തിരുവനന്തപുരം: സ്കൂളുകളിൽ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ 70 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് മണക്കാട് ഗവ. ടി.ടി.ഐയിൽ നടക്കും. കൈത്തറി യൂണിഫോം കഴിഞ്ഞ അദ്ധ്യയനവർഷം അവസാനം വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ഈ വർഷം സ്കൂൾ തുറക്കുമ്പോൾ യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസായി 600 രൂപ നൽകും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം മണക്കാട് ഗവ.സ്കൂളിൽ നടക്കും.
അദ്ധ്യാപക നിയമനം വേഗത്തിലാക്കും
സംസ്ഥാനത്ത് അദ്ധ്യാപക നിയമനം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പി.എസ്.സിയിൽ നിന്ന് അഡ്വൈസ് ലഭിച്ചിട്ടുള്ള 2,513 അദ്ധ്യാപകരുണ്ട്. അപ്പോയിൻമെന്റ് ഓർഡർ ലഭിച്ചിട്ടും സ്കൂൾ ഔദ്യോഗികമായി തുറക്കാത്തതിനാൽ ജോയിൻ ചെയ്യാൻ ഇവർക്ക് സാധിച്ചിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ലാബ് അസിസ്റ്റന്റ് അടക്കം 3,300 പേരാണ് നിയമനം കാത്തിരിക്കുന്നത്. സർക്കാർ തലത്തിലേ അന്തിമ തീരുമാനമെടുക്കാനാകൂ. സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ് നടക്കണമെങ്കിൽ അദ്ധ്യാപകരുടെ പങ്കാളിത്തവും ആവശ്യമാണ്.
അദ്ധ്യാപകരുടെ വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പഠനോപകരണങ്ങൾ ലഭ്യമാക്കും:
മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: ജൂണിൽ ഓൺലൈൻ അദ്ധ്യയനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കോ-ഓപറേറ്റീവ് രജിസ്ട്രാർക്കും കൺസ്യൂമർഫെഡ് എം.ഡിക്കും മന്ത്രി നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹകരണ സംഘങ്ങൾ മുഖേനയും പ്രാഥമിക സഹകരണ സംഘങ്ങളിലെ മുറ്റത്തെ മുല്ല പദ്ധതിയിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയും പഠനോപകരണ വിതരണം ഉറപ്പാക്കുമെന്ന് മന്ത്രി വാസവൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |