SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 PM IST

മറന്നുവോ 'ജി'യെ, സ്മാരകനിർമാണവും?

place
ഹൈക്കോർട്ടിന് സമീപത്തെ ജി. സ്മാരകം വക സ്ഥലം

 നാളെ മഹാകവി ജിയുടെ 121 ാം ജന്മദിനം

കൊച്ചി: നാളെ മഹാകവി ജി. ശങ്കര കുറുപ്പിന്റെ 121 ാം ജന്മദിനം. പ്രഥമജ്ഞാനപീഠം ജേതാവും മഹാരാജാസ് കോളേജ് അദ്ധ്യാപകനുമായിരുന്ന ജിക്ക് കൊച്ചിയിൽ സ്മാരകം എന്ന ആശയത്തിന് 16 വയസും പൂർത്തിയാകുന്നു.

2005 ഫെബ്രുവരി 25 നാണ് മംഗളവനത്തിന് സമീപം മറൈൻഡ്രൈവിൽ ജി.സി.ഡി.എ യുടെ പക്കലുണ്ടായി​രുന്ന ഒരേക്കർ റവന്യൂ പുറമ്പോക്ക് മഹാകവിക്ക് സ്മാരകനിർമാണത്തിനുവേണ്ടി അനുവദിച്ചത്. തറക്കല്ലുപോലും ഇടാനാവാതെ അന്യാധീനപ്പെട്ട സ്ഥലം പിന്നീട് പലപ്പോഴായി മറ്ര് ആവശ്യങ്ങൾക്ക് പകുത്തുനൽകി. 2018 ൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ ചെയർമാനും ഇ.എൻ. നന്ദകുമാർ ജനറൽ സെക്രട്ടറിയുമായി രൂപീകരിച്ച ജി. ശങ്കര കുറുപ്പ് സ്മാരക സംരക്ഷണ സമിതി സാംസ്കാരിക വകുപ്പുമായി​ നടത്തിയ ചർച്ചയെത്തുടർന്ന് 25 സെന്റ് സ്ഥലം വീണ്ടും അനുവദിച്ചു. അന്നുമുതൽ എല്ലാ ബഡ്ജറ്റിലും 10 ലക്ഷംരൂപ നീക്കിവച്ചതല്ലാതെ കൊച്ചി​ കോർപ്പറേഷൻ കാര്യമായി ഒന്നും ചെയ്തില്ല. ജി യുടെ ഓരോ ജന്മദിനവും ചരമദിനവും കടന്നുപോകുമ്പോൾ സ്മാരകവിഷയം ചർച്ചയാകും എന്നുമാത്രം.
ജനപങ്കാളിത്തത്തോടെയൊ കേന്ദ്രസർക്കാർ അനുവദിച്ച അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയോ സ്മാരകം നിർമിക്കാവുന്നതേയുള്ളൂ എന്നാണ് സംരക്ഷണസമിതി പറയുന്നത്.

 സ്മാരകം പണിയാൻ തയ്യാർ : സ്മാരക സമിതി

ജി സ്മാരകത്തിന് കോടികൾ ചെലവഴിച്ചുള്ള വലിയ നിർമിതികളൊന്നും ആവശ്യമില്ല. സാഹിത്യചർച്ചകൾക്കും പഠനക്ലാസുകൾക്കുമൊക്കെ ഉതകുന്ന പരിസ്ഥിതി സൗഹൃദ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മതിയാകും. ജനപങ്കാളിത്തത്തോടെ ആ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്.

ഇ.എൻ.നന്ദകുമാർ, ജനറൽ സെക്രട്ടറി

ജി. ശങ്കര കുറുപ്പ് സ്മാരക സംരക്ഷണ സമിതി

 മഹാകവി ജി. ശങ്കര കുറുപ്പ്

കാലടിക്ക് സമീപം നായത്തോട്ടിൽ നെല്ലിക്കാമ്പള്ളി വാര്യത്ത് ശങ്കരവാര്യർ- ലക്ഷ്മിക്കുട്ടി വാരസ്യാർ ദമ്പതികളുടെ മകനായി 1901 ജൂൺ 3 ന് ജനനം. 1978 ഫെബ്രുവരി 2 ന് 76ാം വയസിൽ അന്തരിച്ചു. സ്കൂൾ, കോളേജ് അദ്ധ്യാപകൻ, കവി, ഉപന്യാസകൻ, വിവർത്തകൻ, ഗാനരചയിതാവ്, രാജ്യസഭാംഗം എന്നീ നിലകളിൽ ശ്രദ്ധേയനായി. 1965 ൽ ഓടക്കുഴൽ എന്ന കൃതിക്ക് ജ്ഞാനപീഠം ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, G SANKARAKURUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.