SignIn
Kerala Kaumudi Online
Thursday, 25 April 2024 4.24 PM IST

ബ്രാൻ‌ഡ് പിണറായി

pinarayi-vijayan

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ അധികാരത്തിൽ വന്നതോടെ രാഷ്ട്രീയ സമവാക്യങ്ങളിൽ അതുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. കോൺഗ്രസിനും സി.പി.എമ്മിലും തിരഞ്ഞെടുപ്പ് ഫലം ഒരുപാട് മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി എന്നതാണ് പിണറായിയുടെ വിജയം. പ്രകൃതിയും കാലാവസ്ഥയും രാഷ്ട്രീയ എതിരാളികളും ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ പിണറായിക്ക് കഴി‌ഞ്ഞു. 77 ന് ശേഷം, ഭരിക്കുന്ന പാർട്ടികളെ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുത്തുന്ന ചരിത്രം പിണറായി തിരുത്തിക്കുറിച്ചു. കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് പാർട്ടി എപ്പോഴെങ്കിലും വിഘാതം വരുത്തിയിട്ടുണ്ടെങ്കിൽ അത് കൂടി തിരുത്തിക്കുറിക്കുന്നതായിരുന്നു പിണറായിയുടെ നിലപാട്.

ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങളെക്കുറിച്ച് സ്വപ്നം മെനയാൻ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ അണികൾക്ക് അവസരം നൽകി. യഥാർത്ഥത്തിൽ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിനും സി.പി.എമ്മിനും ഒരു ജീവന്മരണ പോരാട്ടമായിരുന്നു. ആഗോളതലത്തിലുള്ള തിരിച്ചടികൾക്ക് ശേഷം ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ നിലനിന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ,അവരുടെ സ്വാധീനമേഖല ചുരുങ്ങിയെങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം തെളിയിച്ചിരുന്നു. കേന്ദ്രത്തിൽ ദേശീയ മുന്നണി സർക്കാരിനെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർട്ടികൾ യു.പി.എ സർക്കാരിനെയും പിന്തുണച്ചു. സി.പി.ഐ ഒന്നു കടന്നുചെന്ന് ആദ്യം മുന്നണി സർക്കാരിൽ പങ്കാളികളാവുകയും ചെയ്തു. പിന്നീട് തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ദേശീയപാർട്ടി എന്ന അംഗീകാരം നിലനിറുത്താൻ പോലും ബുദ്ധിമുട്ടായിരുന്നു. കേരളം എങ്ങനെയെങ്കിലും നിലനിറുത്തേണ്ടത് സി.പി.എമ്മിന്റെ നിലനില്പിന്റെ പ്രശ്നമായിരുന്നു. കോൺഗ്രസിനാകട്ടെ കേരളത്തിലെങ്കിലും തിരിച്ചുവന്നാൽ ദേശീയ തലത്തിലെ ശോഷിപ്പിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കുകയും ചെയ്യാമായിരുന്നു.

സി.പി.എം കേരളം നിലനിറുത്തിയെങ്കിലും അതിന് പ്രയോഗിച്ച രീതി ഇന്ത്യയിലെ അതിന്റെ പരമ്പരാഗത ശൈലിയിൽ നിന്നുള്ള വ്യതിചലനമായേ കാണാനാകൂ. റഷ്യയിലും ക്യൂബയിലും ചൈനയിലും വടക്കൻ കൊറിയയിലുമൊക്കെ നേതാക്കൾ പാ‌ർട്ടിയെ മറികടക്കുന്നത് കാണാൻ കഴിയുമെങ്കിലും ഇന്ത്യയിൽ ഡാങ്കെ, എ.കെ.ജി, ഇ.എം.എസ് ,ജ്യോതിബസു തുടങ്ങിയ നേതാക്കളുണ്ടായിരുന്നെങ്കിലും അവരൊന്നും പാർട്ടിക്കതീതരായി നിന്നില്ല. ഒരു ഘട്ടത്തിൽ പരസ്പരം പോരടിച്ചുനിന്ന വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും തങ്ങളുടെ ഘടകത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ വരെ പി.ബിക്ക് കഴിഞ്ഞിരുന്നു. ഇന്ന് പി.ബി വെറും നിഴൽ മാത്രമായി. ജനാധിപത്യ കേന്ദ്രീകരണം, ഉൾപ്പാർട്ടി ജനാധിപത്യം തുടങ്ങിയവയൊക്കെ വാചകക്കസർത്തു മാത്രമായി. പിണറായിയെ ബ്രാൻഡ് ചെയ്യുന്നതിൽ വിജയിച്ചു എന്നതാണ് സി.പി.എമ്മിന്റെ കേരളത്തിലെ വിജയത്തിന്റെ ഒരു ഘടകം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഭരണത്തിന്റെ ഓരോ നീക്കവും നിയന്ത്രിച്ചിരുന്നത് പാർട്ടിയായിരുന്നു. പാർട്ടിയെ നിയന്ത്രിച്ചിരുന്നത് സെക്രട്ടറിയായ പിണറായിയും. അന്ന് മൊത്തത്തിൽ വഴങ്ങിയെങ്കിലും മെയ്യഭ്യാസത്തോടെ പലപ്പോഴും പാർട്ടിയെ വെള്ളം കുടിപ്പിക്കാൻ വി.എസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ഭരണത്തിലും പാർട്ടിയിലും പൂർണനിയന്ത്രണം മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. പാർട്ടി ജനറൽ സെക്രട്ടറിക്ക് പോലും യെസ് മൂളേണ്ടി വരുന്നു. യുവജനവിഭാഗത്തിലും ബാലസംഘത്തിൽ പോലും പിണറായിയുടെ ഭാവവും ശൈലിയും അനുകരിച്ച് പെരുമാറുന്നവർ കൂടി വരുന്നു. പിണറായിയെപ്പോലുള്ള കരുത്തനായ നേതാവ് പാർട്ടിക്ക് അനുപേക്ഷണീയനാണെന്ന് സാധാരണ പ്രവർത്തകർക്ക് പോലും തോന്നാനിടയാവുന്ന സാഹചര്യം സ‌ൃഷ്ടിക്കാൻ കൂടെയുള്ളവർക്ക് കഴിഞ്ഞു. രാമകൃഷ്ണ ഹെഗ്ഡെ, ബിജു പട്നായക് തുടങ്ങിയവർ കർണാടകയിലും ഒഡിഷയിലും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രതിപക്ഷത്ത് നിന്നുള്ള 'സാദ്ധ്യതാ പ്രധാനമന്ത്രി' മാരായി പരിഗണിക്കപ്പെട്ടിരുന്നു. ഇപ്പോൾ മമതയോടൊപ്പം പിണറായിയും ഈ ക്ലബിലേക്ക് വരികയാണ്. ഒരു കാലത്ത് മാദ്ധ്യമങ്ങളൊക്കെ വി.എസിന്റെ കൂടെയായിരുന്നു. വി.എസിനെ ജനപക്ഷത്ത് നിറുത്തിയ മാദ്ധ്യമങ്ങൾ പിണറായിയെ അസഹിഷ്ണുവും ഏകാധിപതിയുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. മാദ്ധ്യമ സിൻഡിക്കേറ്റ് എന്ന പ്രയോഗം വരെ അന്ന് വളരെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് പിണറായി ഒരു വിഗ്രഹമായി മാറപ്പെട്ടിരിക്കുന്നു. അതിനേക്കാൾ ഉപരി വിറ്റഴിക്കാവുന്ന ഒരു ബ്രാൻഡ് ആയി പിണറായി പരിവർത്തനം ചെയ്യപ്പെട്ടു. എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് അധികാരത്തിൽ തിരിച്ചെത്തുക ചില്ലറ കാര്യമല്ല. അതും താൻ പറഞ്ഞ രീതിയിലും വിധത്തിലും ഒരു മാറ്റവും വരുത്താതെ. പിണറായി കൊണ്ടുവന്ന ഈ ബ്രാൻഡഡ് പൊളിറ്റിക്സ് കേരളരാഷ്ട്രീയത്തിൽ അതിന്റെ ചലനങ്ങളുണ്ടാക്കും. അതെ, സി.പി.എം പറയുന്നതുപോലെ നിങ്ങൾക്കദ്ദേഹത്തെ വെറുക്കാം, എതിർക്കാം, എന്നാൽ അവഗണിക്കാനാവില്ല.

( ഡൽഹി കേന്ദ്രീകരിച്ച രാഷ്ട്രീയ നിരീക്ഷകനും മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI, CM PINARAYIVIJAYN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.