SignIn
Kerala Kaumudi Online
Friday, 19 April 2024 4.30 PM IST

സ്വപ്നം കാണാൻ എത്രയെത്ര ഒഴിവുകൾ

psc

സർക്കാർ സർവീസിൽ നിന്ന് മേയ് 31- ന് മാത്രം ഒൻപതിനായിരത്തി ഇരുനൂറിൽപ്പരം ജീവനക്കാരാണ് വിരമിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇത്രത്തോളമില്ലെങ്കിലും കുറെയധികം പേർ വിരമിച്ചിരുന്നു. ഏതെങ്കിലുമൊരു സർക്കാർ ഉദ്യോഗം സ്വപ്നം കണ്ടുകഴിയുന്ന ലക്ഷക്കണക്കിനു അഭ്യസ്തവിദ്യരായ യുവതീയുവാക്കളിൽ പുതിയ പ്രതീക്ഷ പകരുന്നതാണ് ഈ കൂട്ടവിരമിക്കൽ. ഇത്രയധികം ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾക്കുള്ള അവസരമാണ് സ്വാഭാവികമായും ഉണ്ടാകുന്നത്. ഒഴിവുകൾ എത്ര കുറവാണെങ്കിലും മുൻകൂട്ടി കണ്ടറിഞ്ഞ് വിവരം പി.എസ്.സിയെ നിർബന്ധമായും അറിയിച്ചിരിക്കണമെന്നാണ് ചട്ടം. വകുപ്പു മേലദ്ധ്യക്ഷന്മാർക്കാണ് അതിന്റെ ചുമതല. എന്നാൽ ഏതെങ്കിലുമൊരു വകുപ്പു മേധാവി കൃത്യമായി ആ ചുമതല നിർവഹിച്ചതായി കേട്ടിട്ടില്ല. പകരം പിൻവാതിലിലൂടെ താത്‌കാലികക്കാരെ തിരുകിക്കയറ്റാനുള്ള അടവാണ് തുടരുന്നത്. സ്ഥിരം തസ്തികകൾ താത്‌കാലികക്കാരെ വച്ച് നികത്തുന്നതിനെതിരെ ഉന്നത നീതിപീഠങ്ങൾ വരെ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടും പത്തും കൊല്ലം വരെ താത്‌കാലികക്കാർ സർവീസിൽ തുടരുന്നത് അപൂർവമൊന്നുമല്ല. ഒടുവിൽ അവരിലേറെപ്പേരെയും സ്ഥിരപ്പെടുത്താറുമുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ഏതാനും വകുപ്പുകളിൽ ധൃതിപിടിച്ചു നടപ്പാക്കിയ കൂട്ട സ്ഥിരപ്പെടുത്തൽ കോടതി അസ്ഥിരപ്പെടുത്തിയതും മറക്കാറായിട്ടില്ല.

റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ പൂർത്തിയാക്കാനും വർഷങ്ങൾ തന്നെ വേണ്ടിവരുന്നു എന്നതാണ് ദുര്യോഗം. ഒച്ചിനെയും നാണിപ്പിക്കുന്നതാണ് പി.എസ്.സി നടപടിക്രമങ്ങൾ. വിജ്ഞാപനമിറക്കാനും പരീക്ഷകൾ പൂർത്തിയാക്കി റാങ്ക് പട്ടിക തയ്യാറാക്കാനും വർഷങ്ങൾ വേണ്ടിവരുന്നു. റാങ്ക് ലിസ്റ്റ് ഇറങ്ങിയാലും നിയമനം നടക്കാൻ സർക്കാർ കനിയണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം റിക്രൂട്ട്‌മെന്റ് നടപടിയെ തകിടം മറിക്കാറുണ്ട്. ഉദ്യോഗാർത്ഥികളുടെ വൻ നിരയ്ക്കൊപ്പം റാങ്ക് ഹോൾഡേഴ്സ് എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടിരിക്കുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ അനന്തമായി കാത്തിരിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ സംഘമാണത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഏഴായിരത്തോളം അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒട്ടേറെ തസ്തികകളിൽ നിയമന ശുപാർശയുമായി. എന്നാൽ സ്കൂളുകൾ കഴിഞ്ഞ വർഷം മുതൽ അടഞ്ഞുകിടക്കുന്നതിനാൽ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് ഇതുവരെ സ്കൂളുകളിൽ ഹാജരായി ഉദ്യോഗത്തിൽ പ്രവേശിക്കാൻ സാദ്ധ്യമായിട്ടില്ല. ഇവരിലാർക്കും തന്നെ നിയമനം നഷ്ടപ്പെടുകയില്ലെന്ന സർക്കാരിന്റെ ഉറപ്പുണ്ടെങ്കിലും ആറ്റുനോറ്റിരുന്ന ലഭിച്ച ഉദ്യോഗത്തിൽ പ്രവേശിക്കാനാകാത്ത സ്ഥിതി എത്രമാത്രം വേദനാജനകമാണെന്നു പറയേണ്ടതില്ല.

യുവജനക്ഷേമത്തിനായുള്ള നിയമസഭാ സമിതി കഴിഞ്ഞ ദിവസം സഭയ്ക്കു സമർപ്പിച്ച റിപ്പോർട്ടിൽ നിയമനങ്ങളിൽ കർശനമായും പാലിക്കേണ്ട നടപടിക്രമങ്ങൾ അക്കമിട്ടു പറയുന്നുണ്ട്. വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ ഒരുവർഷം മുൻപേ തന്നെ കണ്ടറിഞ്ഞ് പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സിക്കു റിപ്പോർട്ട് ചെയ്യാത്ത വകുപ്പു മേധാവികൾക്കെതിരെ കർശന ശിക്ഷാനടപടി എടുക്കണമെന്നാണ് സഭാ സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ പി.എസ്.സിക്കു വിട്ടിട്ടുള്ള തസ്തികകളിൽ ഒരു കാരണവശാലും താത്‌കാലികക്കാരെയോ കരാർ വ്യവസ്ഥയിലോ നിയമനം പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. കെ.എസ്.ആർ.ടി.സിയിൽ നാലുവർഷം മുൻപ് പി.എസ്.സി നൽകിയ ശുപാർശ പോലും നടപ്പാക്കാതെ ശേഷിക്കുന്ന അനീതി സഭാ സമിതി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ എത്രയൊക്കെ പ്രതിഷേധിച്ചാലും ഒച്ചവച്ചാലും പിന്തുടർന്നുവരുന്ന പാതവിട്ട് സഞ്ചരിക്കാൻ സർക്കാർ വകുപ്പുകളും പി.എസ്.സിയും തയ്യാറാകാത്തതാണ് പ്രശ്നം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.