SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 PM IST

സ്വാഗതാർഹമായ നയപ്രഖ്യാപനം

kk

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകിയത് ശുഭോദർക്കമാണ്. ലോക്ക് ഡൗണിലും മഴയിലും കാറ്റിലും നട്ടം തിരിഞ്ഞുനിൽക്കുന്ന കർഷകനെയാണ് ഈ സന്ദർഭത്തിൽ ഏറ്റവും അധികം സഹായിക്കേണ്ടത്. കാരണം അത്രമാത്രം തകർന്നുകിടക്കുകയാണ് കാർഷിക മേഖല. പലർക്കും വിളവെടുക്കാനാവുന്നില്ല. എടുത്ത വിളക്കാകട്ടെ വിപണിയുമില്ല വിലയുമില്ല. ക്ഷീരകർഷകൻ പാൽ നിലത്തൊഴിച്ച് കളയുന്നു. കപ്പയും പഴങ്ങളുമൊക്കെ വിൽക്കാനാവാതെ വെറുതെ നൽകാമെന്ന് കർഷകർക്ക് ബോർഡ് വയ്ക്കേണ്ടിവന്നിരിക്കുന്നു. കൊവിഡ് ഭീഷണി ഒഴിയുന്നതുവരെ കർഷകർക്ക് പിടിച്ചുനിൽക്കാൻ സർക്കാർ സഹായമില്ലാതെ കഴിയില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് അഞ്ച് വർഷം കൊണ്ട് കർഷക വരുമാനം 50 ശതമാനം ഉയർത്തുമെന്ന പ്രധാന പ്രഖ്യാപനം ഉണ്ടായത്. കർഷകരുടെ വരുമാനം ഉയർത്താനായി കാർഷികോത്‌പന്നങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനയും നടത്തുമെന്നും ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളും അഗ്രോ പാർക്കുകളും സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നത് അതേപടി നടപ്പാവുക തന്നെ വേണം.

സ്വയംപര്യാപ്തത ഉറപ്പാക്കാൻ നഗര കൃഷിയുടെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും പറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു വീടിന് വേണ്ട പച്ചക്കറികൾ നടാനുള്ള സ്ഥലമുള്ളവർ നഗരവാസികളിൽ കുറവാണ്. ടെറസിൽ കൃഷ് ചെയ്താലും ഒരു വീടിന് വേണ്ട എല്ലാ പച്ചക്കറികളും ഉത്പാദിപ്പിക്കാനാവില്ല. അതേസമയം പത്തോ പതിനഞ്ചോ വീടുകൾ ചേർന്നുള്ള കൂട്ടായ്മ ഉണ്ടാകുകയും പരസ്പരം പങ്കുവയ്ക്കുന്ന രീതിയിലുള്ള ധാരണ ഉണ്ടാവുകയും ചെയ്താൽ ഇത് പരിഹരിക്കാം. അത്തരം സംഘങ്ങൾക്ക് വിത്തുകളും മറ്റും നൽകി കൃഷിവകുപ്പ് സഹായിക്കുകയും കൃഷി ഓഫീസർമാർ ഉപദേശങ്ങൾ നൽകുകയും വേണം. വിഷം കലരാത്ത പച്ചക്കറികൾ ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റം കൊണ്ടുവരും.

64,000 കോടിയുടെ തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് സിൽവർ ലൈൻ റെയിൽ പദ്ധതി പൂർത്തിയാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കേരളം വളരെ ചെറിയ ഒരു സംസ്ഥാനമായതിനാൽ ഈ റെയിൽ പദ്ധതി നടപ്പായാൽ ഉണ്ടാകാവുന്ന മാറ്റം വളരെ വലുതായിരിക്കും. കേരളത്തിന്റെ തെക്കു മുതൽ വടക്ക് വരെ സഞ്ചരിക്കാൻ നാല് മണിക്കൂർ മതി എന്നത് സാമൂഹ്യരംഗങ്ങളിലും ടൂറിസം രംഗങ്ങളിലും അത്ഭുതകരമായ മാറ്റങ്ങൾക്കും വികസന പുരോഗതിക്കും ഉതകുന്നതായിരിക്കും.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. സാമ്പത്തിക രംഗം ഇപ്പോൾ മരവിച്ചുകിടക്കുകയാണ്. കൊവിഡ് ഭീഷണി കുറച്ചെങ്കിലും ഒഴിയാതെ അത് ഉണർവിലേക്ക് ഉയരാൻ സാദ്ധ്യതയില്ല. അതോടൊപ്പം സർക്കാർ മാത്രം വിചാരിച്ചാൽ പരിമിതമായ തൊഴിലവസരങ്ങളേ സൃഷ്ടിക്കാനാവൂ. സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനം നൽകിയാൽ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകൂ. സ്വകാര്യ മേഖലയെ നിരന്തരം ആക്ഷേപിക്കുന്ന പ്രചാരണങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പിന്തിരിയാൻ നേതാക്കളും ശ്രദ്ധിക്കണം. മാറിയ കാലമാണിത്. അതിനാൽ മാറിയ സമീപനവും വളർച്ചയ്ക്കും പുരോഗതിക്കും ആവശ്യമാണെന്ന് ഭരണകർത്താക്കൾ മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.