ഫോർട്ട്കൊച്ചി: നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നാലാം ക്ളാസുകാരി നസ്റിൻ, മട്ടാഞ്ചേരി പൊലീസ് അസി. കമ്മിഷണർ ജി.ഡി. വിജയകുമാർ നേരത്തെ വാങ്ങി നൽകിയ ഫോൺ മറ്റൊരു കുട്ടിക്ക് സമ്മാനിച്ചു. മൊബൈൽ ഫോൺ നഷ്ടമായതിനാൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട ഫോർട്ട്കൊച്ചി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി നസ്റിന് അസി. കമ്മിഷണർ പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു.
ഫോർട്ടുകൊച്ചി പൊലീസിന്റെ അന്വേഷണത്തിൽ കൊച്ചിയിൽ നിന്നു തന്നെ ഇന്നലെ ഫോൺ കണ്ടെടുത്തു. ഫോൺ കിട്ടിയ വ്യക്തി 3000 രൂപയ്ക്ക് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. ഇയാൾ പുതിയ സിം എടുത്ത് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊക്കിയത്. ഫോൺ വിറ്റ ആളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
വീണ്ടെടുത്ത ഫോൺ തിരികെ കൊടുക്കാൻ എത്തിയ പൊലീസുകാരോട് നസ്റിൻ പറഞ്ഞു: 'സാറെ എനിക്ക് രണ്ട് ഫോണിന്റെ ആവശ്യമില്ല, ഒരെണ്ണം പാവപ്പെട്ട ഏതെങ്കിലും വിദ്യാർത്ഥിക്ക് നൽകൂ' തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം പുതിയ ഫോൺ മട്ടാഞ്ചേരി ടി.ഡി.സ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി നൗഫിയയ്ക്ക് നേരിട്ട് നസ്റിൻ കൈമാറി. ഫോണില്ലാത്തവരുടെ ലിസ്റ്റിൽപ്പെട്ട കുട്ടിയാണ് നൗഫിയ. സി.ഐ പി.കെ.ദാസ്, എസ്.ഐ കെ.ആർ.ബിജു എന്നിവരുടെ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |