തിരുവനന്തപുരം: ദേവികുളത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ. രാജ ഇന്നലെ വീണ്ടും എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു തമിഴിലുള്ള സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് വിവർത്തനം ചെയ്തതിലെ പിഴവായിരുന്നു ഇത്. 26ന് ഇക്കാര്യം റിപ്പോർട്ട് ചെയ്ത കേരളകൗമുദി, ചട്ടലംഘനം ചൂണ്ടിക്കാണിച്ചിരുന്നു. വാർത്ത വായിച്ച സ്പീക്കർ എം.ബി. രാജേഷ് നിയമസഭാ സെക്രട്ടേറിയറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളകൗമുദി വാർത്ത ശരിവച്ച് നിയമവകുപ്പ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകി. സഗൗരവത്തിന് തുല്യമായി 'ഉള്ളാർന്ത്' എന്ന തമിഴ്പദം നിയമവകുപ്പ് എഴുതിച്ചേർത്ത പ്രതിജ്ഞയാണ് ഇന്നലെ രാജ ചൊല്ലിയത്.
രാജയ്ക്ക് പിഴ 2500 രൂപ
ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ച് ദിവസം സഭയിലിരുന്ന എ. രാജ പിഴ ഒടുക്കേണ്ടി വരും. ഭരണഘടനയുടെ 193-ാം അനുച്ഛേദപ്രകാരം പിഴ നിർബന്ധമാണ്. ദിവസം 500 രൂപ വച്ച് ആകെ 2500 രൂപ ഒടുക്കേണ്ടി വരും. തന്റേതല്ലാത്ത കുറ്റത്തിന് എം.എൽ.എയ്ക്ക് പിഴയൊടുക്കേണ്ടി വരുന്ന ആദ്യ സംഭവമായി നിയമസഭയുടെ ചരിത്രത്തിൽ ഇത് മാറും. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ക്രമപ്രശ്നത്തിലൂടെ എം.എൽ.എ ക്രമപ്രകാരം സത്യപ്രതിജ്ഞയെടുക്കാതെ അഞ്ച് ദിവസം തുടർന്ന വിഷയം ഇന്നലെ സഭയുടെ ശ്രദ്ധയിലെത്തിച്ചത്. അദ്ദേഹം സ്പീക്കറോട് റൂളിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. പരിഭാഷയിൽ പിഴവ് വരുത്തിയ നിയമവകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് എം.എൽ.എ ഒടുക്കേണ്ട പിഴ ഈടാക്കുമോയെന്ന ചോദ്യവുമുയരുന്നുണ്ട്.
ഉമേഷ് ചള്ളിയിലിന് 41,500 രൂപ പിഴ
2001 ജൂണിൽ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കൊടുങ്ങല്ലൂർ അംഗമായിരുന്ന ഉമേഷ് ചള്ളിയിൽ, അത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയതിനാൽ പിഴയൊടുക്കേണ്ടി വന്നിരുന്നു. രമേശൻ പാലായിൽ എന്നയാളാണ് ഉമേഷിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
വിധി വരുമ്പോഴേക്കും 83 ദിവസം സഭാസമ്മേളനത്തിൽ ഉമേഷ് സംബന്ധിച്ചിരുന്നു. ഈ ദിവസത്തെ തുക കണക്കാക്കി 41,500 രൂപ അദ്ദേഹം പിഴയടച്ചു. വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
1960 മാർച്ച് 12നാണ് ക്രമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ ആദ്യം നടന്നത്. അന്ന് ആർ. സുഗതൻ ജനങ്ങളെ സാക്ഷിനിറുത്തി ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്ന് സത്യവാചകം ചൊല്ലിയത് ക്രമപ്രകാരമല്ലെന്ന് നിയമമന്ത്രിയായിരുന്ന പി.ടി. ചാക്കോ ചൂണ്ടിക്കാട്ടി. തുടർന്ന് അന്നുതന്നെ സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |