SignIn
Kerala Kaumudi Online
Friday, 19 April 2024 7.39 PM IST

അഭിമാനമാണ് ഈ സർക്കാർ സ്കൂൾ

photo

വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷവും വലിയ വർദ്ധന

ചേർത്തല : കെട്ടിടങ്ങളുടെയും ഫർണിച്ചറുകളുടെയും പരാധീനതകൾക്കിടയിലും, വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും സർക്കാർ വിദ്യാലയങ്ങൾക്ക് ആകെ അഭിമാനമാവുകയാണ് ചേർത്തല ഗവ. ടൗൺ എൽ.പി.സ്കൂൾ. 102-ാം വയസിലേയ്ക്ക് കടക്കുന്ന സ്കൂളിൽ ഇത്തവണ ഇതുവരെ ഒന്നാം ക്ളാസിലേക്ക് 160 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത് . മറ്റ് ക്ളാസുകളിലേക്കും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുൾപ്പെടെ വിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശിയെ തേടി എത്തുന്നുണ്ട്. ഈ അദ്ധ്യയന വർഷം വിദ്യാർത്ഥികളുടെ ആകെ എണ്ണം 870 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 727 ആയിരുന്നു.

മഹാത്മ ഗാന്ധിയുടെ പാദസ്പർശമേറ്റ സരസ്വതീക്ഷേത്രമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. 1919ൽ സ്ഥാപിതമായ സ്കൂളിൽ 1937ലാണ് രാഷ്ട്രപിതാവ് എത്തിയത്.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ് 1937 ജനുവരി 18ന് ഗാന്ധി ഇവിടം സന്ദർശിക്കുകയും ഒരു മണിക്കൂറിലധികം സ്കൂളിലെ പുളിമരത്തണലിൽ വിശ്രമിക്കുകയും ചെയ്തത്. സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും മഹാത്മജിയുമായി സംവദിച്ചിരുന്നു. പിന്നീട് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൂളിൽ 1991ലാണ് പ്രീ പ്രൈമറി ആരംഭിക്കുന്നത്. തുടർന്ന് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി.

നൂറാം വർഷത്തിൽ റെക്കാഡ് നേട്ടം

2018ൽ രണ്ട് മണിക്കൂറിനുള്ളിൽ 233 പേർക്ക് അഡ്മിഷൻ നൽകിയതിന് സ്കൂൾ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാഡ്സിൽ ഇടം നേടിയിരുന്നു. എന്നാൽ, 2019ൽ നൂറാം വർഷത്തിൽ 50 മിനിട്ടിൽ 247 പേർക്ക് അഡ്മിഷൻ നൽകി പഴയ റെക്കാഡ് തിരുത്തി. അഡ്മിഷൻ നൽകുന്നകാര്യത്തിൽ സംസ്ഥാനതലത്തിലും മുൻപന്തിയിലാണ് സ്കൂൾ.

ആദ്യം സ്കൂൾ തുടങ്ങിയത്

പെൺകുട്ടികൾക്കായി

രാജഭരണകാലത്ത് വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ചേർത്തലയിൽ പുരോഗമനവാദികളായ ജനങ്ങൾ സംഘടിച്ച് ആരംഭിച്ച കുടിപ്പള്ളിക്കൂടങ്ങളായിരുന്നു വിദ്യാർത്ഥികൾക്ക് ആശ്രയം. ഇതിനിടെ ചേർത്തല നഗരത്തിൽ ഉയർന്ന സമുദായത്തിലെ പെൺകുട്ടികൾക്ക് പഠിക്കുന്നതിനായി പള്ളിക്കൂടം സ്ഥാപിക്കുന്നതിന് കരപ്രമാണിമാർ ശ്രമം ആരംഭിച്ചു. സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ സമീപിച്ചപ്പോൾ ചേർത്തല ദേവീ ക്ഷേത്രത്തോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 40 സെന്റ് സ്ഥലം 1919ൽ അനുവദിച്ച് നൽകി. ആറാട്ട് കുളത്തിനും പൂരപ്പറമ്പിനും ഇടയിൽ ഇരുവശങ്ങളിലും റോഡുള്ള സ്ഥലമാണ് അനുവദിച്ച് കിട്ടിയത്. ഇവിടെ താത്കാലിക ഷെഡ് നിർമ്മിച്ച് പെൺകുട്ടികളുടെ പഠനം ആരംഭിച്ചു. നായർ, ബ്രാഹ്മണ, ഗൗഡസാരസ്വത വിഭാഗത്തിലെ പെൺകുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. അദ്ധ്യാപകരും മുന്നാക്ക സമുദായക്കാരായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയോടെ ഇതര സമുദായത്തിൽപ്പെട്ടവർക്കും പിന്നാക്കക്കാർക്കും പ്രവേശനം ലഭിച്ചു. കാലാന്തരത്തിൽ ആൺകുട്ടികൾക്കും പഠിക്കാൻ അവസരമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.