SignIn
Kerala Kaumudi Online
Saturday, 20 April 2024 5.13 AM IST

കൂട്ടുനിന്നവർക്കും കുടപിടിച്ചവർക്കും എതിരെ വേണം നടപടി

fake

കൈകളിലെത്തും മുൻപേ പൊലിഞ്ഞു പോയൊരു കുരുന്നിനെയോർത്ത് നീറി ഒരച്ഛൻ തുടങ്ങിയ പോരാട്ടം ആരോഗ്യരംഗത്തെ വലിയൊരു തട്ടിപ്പിന്റെ മൂടുപടം ചീന്തിയിരിക്കുന്നു. ഇതിലൂടെ പുറത്തുവന്നത് വ്യാജസർട്ടിഫിക്കറ്റിന്റെ ബലത്തിൽ സർക്കാർ സർവീസിൽ പത്തുവർഷം 'മഹാ സേവനം' ചെയ്‌ത ഡോക‌്‌ടറുടെ വഞ്ചനയാണ്.

തട്ടിപ്പ് പുറത്തുവരുമ്പോൾ ഡോക്‌ടർക്കൊപ്പം മറ്റ് ചിലർ കൂടി പ്രതിക്കൂട്ടിലാണ്. അവർ ഉത്തരം പറഞ്ഞേ മതിയാകൂ. സർക്കാർ സർവീസിൽ പതിവില്ലാത്ത തട്ടിപ്പ് വെളിച്ചത്തു വന്നതോടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധനയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുകയാണ് കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി സാബുവിന്റെയും കുടുംബത്തിന്റെയും നിയമ പോരാട്ടങ്ങൾ. ഭാര്യയുടെ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് കുടുംബം നടത്തിയ നിയമ യുദ്ധമാണ് വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സർക്കാർ സർവീസിൽ പത്തു വർഷത്തിലധികമായി ജോലി ചെയ്തിരുന്ന ഡോക്ടറുടെ ജോലി തെറിപ്പിച്ചത്. വ്യാജ സർട്ടിഫിക്കറ്റുകാരിക്ക് നിയമനം നൽകിയതിനു പിന്നിലെ മുഴുവൻ ക്രമക്കേടുകളും കണ്ടെത്താൻ നിയമപോരാട്ടത്തിലേക്ക് ആ കുടുംബം ഇറങ്ങുമ്പോൾ ഒരുപാട് കള്ളക്കളികൾ പുറത്തുവരുമെന്നുറപ്പാണ്.

കരുനാഗപ്പള്ളി ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റും ചേർത്തല സ്വദേശിയുമായ ഡോ. ടി.എസ്. സീമയാണ് കഥാനായിക. പി.ജി.ബിരുദം വ്യാജമാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പു വരുത്തിയതോടെ ഇപ്പോൾ സസ്‌പെൻഷനിലാണ്. 2019 നവംബർ 11 നാണ് സാബു - ശ്രീദേവി ദമ്പതികളുടെ കുഞ്ഞ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന സംശയമാണ് നിയമപോരാട്ടത്തിന് പ്രേരിപ്പിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന സാബുവിന് വേണ്ടി സഹോദരൻ സാജു സർക്കാർ ഓഫീസുകൾ കയറിയിറങ്ങി .വിവരാവകാശ നിയമത്തിന്റെ ബലത്തിൽ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഡോ. ടി.എസ്.സീമ വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായത്. സാബുവിന്റെ പോരാട്ടങ്ങൾ ആരോഗ്യവകുപ്പിന്റെയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെയും കണ്ണ് തുറപ്പിച്ചോയെന്ന് വ്യക്തമല്ല. കാരണം ഉന്നതരുടെ ഒത്താശയില്ലാതെ വ്യാജ പി.ജി. ബിരുദം രജിസ്‌റ്റർ ചെയ്യാൻ കഴിയില്ല. നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പിൻബലമില്ലാതെ ഈ തട്ടിപ്പ് നടക്കില്ല.

സത്യം മറനീക്കി വന്നപ്പോൾ

സീമയ്‌ക്കെതിരെ പരാതി ലഭിച്ചതോടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് രജിസ്‌റ്റർ ചെയ്യുന്ന ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന് ആരോഗ്യവകുപ്പ് കത്ത് നൽകി. 2003 ൽ കാലിക്കട്ട് സർവ്വകലാശാലയിൽ നിന്ന് എംബി.ബി.എസും 2010 ൽ മഹാരാഷ്‌ട്ര യുണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സർവ്വീസിൽ നിന്ന് എം.എസ് ബിരുദം നേടിയിട്ടുള്ളതായി 32034 എന്ന നമ്പരിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി കണ്ടെത്തി. എന്നാൽ, മഹാരാഷ്‌ട്രയിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ 2010 ൽ സീമ എന്ന പേരിലുള്ള ഒരാൾ കോഴ്സ് പാസായിട്ടില്ലെന്ന് വൈസ് ചാൻസലർ വ്യക്തമായി. സർട്ടിഫിക്കറ്റ് നമ്പർ പ്രകാരം മറ്റൊരു വിദ്യാർത്ഥിയാണ് പാസായിരിക്കുന്നതെന്നും അറിയിച്ചു. ഇതോടെ സീമയുടെ പി.ജി. ബിരുദം വ്യാജമാണെന്ന് മെഡിക്കൽ കൗൺസിൽ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. പി.ജി.ബിരുദം നേടിയെന്ന് കാട്ടി സീമ അന്ന് പത്രങ്ങളിൽ നൽകിയ വാർത്തയും ചിത്രവും പരാതിക്കാരൻ ആരോഗ്യവകുപ്പിന് നൽകിയിരുന്നു.

സഹായികളെയും കണ്ടെത്തണം

ചേപ്പാട് സർക്കാർ ആശുപത്രിയിൽ അസി. സർജനായി ജോലി നോക്കുമ്പോൾ 2010 ലെ പരീക്ഷയിൽ മഹാരാഷ്‌ട്ര യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസിൽ നിന്ന് മാസ്‌റ്റർ ഒഫ് സർജറി ഇൻ ഒബ്സ്‌റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ഒന്നാം റാങ്ക് നേടിയെന്നാണ് സീമ പത്രത്തിൽ വാർത്ത നൽകിയത്. പി.ജി. സർട്ടിഫിക്കറ്റ് ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്‌റ്റർ ചെയ്‌തതോടെ സീമയ്‌ക്ക് സ്‌പെഷ്യൽ കേഡറിലേക്ക് മാറാനായി. അതോടെ ജൂനിയർ കൺസൾട്ടന്റായി. ശമ്പളം കൂടുതൽ, അധിക ഇൻക്രിമെന്റ്, പ്രമോഷൻ തസ്‌തികകൾ എന്നിവ ലക്ഷ്യമിട്ടാവാം ആൾമാറാട്ടത്തിലൂടെ പി.ജി. സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് സംശയിക്കാം.

എം.ബി.ബി.എസ് ബിരുദം ഒറിജിനലാണ്. ആ പരീക്ഷയുടെ രജിസ്‌റ്റർ നമ്പറിലേക്കാണ് പിന്നീട് നേടുന്ന ഉന്നത ബിരുദങ്ങളും രജിസ്‌റ്റർ ചെയ്യുന്നത്. സർട്ടിഫിക്കറ്റുകൾ ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിലെ രജിസ്‌ട്രാർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പരിശോധിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഇവരാണ് സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തേണ്ടത്. ഇവിടെ നടന്ന ക്രമക്കേടാണ് ഇനി കണ്ടെത്തേണ്ടത്. അന്ന് മഹാരാഷ്‌ട്രയിലെ സ്ഥാപനത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ ഗുരുതരമായ ആൾമാറാട്ടവും തട്ടിപ്പും പിടികൂടാനാവുമായിരുന്നു. മെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകിയാൽ പിന്നീട് ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാനില്ല. ഉന്നത പദവികൾ നേടിയെടുക്കാനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇതിന് കൂട്ടുനിന്നവർ പൊലീസ് കേസെടുക്കുന്നതോടെ ഗൂഢാലോചന കേസിലും പ്രതിയാകും.

അസി. സർജൻ തസ്‌തികയിൽ ജോലി ചെയ്യാൻ എം.ബി.ബി.എസ് ബിരുദം മതിയായതിനാൽ സീമയ്ക്കെതിരെയുള്ള തുടർനടപടി നിയമോപദേശം തേടി മാത്രമായിരിക്കും. ഇപ്പോൾ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അന്വേഷണം വ്യാജ സർട്ടിഫിക്കറ്റിൽ ഒതുങ്ങിയാൽ സീമയെ പോലുള്ള ഡോക്‌ടർമാർ ഇനിയും കൂൺ പോലെ പൊട്ടി മുളയ്‌ക്കും. ഇവർക്ക് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നൽകിയ ലോബിയെയാണ് കണ്ടെത്തേണ്ടത്. അവർക്കും അർഹമായ ശിക്ഷ ലഭിക്കണം. പാവപ്പെട്ടവർക്ക് താങ്ങും തണലുമായി നിൽക്കുന്നതാണ് സർക്കാർ ആശുപത്രികൾ. അവിടെ പുഴുക്കുത്തുകൾ പടർന്ന് പിടിച്ചുകൂടാ.

ഗുരുതര വീഴ്ച

സർക്കാർ ഡോക്‌ടർ നടത്തിയ ആൾമാറാട്ടവും തട്ടിപ്പും അത്യപൂർവ സംഭവമാണ്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. കുറ്റക്കാരെ വിശദമായ അന്വേഷണ ത്തിലൂടെ കണ്ടെത്തണം. ആരോഗ്യമേഖലയെ മോശമാക്കുന്ന സമീപനമാണിത്. എത്രയും വേഗം തട്ടിപ്പിന് കൂട്ടുനിന്നവരെയും കണ്ടെത്തണം. ഇനിയും ആരോഗ്യമേഖലയ്‌ക്ക് മാനക്കേടുണ്ടാക്കരുത്.

ഡോ. സണ്ണി പി. ഒാരത്തേൻ

മുൻ സംസ്ഥാന പ്രസിഡന്റ്

കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.