SignIn
Kerala Kaumudi Online
Friday, 19 April 2024 11.56 AM IST

പോരാട്ടവഴിയിൽ തളരാതെ മോദി

narendra-modi

പോരാട്ടം എത്ര കടുപ്പമേറിയതാകുന്നുവോ വിജയം അത്രയും തിളക്കമേറിയതാകും. കൊവിഡ് മഹാമാരിക്കെതിരായ കഠിനപോരാട്ടത്തിൽ ഇന്ത്യയെ തിളക്കമേറിയ വിജയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്നത് എന്നതിൽ ജനങ്ങൾക്ക് സംശയമില്ല. രണ്ടാം നരേന്ദ്രമോദി സർക്കാർ രണ്ടാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ജനവിശ്വാസം ഇരട്ടിയാകുന്നു. ഉത്തരവാദിത്തത്തിന്റെ ഭാരങ്ങളില്ലാതെ മാറിനിന്ന് വിമർശിക്കുന്നവർ എന്തെല്ലാം പ്രചാരണങ്ങൾ അഴിച്ചുവിട്ടാലും രാജ്യത്തെ ജനങ്ങൾ മുഖവിലയ്‌ക്കെടുക്കില്ല. രാഷ്ട്രീയ മര്യാദയുടെ സകലസീമയും ലംഘിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി തനിക്കെതിരെ അണിനിരന്നപ്പോളും മനസാന്നിധ്യം കൈവിടാതെ മഹാമാരിക്കെതിരായ പോരാട്ടം നയിക്കുകയാണ് പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ നയങ്ങളെ മാത്രമല്ല, മനുഷ്യനെന്ന നിലയിലുള്ള വികാരങ്ങളെപ്പോലും പൊതുസമൂഹത്തിൽ അധിക്ഷേപിക്കുന്ന നീചമായ രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ നടത്തുന്നത് .
മഹാമാരി രാജ്യത്തെ വരിഞ്ഞുമുറുക്കിയിട്ട് ഒന്നര വർഷമാകുമ്പോഴും 138 കോടി ജനങ്ങളിൽ ഒരാളും പട്ടിണിമൂലം മരിച്ചില്ല. ലോക്ഡൗണിന് തൊട്ടുപിന്നാലെ നടപ്പാക്കിയ പ്രധാന‌മന്ത്രി ഗരീബ് കല്യാൺ യോജനയാണ് പട്ടിണി പഴങ്കഥയാക്കിയത്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ അരിയും ഗോതമ്പും പയറുവർഗങ്ങളുമെത്തിച്ചു നല്കിയ പി.എം.ജി.കെ.വൈ ഇന്ത്യൻ ഭരണചരിത്രത്തിലെ തിളങ്ങുന്ന ഏടാണെന്നതിൽ സംശയമില്ല. കൊവിഡ് രണ്ടാംതരംഗ കാലത്തും ഗരീബ് കല്യാൺ യോജനയ്‌ക്ക് കീഴിൽ പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തുവരികയാണ്. 26,000 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഈ മാസം കേരളത്തിന് കൈമാറിയത്.

രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളർത്താൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് ( സ്വാശ്രയ ഇന്ത്യ) പാക്കേജ് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഭരണനൈപുണ്യത്തിന്റെ തെളിവാണ്. സ്വാശ്രയത്വത്തിലൂടെ ഇന്ത്യ കൊവിഡിനെ മറികടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും പകർന്നു നല്കിയ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന രാജ്യത്ത് എല്ലാ മേഖലകളെയും ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചത്. ജി.ഡി.പി.യുടെ 13 ശതമാനം നീക്കിവച്ച പദ്ധതി കർഷകർ, തൊഴിലാളികൾ, ചെറുകിട സംരഭകർ എന്നിങ്ങനെ വിവിധ മേഖലകൾക്ക് ഉണർവും സ്വാശ്രയത്വബോധവും പകർന്നുനല്‌കി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച അഞ്ച് ആത്മനിർഭർ പാക്കേജുകൾ അഞ്ച് മിനി ബജറ്റുകൾ തന്നെയായിരുന്നു. കൊവിഡിൽ കിതച്ച ഇന്ത്യൻ സമ്പദ് ‌വ്യവസ്ഥയ്ക്കുള്ള പ്രതിരോധ കുത്തിവയ്‌പായിരുന്നു ആത്മനിർഭർ പാക്കേജുകൾ.
ആരോഗ്യമേഖലയ്ക്ക് ഉന്നൽ നല്‌കിക്കൊണ്ടാണ് ഈ വർഷത്തെ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്‌‌കരിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിന് പുറമെ ആറുവർഷത്തിനകം ആരോഗ്യരംഗത്തെ മൂന്ന് തലങ്ങളിൽ മെച്ചപ്പെടുത്താനുള്ള പ്രത്യേകപദ്ധതിയും മഹാമാരിയുടെ പശ്ചാത്തലത്തിൽ തയാറായിക്കഴിഞ്ഞു. 64,180 കോടി രൂപയാണ് ഇതിനായി ചെലവിടുക. കൊവിഡ് വാക്‌സിൻ വിതരണത്തിനായി 35,000 കോടിയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും നരേന്ദ്രമോദി സർക്കാർ നീക്കിവച്ചത്.
45 വയസിന് മുകളിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കും സൗജന്യവാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞത് രണ്ടാം മോദി സർക്കാരിന്റെ തിളക്കമാർന്ന നേട്ടങ്ങളിലൊന്നാണ്. ഒറ്റവർഷം കൊണ്ട് രണ്ട് വാക്‌സിനുകൾ വികസിപ്പിക്കാൻ കഴിഞ്ഞതും അതിലൊന്ന് തദ്ദേശീയ വാക്‌സിനായതും ചെറിയ കാര്യമല്ല. പ്രാണവായുവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തുന്ന ഓക്‌സിജൻ എക്‌സ്‌പ്രസുകൾ രണ്ടാം മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണ്. കൊവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഏപ്രിൽ മാസത്തിൽ തന്നെ തീരുമാനിച്ചത് പൗരന്മാരോടുള്ള കേന്ദ്രത്തിന്റെ കരുതലിന്റെ നേർച്ചിത്രമാണ്.

കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് ആത്മനിർഭർ പാക്കേജ് ലക്ഷ്യമിടുന്നത്. പിഎം കിസാൻ സമ്മാൻ നിധിയിലൂടെ കൃത്യമായിത്തന്നെ കർഷകരുടെ അക്കൗണ്ടിൽ പണമെത്തി. ലോക്ഡൗണിൽ വിളവെടുപ്പും വില്‌പനയും സാദ്ധ്യമാകാതെ പകച്ചുപോയ കർഷകർക്ക് ഈ പണം നല്കിയ ആശ്വാസം വലുതായിരുന്നു.1.50 ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഗാന്ധിജിയുടെ സ്വപ്നമായ സ്വയംപര്യാപ്ത ഗ്രാമം എന്നതിലേക്കാണ് വലിയ വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി നമ്മെ നയിക്കുന്നത്. കേവല രാഷ്ട്രീയ താത്‌പര്യങ്ങൾ മുൻനിറുത്തി കർഷക സഹോദരങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ചിലർ നടത്തിയ പരിശ്രമങ്ങൾ പാളിപ്പോയതിന് കാരണവും സർക്കാരിന്റെ പദ്ധതികളാണ്.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയ അഞ്ചാം ആത്മനിർഭർ ഭാരത് പാക്കേജിന് പൊതുവെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൊഴിൽ, പണലഭ്യത തുടങ്ങിയവയ്‌ക്ക് ഊന്നൽ നല്‌കാൻ ശ്രമിച്ചു. 300 കോടി അധിക തൊഴിൽദിനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000കോടിയാണ് മാറ്റിവച്ചത്. വനിതാ സ്വാശ്രയസംഘങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഈടില്ലാത്ത വായ്‌പ കുടുംബശ്രീ പോലെ നിരവധി വനിതാ സ്വാശ്രയസംഘങ്ങൾക്ക് കരുത്തേകി.

കൊവിഡ് മഹാമാരിയുടെ കാലത്തെ ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷന് നേതൃത്വം നല്കാൻ വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞത് അഭിമാനകരമായി കരുതുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ 67 ലക്ഷം ആളുകളെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്ക് പുറമെ കപ്പൽ മാർഗവും മലയാളികളടക്കമുള്ള പ്രവാസികളെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ നമുക്കായി. വീട്ടുജോലിക്ക് പോയി ഇറാനിലെ കിഷ് ഐലൻഡിൽ കുടുങ്ങിയ കോഴിക്കോടുകാരി വൽസലയെ രക്ഷപ്പെടുത്തിയത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. വൽസലയെപ്പോലെ കണ്ണീരോടെ വിളിച്ച നിരവധി സഹോദരങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വിദേശകാര്യ വ്യോമയാന മന്ത്രാലയങ്ങളുടെ സംയുക്ത ഇടപെടലിനായി.

കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്തുക എന്ന ദൗത്യത്തിൽ ഇപ്പോൾത്തന്നെ പകുതി വിജയം കൈവരിക്കാൻ രണ്ടാം നരേന്ദ്രമോദി സർക്കാരിനായി. ഈ വർഷം അവസാനത്തോടെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാവും. പിന്നീട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പതിന്മടങ്ങ് കരുത്തുറ്റതാക്കാനുള്ള പരിശ്രമങ്ങളിലേക്ക് ഈ സർക്കാർ കടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRA MODI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.