SignIn
Kerala Kaumudi Online
Thursday, 25 April 2024 11.33 AM IST

ഡിജിറ്റൽ പ്രവേശനോത്സവം ഇന്ന്, ആഘോഷമാക്കാൻ കുരുന്നുകൾ

ddd

തിരുവനന്തപുരം: പുത്തനുടുപ്പും പുത്തൻ ബാഗുമായി കൂട്ടുകാരുമൊത്ത് ആടിപ്പാടി സ്‌കൂളിലെത്താൻ സാധിക്കാത്ത സങ്കടം മറന്ന് ഇന്നത്തെ ഡിജിറ്റൽ പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് കുട്ടികൾ. ഇതിനായുള്ള സജ്ജീകരണം ജില്ലയിലെ സ്‌കൂളുകളിൽ പൂർത്തിയായി. ഇന്ന് രാവിലെ 8.30ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്‌സമം സംപ്രേഷണം ചെയ്യും. ഇതിനുവേണ്ടി വലിയ സ്ക്രീനും വിർച്വൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളില്ലാതെ 25 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

കുട്ടികളുടെ കലാപരിപാടികളും

ജില്ലയിലെ മറ്റ് സ്കൂളുകളിൽ സ്‌കൂൾ തലത്തിൽ പ്രവേശനോത്സവം ഓൺലൈനായി നടത്തും. അത് ഗൂഗിൾ മീറ്റ് വഴിയോ സൂം ആപ്ലിക്കേഷൻ വഴിയോ ആയിരിക്കും. അതത് പരിധിയിലുള്ള സ്‌കൂളുകളിൽ വാർഡ് കൗൺസിലർ മുതൽ എം.എൽ.എ, എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ, മുനിസിപ്പൻ ചെയർമാന്മാർ മറ്റ് പ്രമുഖ വ്യക്തികളടങ്ങുന്ന സ്കൂൾതല പ്രവേശനോത്സവമാണ് നടത്തുന്നത്. സ്‌കൂളിലെ പ്രിൻസിപ്പലോ പ്രഥമ അദ്ധ്യാപികയോ ആദ്യം ഓൺലൈനായി കുട്ടികളെ അഭിസംബോധന ചെയ്യും. ആദ്യ ക്ളാസുകളിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യും. പുതിയ കുട്ടികളെയും രക്ഷിതാക്കളേയും പരിചയപ്പെടുത്തും. കൊവിഡിനെപ്പറ്റിയും ഡിജിറ്റൽ ക്ളാസുകൾ എങ്ങനെ രസകരമാക്കാം എന്നതിനെക്കുറിച്ചും സംസാരിക്കും.

കുട്ടികളുടെ കലാപരിപാടികളും ചെറിയ രീതിയിൽ സംഘിടിപ്പിക്കും. കുട്ടികളുടെ മാനസികോല്ലാസത്തിന് പുതുതായി ഒന്നാം ക്ളാസിലേക്ക് ചേരുന്ന കുട്ടിയുടെ വീട്ടിൽ തന്നെ ഗൃഹതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ ക്ളാസ് ടീച്ചർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയും രക്ഷിതാവുമടങ്ങുന്ന ചെറിയ ആഘോഷമാണിത്. ആഘോഷത്തിന്റെ ചെറിയ വീഡിയോകൾ ക്ളാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ഇതിന് പരിമിതിയുള്ള കുട്ടികൾക്ക് ഓൺലൈനിൽ തന്നെ പൊതുവായി ക്ളാസ് ടീച്ചറുടെ നേതൃത്വത്തിൽ ആഘോഷിക്കും.

അഡ്മിഷൻ നേടിയത്

2.65 ലക്ഷം കുട്ടികൾ

മേയ് 30 വരെയുള്ള കണക്കനുസരിച്ച് എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ 2.65 ലക്ഷം കുട്ടികളാണ് എല്ലാ ക്ളാസിലുമായി പുതുതായി അഡ്മിഷൻ നേടിയത്. കഴി‌ഞ്ഞ വർഷം ഇത് 2.70 ലക്ഷമായിരുന്നു. അഡ്മിഷനെടുക്കാൻ ഇനിയും സമയമുണ്ട്. സി.ബി.എസ്.സി സിലബസിൽ നിന്നും മറ്റ് ഇംഗ്ളീഷ് മീഡിയം സ്‌കൂളുകളിൽ നിന്നും കുട്ടികൾ ഇത്തവണ കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടിയിട്ടുണ്ട്.

അഡ്മിഷനെടുക്കാൻ നല്ല തിരക്കാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ ക്ളാസുകൾക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

സന്തോഷ് കുമാർ, ഡി.ഇ.ഒ, തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.