SignIn
Kerala Kaumudi Online
Thursday, 25 April 2024 4.55 AM IST

ചെകുത്താൻ വേദമോതുന്നു

whatsapp

സാമൂഹ്യമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് പാർലമെന്റ് പുതിയ ഐ.ടി നിയമം പാസാക്കിയത്. പതിനൊന്നാം മണിക്കൂറിൽ ഇതിനെതിരെ വാട്സ് ആപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നതാണ് അവരുടെ പ്രധാന വാദം. അതിനാൽ ഇത് മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നുമാണ് വാട്സ് ആപ്പിന്റെ ആവശ്യം. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങൾ കോടതിയെ സമീപിച്ചിട്ടില്ല. അതിന്റെ അർത്ഥം നാട്ടിലെ നിയമവ്യവസ്ഥ അംഗീകരിച്ച് പ്രവർത്തിക്കാമെന്നാണ്.

എൻ ടു എൻഡ് എൻക്രിപ്‌ഷൻ എന്ന സാങ്കേതിക കാര്യം ചൂണ്ടിക്കാട്ടിയാണ് വാട്‌സ് ആപ് ഇതിനെ എതിർക്കുന്നത്.

ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നതിന് ദീർഘകാലം സെർവറിൽ ശേഖരിച്ച് വയ്ക്കേണ്ടിവരുമെന്നും ഇത് അപ്രായോഗികമാണെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഒരാൾ മറ്റൊരാൾക്ക് അയയ്ക്കുന്ന സന്ദേശം സർക്കാർ ആവശ്യപ്പെടുമ്പോൾ നൽകുന്നത് സ്വകാര്യതാ ലംഘനമാകുമെന്നും സന്ദേശം നിരീക്ഷിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും കെ.എസ്. പുട്ടസ്വാമി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നുമാണ് വാട്സ‌് ആപ് ഹർജിയിൽ പറയുന്നത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് രാജ്യതാത്‌പര്യം മുൻനിറുത്തിയാണെന്നും അത് സ്വകാര്യതാ ലംഘനത്തിന്റെയോ ആവിഷ്കാര സ്വാതന്ത്ര്യ ലംഘനത്തിന്റെയോ പരിധിയിൽ വരില്ലെന്നുമാണ് കേന്ദ്ര സർക്കാർ ബോധിപ്പിച്ചത്.

ആവിഷ്കാര സ്വാതന്ത്ര്യ‌ത്തിന്റെ പേരിൽ എന്തും പറയാനും പ്രചരിപ്പിക്കാനും ഭരണഘടന പോലും ഇന്ത്യയിലെ പൗരന് സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിക്കുകയോ ലഘുലേഖ അച്ചടിച്ച് ഇറക്കുകയോ ചെയ്താൽ നിയമ നടപടി നേരിടണം. സോഷ്യൽ മീഡിയ ഒക്കെ ജനിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ദീർഘദർശികളായ ഭരണഘടനാ ശില്പികൾ ഇതൊക്കെ എഴുതിവച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വാൾപോസ്റ്റുകളിലെ പ്രതികരണങ്ങളിൽ യാതൊരു ഉളുപ്പുമില്ലാതെ തെറി എഴുതാൻ ചിലർക്കൊന്നും ഒരു മടിയുമില്ല. ഇതിനെയൊക്കെ ഏത് അളവുകോലിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് വിളിക്കാൻ കഴിയുന്നത്. നമ്മുടെ സാമൂഹ്യരംഗത്തെ കൂടുതൽ മലീമസമാക്കാനേ ഇതൊക്കെ ഉപകരിച്ചിട്ടുള്ളൂ. എന്തും ഏതും വീഡിയോയുടെയും ഓഡിയോയുടെയും അകമ്പടിയോടെ കൃത്രിമമായി നിർമ്മിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പ് നടത്തി പണമുണ്ടാക്കാനും പലരും സോഷ്യൽ മീഡിയ ഉപയോഗിച്ചുവരികയും ചെയ്യുന്നു. ഇത് തടയാൻ ചില നിയമങ്ങൾ ഉത്തരവാദപ്പെട്ട ഭരണകൂടം കൊണ്ടുവരേണ്ടത് തന്നെയാണ്. അതിനെയാണ് ഇ 2 ഇ എന്ന സാങ്കേതികതയുടെ തടസം പറഞ്ഞ് വാട്സ് ആപ് എതിർക്കുന്നത്. ഇത് സ്വകാര്യതാ ലംഘനമാകുമെന്ന് വാദിക്കുന്ന വാട്സ് ആപ് തന്നെ അവർക്ക് ലഭിക്കുന്ന നമ്മുടെ ഇ- മെയിലും ഫോൺ നമ്പരും വിലാസവും ഉൾപ്പെടെയുള്ള വ്യക്തിഗത ഡേറ്റകൾ അവരുടെ മാതൃ കമ്പനിക്ക് നൽകുന്നുണ്ട്. ഇത് സ്വകാര്യതാ ലംഘനമല്ലേ? നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ അങ്ങനെ മറ്റ് പലർക്കും കൊടുക്കുമെന്നും അത് സമ്മതിക്കാത്തവരുടെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്നും അടുത്തിടെ അവർ ഒരു വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഭൂരിപക്ഷം പേരും അത് അനുസരിച്ചില്ല. 40 കോടി ഉപഭോക്താക്കളാണ് വാട്സ് ആപ്പിന് ഇന്ത്യയിൽ ഉള്ളത്. അത്രയും പേരുടെ ഡേറ്റ മറിച്ചുവിറ്റ് അത്രയും പേരുടെയും സ്വകാര്യത ലംഘിക്കുന്നവരാണ് ഇപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതാ ലംഘനത്തിന്റെയും പേരും പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നത് . പഴയ ആളുകൾ ചെകുത്താൻ വേദമോതുന്നു എന്ന് പറയാറുള്ളത് ഇത്തരം സന്ദർഭങ്ങളിലാണ്. ഏതു രാജ്യത്തിന്റെയും പരമാധികാരവും നിയമങ്ങളും അവിടെ എത്തുന്ന ഏതൊരു വിദേശിയും വിദേശ കമ്പനികളും അനുസരിക്കണം. സൗദി അറേബ്യയിലെ നിയമം അനുസരിക്കാതെ ആർക്ക് അവിടെ പ്രവർത്തിക്കാനാകും. വാട്സ് ആപ് ഇതൊക്കെ പറയുന്നത് രാജ്യത്തെ നന്നാക്കാനല്ലെന്നും കച്ചവടം നന്നാക്കാനുമാണെന്ന് മനസിലാക്കാൻ ചെറിയ ബുദ്ധി മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WHATSAAP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.