കണ്ണുകൾക്ക് ഇമ്പമേകി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
മുണ്ടക്കയം : കാഴ്ചക്കാരില്ലെങ്കിലും അതിസുന്ദരിയാണിപ്പോൾ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം. കൊവിഡ് നിയന്ത്രണം മൂലം സഞ്ചാരികൾ എത്താത്തതിനാൽ ഈ മേഖല വിജനമായി കിടക്കുകയാണ്. എന്നിട്ടും കണ്ണുകളിലേക്ക് ഒരു കള്ളിച്ചിരിയെറിഞ്ഞ് തൂവെള്ള മുടിയിഴികൾ ഇരുവശങ്ങളിലേക്കും ആട്ടി അവൾ തലഉയർത്തി നിൽക്കുകയാണ് ഈ കൊവിഡ് കാലം ഒന്ന് കഴിഞ്ഞോട്ടെയെന്ന ആശ്വാസത്തിൽ. കുട്ടിക്കാനം മലനിരകളിലൂടെ ഒഴുകിയെത്തുന്ന തണുത്ത അണിഞ്ഞ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും ദൃശ്യങ്ങൾ പകർത്താനും നിരവധി സഞ്ചാരികളാണ് മുൻവർഷങ്ങളിൽ ഇവിടെയെത്താറുള്ളത്. ഇത്തവണ വേനൽമഴ ശക്തിയായതോടെ വെള്ളച്ചാട്ടം കൂടുതൽ ശക്തമായി. സഞ്ചാരികളെ പ്രതീക്ഷിച്ച് തുറന്നിരുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ശബരിമല, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകരും മൂന്നാർ, തേക്കടി, വാഗമൺ, പരുന്തുംപാറ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടേയും പ്രധാന ഇടത്താവളമായിരുന്നു വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഇളവുകൾ വരുന്നതോടെ വരുംദിവസങ്ങളിൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |