SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 PM IST

കെ.പി.സി.സിക്ക് പ്രസിഡന്റിനെ കണ്ടെത്തുമ്പോൾ

kpcc

പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ വി.ഡി.സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം തന്റെ പേരിൽ കോൺഗ്രസിൽ ഒരു ഗ്രൂപ്പുണ്ടാകില്ലെന്നായിരുന്നു. അതടക്കം സതീശൻ പ്രകടമാക്കിയ പല നിലപാടുകളും നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്താൽ നിരാശയിലാണ്ട യു.ഡി.എഫിന്റെ പ്രവർത്തകരിലും അനുഭാവികളിലും ആവേശവും പ്രതീക്ഷയും പകരാനിടയാക്കിയിട്ടുണ്ട്.

പ്രഗത്ഭമതികളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്ള നിയമസഭയിലെ പ്രതിപക്ഷ നിരയിൽ നേതൃസ്ഥാനം ഊർജ്ജസ്വലനായ സതീശന് നൽകിയതിലൂടെ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറെടുക്കുകയാണെന്ന തോന്നൽ രാഷ്ട്രീയവൃത്തങ്ങളിൽ ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും പുതിയ സാരഥ്യം അധികം വൈകാതെ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. ഗ്രൂപ്പുകൾക്കിടയിൽ ഞെരുങ്ങിപ്പോയെങ്കിലും നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രമിച്ച നിലവിലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ ഇതിനോടകം രാജിസന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു.

തുടർഭരണവും 99 സീറ്റും നൽകി ജനങ്ങൾ എൽ.ഡി.എഫിനെ വിജയിപ്പിച്ചതിനുള്ള കാരണം പഠിക്കാൻ ഹൈക്കമാൻഡ് സമിതിയെ നിയോഗിച്ചിട്ടുണ്ട് . അതിന് വലിയ പഠനമൊന്നും ആവശ്യമില്ല. ഗ്രൂപ്പിന്റെ അതിപ്രസരത്തിൽ മുങ്ങിത്താഴുകയായിരുന്നു കേരളത്തിലെ കോൺഗ്രസ് രാഷ്‌ട്രീയം. പദവികളും സ്ഥാനമാനങ്ങളും നേതാക്കൾ തന്നെ സ്വന്തം ഗ്രൂപ്പ് താത്‌പര്യം മാത്രം നോക്കി വീതം വയ്ക്കുകയായിരുന്നു. അത് കോൺഗ്രസിന്റെ ബഹുജനാടിത്തറയെ തന്നെ തകർത്തെന്ന് മനസിലാക്കാൻ പ്രയാസമില്ല. പ്രധാന ചുമതലകൾ നൽകുന്നതിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽത്തന്നെ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു വേണം കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാൻ. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കരുത്തുറ്റ ഭരണപക്ഷമാണ് സംസ്ഥാനം ഭരിക്കുന്നത്. അപ്പോൾ ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ശക്തനായ, കാര്യപ്രാപ്തിയുള്ള നേതാവ് വേണം കെ.പി.സി.സിയുടെ അമരത്തേക്ക് വരേണ്ടത്.

പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമ്പോൾ പ്രധാന പരിഗണന ഗ്രൂപ്പ്, ജാതിമത സമവാക്യങ്ങൾക്കപ്പുറമാകണമെന്ന് , കോൺഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നവർ സ്വാഭാവികമായും ചിന്തിച്ചുപോകും. കഴിവും അർഹതയും ഏത് പ്രതിസന്ധിയേയും സധൈര്യം നേരിടാനുള്ള ശേഷിയും ഏവരേയും സമവായത്തിലൂടെ യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ചാതുര്യവും പുതിയ പ്രസിഡന്റിന് അനിവാര്യമാണ്. അങ്ങനെയുള്ളവരുടെ നല്ലൊരു നിര കോൺഗ്രസിലുണ്ട്. കഴിവുണ്ടായിട്ടും ഡി.സി.സി പ്രസിഡന്റ് പദവിപോലും ലഭിക്കാതെ പോയവരടക്കം അവഗണിക്കപ്പെട്ടവർ. ഇതെല്ലാം പരിഗണിച്ചു വേണം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്.

കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി ഭാരവാഹികളെ നിശ്ചയിക്കുന്ന പതിവ് മുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോൾ അടിയന്തര ശസ്ത്രക്രിയയാണ് ആവശ്യം. അതുകൊണ്ട് വൈകാതെയുള്ള അഴിച്ചുപണിയാണ് അഭികാമ്യം. പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കട്ടെ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് . മഹാരഥൻമാർ പലരും നയിച്ച സംഘടനയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയെ വീണ്ടെടുക്കാൻ, ഏവർക്കും സ്വീകാര്യനായ ഒരു നേതാവിനെയാണ് കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കേണ്ടത്. കോൺഗ്രസ് ദേശീയ നേതൃത്വം അത് ആലോചിക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL1
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.