SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.05 PM IST

മാറ്റത്തിന്റെ കാറ്റിന് കാതോർത്ത്...

dcc

പുതുതലമുറയിലേക്ക് കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാൺ കൈമാറണമെന്ന ചിന്താഗതി കൊല്ലത്തും ശക്തമായിക്കഴിഞ്ഞു. ഗ്രൂപ്പ് മാനേജർമാരായ മുതിർന്ന നേതാക്കളുടെ നിയന്ത്രണത്തിൽ നിന്ന് പാർട്ടിയെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ കോൺഗ്രസ് പാർട്ടിക്ക് ജില്ലയിൽ മേൽവിലാസം പോലുമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇതിനു കാരണം. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സ്ഥാനമൊഴിയാൻ തയാറായിക്കഴിഞ്ഞു. അടുത്തകാലത്ത് കൊല്ലത്ത് കോൺഗ്രസിന് ലഭിച്ച ആത്മാർത്ഥതയും ചുറുചുറുക്കുമുള്ള വനിതാ നേതാവാണ് ബിന്ദുകൃഷ്ണ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിച്ച് തോറ്റെങ്കിലും ജില്ലയിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രകടനം അത്ര മോശമെന്ന് പറയാനാകില്ല. കാൽനൂറ്റാണ്ടിനു ശേഷമാണ് കുണ്ടറയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും കോൺഗ്രസിന് രണ്ട് എം.എൽ.എ മാരുണ്ടായത്. 2016 ലെ തിരഞ്ഞെടുപ്പിൽ 11 സീറ്റും കൈയടക്കിയ എൽ.ഡി.എഫിൽ നിന്ന് രണ്ട് സീറ്റുകൾ പിടിച്ചെടുത്തെന്ന് മാത്രമല്ല, സി.പി.എമ്മിന് ശക്തമായ പ്രഹരമേല്‌‌പിക്കാനും കഴിഞ്ഞു. മത്സരിച്ച മറ്റെല്ലാ മന്ത്രിമാരും ജയിച്ചുകയറിയപ്പോൾ കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കേറ്റ തിരിച്ചടി സി.പി.എമ്മിന് അപ്രതീക്ഷിതമായിരുന്നു. എൽ.ഡി.എഫ് ജയിച്ച മറ്റു സീറ്റുകളിലെല്ലാം ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു. കൊല്ലത്ത് 2016 ൽ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം. മുകേഷിന്റെ ഭൂരിപക്ഷം ഇക്കുറി വെറും 2072 ആയി കുറയ്ക്കാൻ ബിന്ദുകൃഷ്ണയ്ക്കായി. കൊട്ടാരക്കരയിലും ചവറയിലും കുന്നത്തൂരിലും നേരിയ വോട്ടിനാണ് യു.ഡി.എഫിന് സീറ്റ് നഷ്ടമായത്. 2016 ൽ 41000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയിൽ പി.ഐഷാപോറ്റി വിജയിച്ചത്. എന്നാൽ ഇക്കുറി വിജയിച്ച സംസ്ഥാന ധനകാര്യമന്ത്രി കൂടിയായ കെ.എൻ ബാലഗോപാലിന്റെ ഭൂരിപക്ഷം 10814 ആയി കുറഞ്ഞു.

സമീപജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൊല്ലം ജില്ലയിൽ കോൺഗ്രസിന് ആശ്വസിക്കാൻ വകയുണ്ടെന്നതിനാലാകാം ഡി.സി.സി പ്രസിഡന്റിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നോ നേതാക്കളിൽ നിന്നോ കാര്യമായ വിമർശനമൊന്നും ഉയരാതിരുന്നത്. ശക്തമായൊരു രണ്ടാംനിര നേതാക്കളുടെ അഭാവമാണ് കൊല്ലം നേരിടുന്ന ദുര്യോഗം. ഭരണം ഇല്ലാത്തതിനാൽ പ്രവർത്തനത്തിനായി പണമുണ്ടാക്കുക എന്നത് തന്നെയാകും ഏറ്റവും വലിയ വെല്ലുവിളി. ഗ്രൂപ്പ്, ജാതി, സാമുദായിക സമവാക്യങ്ങളെല്ലാം പാലിച്ചുകൊണ്ടാകണം ഡി.സി.സി കളുടെ പുന: സംഘടന. കാലങ്ങളായി കൊല്ലം ഐ ഗ്രൂപ്പിന്റെ കുത്തകയായാണ് അറിയപ്പെടുന്നത്. അതിലുപരി ഈഴവസമുദായത്തിന് പരിഗണന ലഭിക്കുന്ന ജില്ല കൂടിയാണ് കൊല്ലം. കോൺഗ്രസിൽ നിലവിൽ പൊതുവെ അനുഭവപ്പെടുന്ന സാമുദായിക അസന്തുലിതാവസ്ഥയും കൊല്ലത്ത് കീറാമുട്ടിയാകും. ഈഴവ, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള രണ്ടാംനിര നേതാക്കളുടെ അഭാവമാണ് കൊല്ലത്ത് പാർട്ടിയെ ആ വിഭാഗത്തിൽ നിന്ന് അകറ്റിയതെന്ന വികാരം ശക്തമാണ്. മുൻപ് ലീഡർ കെ.കരുണാകരൻ കോൺഗ്രസിന്റെ അജയ്യനായ നേതാവായിരുന്നപ്പോൾ കൃത്യമായി പാലിച്ച സാമുദായിക സന്തുലിതാവസ്ഥയും പരിഗണനയും പിൽക്കാലത്ത് വന്നവർ പാലിക്കാതെ പോയതാണ് കൊല്ലം ജില്ലയിൽ പാർട്ടിക്ക് ദോഷകരമായി ബാധിച്ചതെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. കൊല്ലത്ത് കടവൂർ ശിവദാസനെയും സി.വി പദ്മരാജനെയും ഭാരതീപുരം ശശിയെയും പോലെയുള്ള നേതാക്കളെ മുന്നിൽ നിറുത്തിയത് അന്ന് കരുണാകരന്റെ തന്ത്രമായിരുന്നു. പില്‌ക്കാലത്ത് അത്തരം നേതാക്കളെ വെട്ടിമാറ്റി ഗ്രൂപ്പ് വക്താക്കൾ രാഷ്ട്രീയക്കളി നടത്തിയപ്പോൾ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാർ പാർശ്വവത്‌കരിക്കപ്പെട്ടു. കഴിവുണ്ടായിട്ടും ആ വിഭാഗത്തിൽ നിന്നുള്ളവർ തഴയപ്പെട്ടു. അതാണിന്ന് കൊല്ലത്തെ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. അതേസമയം സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണി സംഘടനാ ബലത്തിലും ചിട്ടയായ പ്രവർത്തനത്തിലൂടെയും എല്ലാ വിഭാഗം ജനങ്ങളെയും കൂടെ നിറുത്തുന്നതിൽ വിജയിക്കുകയും ചെയ്തു.

വിഷ്ണുനാഥോ മഹേഷോ ?

ജില്ലയിൽ നിന്ന് വിജയിച്ച എം.എൽ.എ മാരായ പി.സി വിഷ്ണുനാഥിനെയോ സി.ആർ മഹേഷിനെയോ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. മഹേഷ് ഐ ഗ്രൂപ്പും വിഷ്ണുനാഥ് എ ഗ്രൂപ്പിന്റെ പ്രതിനിധിയുമാണ്. ഇരുവരും നായർ സമുദായക്കാരാണ്. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചപോലെ ഗ്രൂപ്പിന് അതീതമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ഇവരിൽ ആർക്കും നറുക്ക് വീഴാം. ഒരാൾക്ക് ഒരു സ്ഥാനം എന്ന മാനദണ്ഡം നടപ്പായാൽ ഇരുവരും ഒഴിവാക്കപ്പെടാം. എന്നാൽ എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ വയനാട്ടിലും ടി.ജെ വിനോദ് എറണാകുളത്തും പാർലമെന്റംഗമായ വി.കെ ശ്രീകണ്ഠൻ പാലക്കാടും ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്. പുതുതലമുറ നേതാക്കളിൽ പ്രമുഖരായ ജ്യോതികുമാർ ചാമക്കാല, എം.എം നസീർ എന്നിവരും പരിഗണിക്കപ്പെടാം. ഐ ഗ്രൂപ്പുകാരാണ് ഇരുവരും. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സിന്റെ പേരും ഉയരുന്നുണ്ട്. ഈഴവ വിഭാഗത്തെ പരിഗണിച്ചാൽ കെ.പി.സി.സി സെക്രട്ടറി സൂരജ് രവിയ്ക്ക് സാദ്ധ്യത ഏറെയാണ്. ബിന്ദുകൃഷ്ണ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയാൽ ആ സ്ഥാനം നോട്ടമിട്ട് നടക്കുന്ന 65 വയസ്സും 70 ഉം കടന്ന നിരവധി പേരുണ്ട്. തലമുറമാറ്റം ഇക്കൂട്ടർ എത്രത്തോളം ഉൾക്കൊള്ളുമെന്നതും സംശയമാണ്. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ജില്ലയിലേക്കും മാറ്റം എത്തിയാൽ ഏത് രീതിയിലാകും ഇക്കൂട്ടർ ഉൾക്കൊള്ളുക എന്നത് കണ്ടറിയേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.