ആലുവ: യുവ കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിന് സമീപം കല്ലുങ്കൽ വീട്ടിൽ ഇബ്രാഹിം ബാദുഷ (38) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ രാവിലെ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് ദിവസം മുമ്പ് കൊവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതാണ് മരണകാരണം. തോട്ടുമുഖം പടിഞ്ഞാറേ പള്ളിയിൽ കബറടക്കി. കാർട്ടൂൺ ക്ലബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്ററായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പരേതനായ ഹംസയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സഫീന. മക്കൾ: മുഹമ്മദ് ഫനാൻ, ആയിഷ, അമാൻ.
ഒരു മിനിറ്റുകൊണ്ട് കാരിക്കേച്ചറുകൾ വരച്ചു നൽകിയാണ് ബാദുഷ പ്രശസ്തനായത്. പ്രളയാനന്തരം ആലുവ റെയിൽവേ സ്റ്റേഷനിൽ തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |