SignIn
Kerala Kaumudi Online
Saturday, 20 April 2024 2.54 AM IST

ട്രിപ്പിൾ ലോക്ക്, മഴ, സാമ്പത്തിക പ്രതിസന്ധി... എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് കർഷകരും തൊഴിലാളികളും

baricade

തൃശൂർ: ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും മഴയും കൊവിഡിന്റെ തുടർച്ചയായുള്ള രോഗങ്ങളുമെല്ലാം വേരോടെ പിഴുതെടുക്കുന്നത് കർഷകരും തൊഴിലാളികളും കൂലിവേലക്കാരും അടക്കമുളള ലക്ഷങ്ങളെ. ഇനി കൊവിഡിന്റെ മൂന്നാം തരംഗം കൂടി വന്നാൽ വലിയൊരു വിഭാഗം പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കടക്കെണിയുടേയും കയത്തിലാകുമെന്നാണ് സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.

മലയോര മേഖലകളിലുള്ള സ്വാശ്രയ കർഷക സമിതികളുടെ കീഴിൽ വൻതോതിൽ പച്ചക്കറി കൃഷി ചെയ്യുന്നവർ വിൽക്കാനാകാതെ വിളവ് കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയിരുന്നു. മികച്ച വിളവായിരുന്നെങ്കിലും നിയന്ത്രണം മൂലം വിൽക്കാനായില്ല. ചിലയിടത്ത് വിളവെടുക്കാത്തതിനാൽ പച്ചക്കറികൾ മഴയിൽ നശിച്ചു. സമീപ ജില്ലകളിലേക്ക് പച്ചക്കറി കൊണ്ടുപാേകാനുമാകുന്നില്ല.

ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തും സ്ഥലങ്ങൾ പാട്ടത്തിനെടുത്തുമാണ് ഭൂരിപക്ഷവും കൃഷി ചെയ്യുന്നത്. യഥാസമയം വിളവെടുക്കാനും വിൽക്കാനുമുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ കർഷകർ പട്ടിണിയിലും കടക്കെണിയിലുമാകും.

സംഘടനകളുടെ കിറ്റ് വിതരണത്തിനും കൊവിഡ് സെന്ററുകൾക്കുമായി പച്ചക്കറികൾ നൽകുന്നുണ്ടെങ്കിലും അതൊന്നും കർഷകർക്ക് സഹായകമല്ല.

വാഹനതൊഴിലാളികൾ നെട്ടോട്ടത്തിൽ


അറുപതിനായിരത്തോളം വരുന്ന ഓട്ടോ തൊഴിലാളികൾ അടക്കം ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ടാക്‌സിഡ്രൈവർമാരും അടക്കം ലക്ഷത്തിലേറെ തൊഴിലാളികളാണ് രണ്ടാഴ്ചയോളമായി ജീവിതച്ചെലവ് താങ്ങാനാവാതെ നട്ടംതിരിയുന്നത്. കൊവിഡ് അടക്കമുളള രോഗങ്ങൾ ബാധിച്ചതോടെ ദുരിതം ഇരട്ടിച്ചു. വാഹനങ്ങൾ വാങ്ങിയതിന്റെ തിരിച്ചടവ് മാസങ്ങളായി മുടങ്ങിയവരുണ്ട് . സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് കൊളളപ്പലിശയ്ക്ക് വായ്പ എടുത്തവരുമേറെ. തിരിച്ചടവും ഇൻഷ്വറൻസുമെല്ലാം ചേർത്ത് നല്ലൊരു തുക നീക്കി വെയ്‌ക്കേണ്ടി വരും. തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അടിയന്തര സഹായമായി 1000 രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും കിട്ടിയിട്ടില്ല.

ചെറുകിട വ്യാപാരികളും ദുരിതത്തിൽ

ജില്ലാ ഭരണകൂടത്തിന്റെ ഇളവുകൾ പ്രകാരം കടകൾ തുറക്കുന്നവരെ പൊലീസ് തടയാനും തുടങ്ങിയതോടെ ലോക്ക് ഡൗണിന്റെ ആഘാതം താങ്ങാൻ കഴിയാതായെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. നിയന്ത്രണം നടപ്പിലാക്കുന്നതിൽ ജില്ലാ ഭരണകൂടവും പൊലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് വ്യാപാരികൾക്ക് കൂനിന്മേൽ കുരുവായത്. അതിനിയന്ത്രിത മേഖലകളാണെങ്കിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസം രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ആ അനുമതിയും നൽകാതിരുന്നതോടെ അവസാനത്തെ കച്ചിത്തുരുമ്പുമില്ലാത്ത അവസ്ഥയിലാണവർ.

ആവശ്യങ്ങൾ


സർക്കാരിതര സ്ഥാപനങ്ങൾ വഴി കൂടുതലായി പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം
വായ്പകൾക്ക് ഒരു വർഷത്തെ പലിശരഹിത മൊറട്ടോറിയം അനുവദിക്കാനുളള നടപടികൾ വേണം
ലോക്ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസിൽ ഇളവ് അനുവദിക്കണം
ലോക്ഡൗണിൽ മറ്റു നിരക്കുകൾ ഒഴിവാക്കി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് മാത്രം ഈടാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TRIPLE LOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.