SignIn
Kerala Kaumudi Online
Thursday, 25 April 2024 10.08 PM IST

വീട്ടിൽ ലോക്കായപ്പോൾ കള്ളനോട്ടടി,​ നാട്ടിലിറക്കിയപ്പോൾ ലോക്കപ്പിലായി

ffff

കൊല്ലം : ലോക്ക് ഡൗണിൽ ജോലിയില്ലാതെ വീടുകളിൽ കുടുങ്ങിയപ്പോൾ പത്തുകാശുണ്ടാക്കാനുള്ള ആലോചനയാണ് കുന്നിക്കോട് പിടിയിലായ സംഘത്തെ കള്ളനോട്ട് അച്ചടിയിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം പിടിയിലായ സംഘത്തിലെ പ്രധാന പ്രതി തൃശൂർ കുറ്റേക്കര ഏഴാംകല്ല് ആണ്ടിപ്പറമ്പ് വലിയപുരയ്ക്കൽ അഭിലാഷിനെ (41) ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ടടിക്ക് പിന്നിലെ ആസൂത്രണവും പങ്കാളിത്തവും വ്യക്തമായത്. അമ്പതിനായിരം രൂപയുടെ കള്ളനോട്ട് വിതരണം ചെയ്യാൻ കുന്നിക്കോടെത്തിയ മൂന്നുപേരുൾപ്പെടെ അഞ്ചുപേ‌‌ർ അറസ്റ്റിലായ സംഭവത്തിൽ ​ഇനിയും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

തൃശൂർ കുന്നംകുളത്തെ സ്വകാര്യ പ്രസിൽ പ്രിന്റിംഗ് ജീവനക്കാരനായ അഭിലാഷാണ് സംഘത്തിന്റെ ബുദ്ധി കേന്ദ്രം. തിരുവനന്തപുരം കാട്ടാക്കട മേലേകോണം സാജൻനിവാസിൽ ഹേമന്ത് (34)​,​ നെല്ലിവിള തെഴുക്കൽ അനുരാഗ് വീട്ടിൽ ജോൺ ക്ളിൻസ്റ്റൺ(31)​,​ കൊട്ടാരക്കര വാളകം വയയ്ക്കൽ വഞ്ചിമുക്ക് കാ‌ർത്തിക ഭവനിൽ മോഹനൻ പിള്ള (74)​,​ പ്രസ് ഉടമയായ നെയ്യാറ്റിൻകര പെരുങ്കടവിള വിപിൻ നിവാസിൽ സൈമൺ(60)​ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ പരിചയക്കാരായിരുന്ന അഭിലാഷും സൈമണുമാണ് ലോക്ക് ഡൗണിൽ തൊഴിലില്ലാതെ വീട്ടിലിരിക്കുമ്പോൾ കള്ളനോട്ട് അച്ചടിയെപ്പറ്റി ആദ്യം ആലോചിച്ചത്. ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നാത്ത വിധത്തിലും പിടിക്കപ്പെടാത്ത രീതിയിലും വേണം കള്ളനോട്ട് നിർമ്മാണമെന്ന് തീരുമാനിച്ച അവർ കൂടിയാലോചിച്ച് ഇതിനാവശ്യമായ പേപ്പറുകളും മഷിയും മറ്റ് സാധനങ്ങളും വാങ്ങാനായി ശിവകാശിയിലെത്തി.

പേപ്പറുകളും മഷിയും ശിവകാശിയിൽ നിന്ന്

പ്രിന്റിംഗിന്റെ തലസ്ഥാനമായ ശിവകാശിയിൽ നിന്നാണ് ഗുണനിലവാരമുള്ള പേപ്പറുകളും മഷിയും പശയും മറ്റും വാങ്ങിയത്. പുതിയ കമ്പ്യൂട്ടർ,​ പ്രിന്റർ എന്നിവയും സ്വന്തമാക്കി. സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടി ഏതാനും സാമ്പിളുകൾ പ്രിന്റ് ചെയ്ത് പിടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയശേഷമാണ് വിതരണത്തിനുള്ള സംവിധാനങ്ങളെപ്പറ്റി ഇരുവരും ആലോചിച്ചത്. സ്വന്തം വീടുകളിൽ നോട്ട് പ്രിന്റ് ചെയ്യുന്നത് സേഫ് അല്ലെന്ന് മനസിലാക്കിയ ഇരുവരും വാടകയ്ക്ക് വീടെടുക്കാമെന്ന് തീരുമാനമായി. ഓൺ ലൈൻ മാർക്കറ്റിംഗ് ഏജൻസിയെന്ന വ്യാജേന വെള്ളായണിയിൽ വീട് വാടകയ്ക്കെടുത്താണ് കള്ളനോട്ട് നിർമ്മാണം ഇവ‍ർ വൻതോതിൽ ആരംഭിച്ചത്. നോട്ടുകൾ മാറിയെടുക്കാൻ വിശ്വസ്തരായ ചിലർ കൂടി സംഘത്തിൽ വേണമെന്ന് മനസിലാക്കിയാണ് കേസിലെ മറ്റ് പ്രതികളുമായി ഇവർ ബന്ധപ്പെടുന്നത്. വൻതുക കമ്മിഷൻ ഓഫർ ചെയ്തതോടെ ഹേമന്തും ജോണും സൈമണുമെല്ലാം കൂട്ടാളികളായി.

മുമ്പ് കള്ളനോട്ട് കേസിൽ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് വയയ്ക്കൽ സ്വദേശി മോഹനൻ പിള്ള. സൈമണിന്റെ പരിചയത്തിലാണ് മോഹനൻപിള്ളയെകൂടി സംഘത്തിൽ കൂട്ടിയത്. ഇടപാടുകാരെ കണ്ടെത്താനും കള്ളനോട്ടിന്റെ ക്രയവിക്രയത്തിൽ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾക്കും മോഹനൻപിള്ളയുടെ പരിചയം സഹായമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ഇരുപതിനായിരം രൂപയുടെ ഒറിജിനൽ കറൻസിക്ക് പകരം അമ്പതിനായിരം രൂപയുടെ കള്ളനോട്ട് എന്ന വ്യവസ്ഥയിലായിരുന്നുവിതരണം. പ്രിന്റിംഗ് വിദഗ്ദനായ അഭിലാഷാണ് നോട്ടുകൾ അച്ചടിച്ചത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നൂറിന്റേതുമായി കാൽകോടിയോളം രൂപയുടെ കള്ളനോട്ടുകൾ തയ്യാറാക്കിയ സംഘം ബിവറേജസ്,​ മാർജിൻ ഫ്രീഷോപ്പ്,​ പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ നോട്ടുകൾ നൽകി പിടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയതോടെ ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമമായി.

വ്യാജന്റെ വിതരണത്തിന്

തുണിക്കച്ചവടത്തിന്റെ മറ

അഭിലാഷിന്റെ പരിചയത്തിലുള്ള മംഗലപുരം ചിക്കമംഗ്ളൂർ സ്വദേശികൾക്ക് പത്ത് ലക്ഷംരൂപയുടെ നോട്ട് പകുതി വിലയ്ക്ക് നൽകി. പണം കൈപ്പറ്റി ചിക്കമംഗളുരുവിലേക്ക് പോയ സംഘം അവിടെ നോട്ട് കൈമാറുന്നതിനിടെ പിടിക്കപ്പെട്ടു. ഇക്കാര്യം അഭിലാഷും കൂട്ടരും അറിഞ്ഞു. അന്വേഷണം തങ്ങൾക്ക് നേരെ വരും മുമ്പേ അച്ചടിച്ച നോട്ടുകൾ കൈമാറി തലയൂരാനായി ഇവരുടെ ശ്രമം. ഇതിനായി കൊല്ലം ,​ തിരുവനന്തപുരം ജില്ലകളിൽ വ്യാപകമായി കള്ളനോട്ട് ഇടപാട് നടത്തിവരുന്നതിനിടെയാണ്

കുന്നിക്കോട് കള്ളനോട്ട് കേസിൽ ഈമാസം ആദ്യം ഇവർ പിടിക്കപ്പെട്ടത്. അരലക്ഷം രൂപയുടെ കള്ളനോട്ടും കാറും സഹിതം പിടിയിലായ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചത്. പുനലൂരും കുന്നിക്കോട്ടും തുണിക്കച്ചവടത്തിന്റെ മറവിൽ വ്യാജ നോട്ടുകൾ ചെലവഴിക്കാനുള്ള ശ്രമത്തിലായിരുന്നു‌ ഇവർ. ലോക്കൽ പൊലീസിൽ നിന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാറും സംഘവും ഏറ്റെടുത്തതോടെയാണ് കൂടുതൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ചിക്കമംഗളൂ‌രിലേക്കും വടക്കൻ കേരളത്തിലേക്കും കള്ളനോട്ട് വാങ്ങിപ്പോയ ചിലരെ കൂടി ഇനിയും പിടികൂടാനുള്ളതായി ക്രൈംബ്രാഞ്ച്‌ വെളിപ്പെടുത്തി. പ്രതികളായ അഭിലാഷ്,​ സൈമൺ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ശിവകാശിയിലും മറ്റും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.