത്. ഫീസ് അടയ്ക്കുന്നതിന് ചില ഇളവുകൾ ചില വിദ്യാലയങ്ങൾ നൽകിയിട്ടുണ്ട് എന്നത് മറക്കുന്നില്ല. കൊവിഡിനൊപ്പം കൊടുങ്കാറ്റും പേമാരിയും മറ്റും കൂടിയായപ്പോൾ തീരപ്രദേശമാകെ വറുതിയിലാകുന്നു.

പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും സമുദായ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും സാമ്പത്തികമായി കെട്ടുറപ്പുള്ള സ്വകാര്യ വ്യക്തികളും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. ആരാണ് ദുരിതത്തിലേക്ക് നീങ്ങുന്നത് എന്നത് ഏറ്റവും എളുപ്പം അറിയാൻ കഴിയുന്നത് അവർക്കാണ്. പണം നൽകാൻ സന്നദ്ധതയുള്ള ഒരുപാട് നല്ല മനുഷ്യർ ഇന്നും നമ്മുടെ ഇടയിലുണ്ട്. പക്ഷേ സഹായം കൊടികളുടെ നിറഭേദമില്ലാതെ ഏറ്റവും ദൈന്യരായവരിൽ എത്തുമെന്നുണ്ടെങ്കിൽ സഹായിക്കാൻ ആളുകളും കുറയില്ല. അയൽക്കാരന്റെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കാനും അത് ഉറപ്പാക്കാനും സ്വന്തം നിലയിൽ ഓരോ വ്യക്തികളും മുന്നിട്ടിറങ്ങേണ്ട സമയം. പണവും സമ്പാദ്യവും മാസവരുമാനവും ഉള്ളവർക്ക് എത്രനാൾ അടഞ്ഞുകിടന്നാലും അവരുടെ ജീവിതം നിരാശയിലേക്ക് കൂപ്പുകുത്തില്ല. അതല്ല ഒന്നുമില്ലാത്തവന്റെ സ്ഥിതി. അടഞ്ഞുകിടക്കുമ്പോൾ എല്ലാം ശാന്തമാണെന്ന് പുറമെ തോന്നുമ്പോഴും അങ്ങനെല്ല എന്നതാണ് യാഥാർത്ഥ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL1
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.