SignIn
Kerala Kaumudi Online
Friday, 29 March 2024 4.09 PM IST

കേന്ദ്ര വാക്സിൻ നയം ക്രൂരം, ഏകപക്ഷീയം, മൂകസാക്ഷിയാകാനാവില്ലെന്ന് സുപ്രീംകോടതി

supreme-court

വാക്സിൻ നയം പുനഃപരിശോധിക്കണം
വാക്സിൻ വാങ്ങിയതിന്റെ മുഴുവൻ കണക്കുകളും ഹാജരാക്കണം

ന്യൂഡൽഹി: 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷനും 18നും 44നും ഇടയിലുള്ളവർക്ക് പണം നൽകിയുള്ള വാക്സിനേഷനും ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീംകോടതി. കൊവിഡ് അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾവേയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എൽ.നാഗേശ്വര റാവു, എസ്.രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

''കേന്ദ്രസർക്കാർ നയം ' ക്രൂരമാണ്. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ കോടതിക്ക് മൂകസാക്ഷിയാകാനാവില്ല. ശാസ്ത്രീയപരമായി പ്രായം മുൻഗണനാ ഘടകമാണെങ്കിലും നിലവിലെ മഹാമാരിയുടെ അവസ്ഥയിൽ 18-45 ഇടയിലുള്ളവർക്ക് നിർബന്ധമായും വാക്സിൻ നൽകേണ്ടതുണ്ട്. ഇവർ പണം നൽകണമെന്ന വ്യവസ്ഥ യുക്തിരഹിതമാണ്. കൊവിഡ് വൈറസിന് വകഭേദമുണ്ടാകുമെന്നും ഏത് പ്രായക്കാരിലും വൈറസ് അപകടകാരിയായി പ്രവർത്തിക്കാമെന്നും രണ്ടാം തരംഗത്തിൽ ബോദ്ധ്യപ്പെട്ടതാണ്.

ഇത് മനസിലാക്കി വാക്സിൻ നയം പുനഃ പരിശോധിക്കണം. അസുഖബാധിതർ, ഭിന്നശേഷിക്കാർ, വൃദ്ധർ എന്നിർക്ക് മാത്രം ഇളവ് നൽകിയാൽ പോരെന്ന് ചുരുക്കം. സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യം ശരിയാണോയെന്ന് സംസ്ഥാനങ്ങൾ അറിയിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ജൂൺ 30ന് വീണ്ടും പരിഗണിക്കും.


രേഖകൾ എവിടെ?

രാജ്യത്തിനുള്ളിൽ നിന്നും പുറത്ത് നിന്നും വാക്സിൻ വാങ്ങിയതിന്റെ മുഴുവൻ കണക്കുകളും രേഖകളും കോടതിയിൽ ഹാജരാക്കണം.കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. വാക്‌സിൻ വാങ്ങുന്നതിനായി സമർപ്പിച്ച അപേക്ഷകൾ, അപേക്ഷിച്ച തീയതി, അളവ്, വാക്‌സിൻ ലഭിച്ച തീയതി എന്നിവയാണ് നൽകണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്രശതമാനം പേർക്ക് വാക്‌സിൻ നൽകി എന്ന് അറിയിക്കണം. ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ വിലയും അവയുടെ അന്താരാഷ്ട്ര നിരക്കും എത്രയാണെന്ന് അറിയിക്കണം.

18നും 44നും ഇടയിലുള്ളവർ റെക്കാഡ് വിലയ്ക്കാണ് ഇന്ത്യയിൽ വാക്‌സിൻ വാങ്ങേണ്ടതെന്ന് പലരും വിമർശിക്കുന്നു. മിക്ക രാജ്യങ്ങളിലും സർക്കാരുകൾ വാക്സിൻ സംഭരിച്ച് ജനങ്ങൾക്ക് സൗജന്യമായി നൽകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 31 വരെയുള്ള വാക്‌സിൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാർഗരേഖയും മൂന്നാം തരംഗത്തിൽ കുട്ടികളിൽ വ്യാപന സാദ്ധ്യത കണക്കിലെടുത്തുള്ള മുൻകരുതലുകളെക്കുറിച്ചും അറിയിക്കാനും കോടതി നിർദ്ദേശിച്ചു.

35,000 കോടി എങ്ങിനെ ചെലവഴിച്ചു?

2021-22 കേന്ദ്ര ബഡ്ജറ്റിൽ വാക്സിൻ വേണ്ടി വകയിരുത്തിയ 35,000 കോടി എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. 18നും 44നും ഇടയിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചുകൂടെന്നും കോടതി ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SC SLAMS CENTRRES VACCINE POLICY
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.