SignIn
Kerala Kaumudi Online
Saturday, 20 April 2024 4.10 AM IST

ഗവർണർമാർ അതിരുവിടുമ്പോൾ

photo

നമ്മുടെ ഭരണഘടന മുന്നോട്ടു വച്ച ലക്ഷ്യം അതിശ്രേഷ്ഠമാണെന്നു പറയേണ്ടതില്ല. ഈ ഭരണഘടനയുടെ സാക്ഷാത്‌കാരത്തിനായി നാം കാത്തിരുന്നിട്ടു ഏഴു പതിറ്റാണ്ടും നാലുസംവത്സരവും പൂർത്തിയാകുന്നു. സുദീർഘമായ ഈ യാത്രയിൽ രാജ്യം എവിടെ എത്തിയെന്നതിന്റെ ഹൃദയം പൊട്ടുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ തെരുവീഥികളിൽ കാണുന്നത്. ശവശരീരങ്ങൾ കുന്നുകൂടുന്ന ശ്മശാനങ്ങൾ; പ്രാണവായുവിന് വേണ്ടി പിടയുന്ന മനുഷ്യർ സ്വന്തം ഭാര്യയുടെ മൃതശരീരം സൈക്കിളിൽ കെട്ടിവലിച്ചു കൊണ്ട് ശവദാഹം നടത്താൻ കഴിയാതെ അലയുന്ന ഭർത്താവ്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ അധികാരം കൈപ്പിടിയിലൊതു
ക്കിയ ഭരണാധികാരികൾ എവിടെ? ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യർ മരിച്ചു വീഴുമ്പോൾ ദേവാലയം പണിയാനും; പഞ്ചനക്ഷത്ര സൗകര്യമുള്ള മന്ദിരങ്ങൾ പണിയാനും തിരക്കിടുന്ന ഭരണാധികാരികൾ!

ഈ സന്ദർഭത്തിൽ നമ്മുടെ മഹത്തായ ഭരണഘടനയെക്കുറിച്ച് സമഗ്രമായ ഒരു പരിശോധന അനിവാര്യമാവുകയാണ്. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത ഭരണകൂടത്തിനെതിരെ രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ഇടപെടുന്നു. സമൂഹത്തെ കൂട്ടത്തോടെ ദുരന്തങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തവർ പലപ്പോഴും ഭരണഘടനാ പ്രകാരം നടപടികൾ സ്വീകരിക്കുന്നുവെന്ന അവകാശവാദം ഉന്നയിച്ച് അവരുടെ സങ്കുചിത രാഷ്ട്രീയ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക പാർട്ടി മാത്രമല്ല കേന്ദ്രത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസും , ബി.ജെ.പിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്. 1957ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭരണഘടനയിലെ 356-ാം വകുപ്പുപ്രകാരം പിരിച്ചുവിട്ടു. സംസ്ഥാനത്തെ ഭരണഘടനായന്ത്രം പരാജയപ്പെട്ടതായി ഗവർണറിൽ നിന്ന് റിപ്പോർട്ട് വാങ്ങി സംസ്ഥാനസർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഭരണം ഏറ്റെടുക്കാം.

കേരളത്തിലെ രാജ്ഭവൻ കേന്ദ്രത്തിലെ യജമാനന്മാർക്ക് വേണ്ടി ഉപചാപം നടത്താൻ വേദിയായത് ജനാധിപത്യത്തിന്റെ ആദ്യപാപമായിരുന്നു. ഇത്തരം സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കുകയാണ്. ഏറ്റവുമൊടുവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് ജനതാദൾ സംഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചു. എന്നാൽ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ബി.ജെ.പി നേതാവായ യദൂരപ്പയെ ക്ഷണിച്ചു. ഈ സംഭവം കർണാടകയിൽ നിയമജ്ഞരുടെയും രാഷ്ട്രീയ പാർട്ടികളുടെയും കടുത്ത വിമർശനങ്ങൾ സൃഷ്ടിച്ചു. കേന്ദ്രസർക്കാരിന്റെ ശിപായിമാരായി പ്രവർത്തിക്കുന്ന ഗവർണർമാരും അവരുടെ ഗൂഢാലോചനകൾ നടത്താനുള്ള വേദിയായി രാജ്ഭവനുകളും മാറുകയാണ്. ഈ സംഭവത്തെ തുടർന്ന് ഗവർണറെ പിരിച്ചു വിടണമെന്ന അതിശക്തമായ അഭിപ്രായം മാദ്ധ്യമങ്ങളിലുയർന്നു വന്നു. ജനാധിപത്യ പ്രക്രിയയിൽ ഗവർണർമാരുടെ പങ്കിനെകുറിച്ച് ഗൗരവമേറിയ പുനഃരാലോചന ആവശ്യമാണെന്നു തെളിയിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടുന്നു. പരിമിതമായ അംഗങ്ങളെ തിരഞ്ഞെടുത്തുകൊണ്ട് പ്രാദേശിക നിയമനിർമ്മാണ സഭകൾ എന്ന ഭരണപരിഷ്‌കാരം 1935ലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ സംഭാവനയാണ്. അവരുടെ വൈസ്രോയിമാരുടെ പൂർണനിയന്ത്രണത്തിലുള്ള ഗവർണർമാർ എന്ന പദവി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ സ്വാധീനത്തിൽ നിന്ന് 74 വർഷം പിന്നിടുമ്പോഴും ഇന്ത്യയ്ക്ക് മോചനം സാദ്ധ്യമാക്കുന്നില്ല. ഇതാണ് ഗവർണർമാരുടെ ഉത്ഭവം.

ഭരണഘടനാ പ്രകാരം ഒരു സംസ്ഥാനത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഗവർണർ ഇടപെടാൻ പാടില്ല. ഈ തത്വം, അംഗീകരിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമല്ലെന്ന് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെയും, കേന്ദ്രസൈന്യത്തിന്റെയും ഒട്ടേറെ നിരീക്ഷകന്മാരുടെയും സാന്നിദ്ധ്യത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബംഗാളിലെ മമതാ ബാനർജിയുടെ സർക്കാരിനെ വേട്ടയാടാനുള്ള ഗൂഢാലോചനകൾ രാജ്ഭവൻ കേന്ദ്രീകരിച്ചു ആരംഭിച്ചു കഴിഞ്ഞു. ക്രമസമാധാനനില തകർന്നെന്നും, ഭരണയന്ത്രം പ്രവർത്തനക്ഷമമല്ലെന്നും വരുത്തിത്തീർക്കാൻ അവിടെ കേന്ദ്രമന്ത്രിമാർ പര്യടന പരമ്പര നടത്തുന്നു. രാജ്യത്തെ ജനങ്ങൾ കൊവിഡ് മഹാമാരിയുടെ പിടിയിലമർന്ന് പിടഞ്ഞ് മരിക്കുമ്പോൾ കേന്ദ്രമന്ത്രിമാർ ബംഗാളിൽ സന്ദർശന പരമ്പര സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു. ബംഗാൾ ഗവർണർ ചീഫ് സെക്രട്ടറിയേയും, ഡി.ജി.പിയേയും മറ്റ് ഉന്നതഉദ്യോഗസ്ഥരെയും രാജ്ഭവനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മുകളിലൂടെ സംസ്ഥാനത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഗവർണർ പരസ്യമായി ഇടപെടുന്നത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും വെല്ലുവിളികൾ ഉയർത്തുകയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർമാരുടെ തസ്തിക നിലനിറുത്തുന്ന ഗൗരവമേറിയ ഭരണഘടനാ പ്രശ്നം ചർച്ച ചെയ്യാൻ രാജ്യത്തെ ഭരണഘടനാ വിദഗ്ദ്ധരും, പ്രമുഖ അഭിഭാഷകരും മുന്നോട്ടു വരാൻ ഇനി വൈകിക്കൂടാ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.