മുൻ എം.പി അഡ്വ. ദേവകി ഗോപിദാസ് 54-ാം വയസിൽ വിമാനാപകടത്തിൽ മൃതിയടഞ്ഞിട്ട് ഇന്ന് 48 വർഷം. എം.എൽ.എ (1948 - 54) എം.പി (1962-68), ക്യാബിനറ്റ് റാങ്കിൽ ഭാഷാ ന്യൂനപക്ഷ കമ്മിഷണർ, യു.എൻ പ്രതിനിധി സംഘം ലീഡർ കെ.പി.സി.സി, എ.ഐ.സി.സി അംഗം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, കൗൺസിലർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം (1948-51) തുടങ്ങിയ നിലകളിൽ ആത്മാർത്ഥതയും അർപ്പണബോധവും അനിതര സാധാരണമായ കഴിവും കൊണ്ട് തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അവർ.
1973 മേയ് 31ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് 737 ബോയിംഗ് വിമാനം രാത്രി 10 ന് പാലം വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെ ആകാശമദ്ധ്യത്തിൽ വച്ച് തീപിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. അന്ന് ആകാശത്തിൽ അസ്തമിച്ചത് പാവങ്ങളുടെ ഒരമ്മ കൂടിയായിരുന്നു.
കേന്ദ്ര ഉരുക്ക്- ഖനി വകുപ്പുമന്ത്രി മോഹൻ കുമാരമംഗലം, കസ്റ്റംസ് കളക്ടർ കൗസല്യ നാരായണൻ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ഗുർണാംസിംഗ് എന്നിവരുൾപ്പെടെ 48 പേർ ഇൗ അപകടത്തിൽ മരിച്ചു. സി. കേശവൻ മുഖ്യമന്ത്രിയായിരിക്കെ കോട്ടയത്ത് നിന്നുള്ള എം.എൽ.എ, പണ്ഡിറ്റ് നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെ മന്ത്രിസഭയിൽ എം.പി, ആർ. ശങ്കർ യോഗം ജനറൽ സെക്രട്ടറിയായിരിക്കെ എസ്.എൻ.ഡി.പി യോഗം ഡയറക്ടറും കൗൺസിലറും ... അങ്ങനെ ഉജ്വലമായ ഏടുകൾ രചിക്കപ്പെട്ട കർമ്മരംഗം.
1918 ഡിസംബർ നാലിന് കോട്ടയം കള്ളിക്കാട്ട് പറമ്പിൽ, കാരാപ്പുഴ അരങ്ങശേരി കുടുംബത്തിൽ പ്രമുഖ കർഷകനായിരുന്ന നാരായണ പണിക്കരുടെയും നാരായണി അമ്മയുടെയും മകളായി ജനനം. കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ്, വിമൻസ് കോളേജുകളിലായി ബിരുദ വിദ്യാഭ്യാസം, കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം. 1947 മുതൽ കോട്ടയം, ആലപ്പുഴ ജില്ലാകോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ്, കേരളത്തിലെ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലും സന്നദ്ധ സംഘടനകളിലും ഭാരവാഹിത്വം. ഇന്ദിരാഗാന്ധിയുമായി ഉറ്റചങ്ങാത്തവും സുദൃഢമായ സൗഹൃദവും ഇന്ത്യൻ പാർലമെന്റിലെ മിക്ക കമ്മിറ്റികളിലും സമിതികളിലും അംഗം, ഗവർണർ പദവി ആസന്നമായിരിക്കവേ അകാലമൃത്യു.
പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി, എം.പീസ് സാലറീസ് ആൻഡ് അലവൻസസ് കമ്മിറ്റി, സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ്, സതേൺ റെയിൽവേ കേറ്ററിംഗ് കമ്മിറ്റി, നാഷണൽ റെയിൽവേ യൂസേഴ്സ് കൗൺസിൽ തുടങ്ങിയവയിൽ അംഗത്വം.
ഭർത്താവ്- ബിസിനസുകാരനായിരുന്ന കുട്ടനാട് വേഴപ്ര ആശാരിപ്പറമ്പ് ഗോപിദാസ്. മക്കൾ: ഡോ. പുഷ്പലത കൃഷ്ണൻകുട്ടി (ഗൈനക്കോളജിസ്റ്റ്), എൻജിനിയർ ഗോകുൽദാസ് (ബിസിനസ്,) ഡോ. പ്രിയദർശിനി ശശിധരൻ (ഫിസിഷ്യൻ), ഡോ. മൻമോഹൻദാസ്, പരേതനായ ഡോ. വിജയമോഹൻദാസ് (ഗൈനക്കോളജിസ്റ്റ്).
( ലേഖകൻ ദേവകി ഗോപിദാസ് ഫൗണ്ടേഷൻ സെക്രട്ടറിയാണ് ഫോൺ - 9847122365 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |