SignIn
Kerala Kaumudi Online
Thursday, 25 April 2024 5.04 AM IST

ലക്ഷദ്വീപിൽ കാവി, കോർപറേ‌റ്റ് അജണ്ടകൾ അടിച്ചേൽപ്പിക്കുന്നെന്ന് മുഖ്യമന്ത്രി; പ്രമേയം പാസാക്കി നിയമസഭ

lakshadweep

തിരുവനന്തപുരം: ലക്ഷദ്വീപിൽ കാവി അജണ്ടകളും കോർപറേറ്റ് അജണ്ടകളും അടിച്ചേൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെങ്ങുകൾ കാവി നിറം പൂശുന്നു. ജനതയുടെ ആവാസവ്യവസ്ഥയെയും തനതായ ജീവിതത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പുതിയ അഡ്മി‌നിസ്‌ട്രേഷനെന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭേദഗതികളോടെ സഭയിൽ പ്രമേയം പാസാക്കി.

വിവാദ തീരുമാനങ്ങളെടുക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്റർ പ്രഭുൽ ഖോഡ പട്ടേലിനെ നീക്കം ചെയ്യണമെന്നും ദ്വീപ് ജനതയുടെ ജീവനും ഉപജീവനത്തിനും സംരക്ഷണത്തിന് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള‌ളതാണ് പ്രമേയം. ചട്ടം 118 അനുസരിച്ചാണ് പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്.

ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കർത്തവ്യമായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന കടമ നിറവേ‌റ്റുന്നതിന് പകരം അതിനെ അട്ടിമറിക്കുന്നതിനുള‌ള ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേ‌റ്ററുടെ ഭാഗത്ത് നിന്നും ഔദ്യോഗിക തലത്തിൽ ഉണ്ടാകുന്നതെന്നും ഇത് പ്രതിഷേധാ‌ർഹമാണെന്നും പ്രമേയത്തിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ അത്യപൂർവമായ വരുന്ന അതിഥികളെയെല്ലാം സ്‌നേഹവായ്‌പ്പോടെ സ്വീകരിക്കുന്ന ദ്വീപ് ജനതയ്‌ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. അവിടെ ഗുണ്ടാ ആക്‌‌ട് കൊണ്ടുവരുന്നതിനുള‌ള നടപടി സ്വീകരിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്‌റ്റ് ചെയ്യുന്നതിനുമുള‌ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി. പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്‌കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനിൽക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആർക്കുമിവിടെ ഭൂമി വാങ്ങാൻ അവകാശമില്ലായെന്നത്. ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്ന നിയമവുമാണിത്. എന്നാൽ അതിനും മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായുള‌ള പരിഷ്‌കാരങ്ങളും നടപ്പിലാക്കുകയാണ്.

കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവിതക്രമവും സാംസ്‌കാരിക രീതിയുമാണ് ലക്ഷദ്വീപിനുള‌ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ദ്വീപിലുളളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്.
ചരക്കുകൾ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഈ പാരസ്പര്യ ബന്ധത്തെ തകർക്കുവാനുള‌ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നിൽക്കുന്ന ശക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. ലക്ഷദ്വീപിൽ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങൾ സംഘപരിവാർ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്.
ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിത്തീർക്കാനുള‌ള പരിശ്രമമാണ് സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിൽ പറഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂ‌ർണരൂപം

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി.

പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പ്പുകൊണ്ട് വീർപ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങൾ അത്യപൂർവ്വമായിത്തീർന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ അവയെ നേരിടുന്നതിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടർന്നും വികസിച്ചുവരികയായിരുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങൾ തന്നെ തകർത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയിൽ പ്രധാനമായി നിൽക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകൾ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്. ഇത്തരത്തിൽ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റർ ലക്ഷദ്വീപിൽ നേതൃത്വം നൽകുന്നത്.

ലക്ഷദ്വീപിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കി ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള നടപടികൾ തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങൾ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ നിന്നും മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാർഷികം എന്നീ വകുപ്പുകൾ എടുത്തുമാറ്റുകയാണ്.

ഈ വകുപ്പുകളിൽ നേരിട്ട് ഇടപെടാൻ അധികാരമില്ലാതിരുന്ന അഡ്മിനിസ്‌ട്രേറ്റർക്ക് അതിനുള്ള അധികാരവും ഒരു ഉത്തരവിലൂടെ നൽകിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ തങ്ങൾക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച് ദ്വീപിന്റെ സ്വാഭാവികമായ ജനാധിപത്യക്രമത്തെ തകർക്കുകയാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിവിചിത്രമായ ഉത്തരവും അവതരിപ്പിക്കുകയാണ്. രണ്ടു കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സമീപനം നമ്മുടെ രാജ്യത്ത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. അതും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേർക്കും അവരുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക.
ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്‌കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനിൽക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആർക്കുമിവിടെ ഭൂമി വാങ്ങാൻ അവകാശമില്ലായെന്നത്. ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്ന നിയമവുമാണിത്. എന്നാൽ അതിനും മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും നടപ്പിലാക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHADEEP, NIYAMASABHA, CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.