SignIn
Kerala Kaumudi Online
Friday, 19 April 2024 6.02 PM IST

ക്രിയാത്മക പ്രതിപക്ഷത്തെ സംശയിച്ച മന്ത്രി വീണ

niyamasbha-

ഓരോ ചുവടുവയ്പിലും 'ക്രിയാത്മകം' ആകാൻ വെമ്പൽകൊള്ളുന്ന പ്രതിപക്ഷത്തെയാണ് പതിനഞ്ചാം നിയമസഭയിൽ കാണാനാവുന്നത്. ആ ചാരിത്ര്യശുദ്ധിയെ എപ്പോഴും സംശയിച്ചു കൊണ്ടേയിരിക്കുന്ന ഭരണപക്ഷത്തെ നോക്കി 'പാവം ബ്രാണ്ടിയെയാണല്ലോ സംശയിക്കുന്നത് ' എന്നാരെങ്കിലും ചോദിച്ചാൽ കുറ്റം പറയാനാവില്ല. കാരണം ക്രിയാത്മക പ്രതിപക്ഷത്തിന്റെ ചുവടുവയ്‌പുകളിൽ ഭരണപക്ഷക്കാർ വെറുതെ കുനുഷ്ടു ബുദ്ധി മാത്രം ദർശിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ പ്രതിരോധത്തെപ്പറ്റി ഭിഷഗ്വരൻ കൂടിയായ ഡോ.എം.കെ. മുനീർ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിലും അതുതന്നെയുണ്ടായി. സർക്കാരിന് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്താണ് മുനീർ തുടങ്ങിയത്. പക്ഷേ, കൊവിഡ് വ്യാപനം കൂടിയപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമെല്ലാം നെട്ടോട്ടമോടുന്നുവെന്നും മരണനിരക്ക് കുറച്ചുകാട്ടരുതെന്നുമൊക്കെ അദ്ദേഹം നിർമ്മമനായി പറഞ്ഞു. വാക്സിൻ പത്തനംതിട്ടയ്ക്കും കോഴിക്കോടിനും രണ്ട് തരത്തിലാണെന്ന് അദ്ദേഹത്തിന് തോന്നി. ഇപ്പറഞ്ഞതൊന്നും അത്ര നിഷ്കളങ്കമായി ആരോഗ്യമന്ത്രി വീണ ജോർജിന് തോന്നിയില്ല. അവർ സർവനിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു. താൻ പത്തനംതിട്ടക്കാരിയായതിനാലാണ് കൊടുവള്ളി അംഗം പത്തനംതിട്ടയ്ക്ക് കൂടുതൽ ഡോസുകൾ നൽകിയെന്ന് എങ്ങും തൊടാതൊരു കുത്ത് കുത്തിയതെന്നവർ കരുതി.

മന്ത്രിയുടെ രോഷപ്രകടനം കണ്ട പി.കെ.കുഞ്ഞാലിക്കുട്ടിക്കും കോപമിളകി. "ഇതിപ്പോ, അടിയന്തരപ്രമേയം അവതരിപ്പിച്ചത് മന്ത്രിയും മറുപടി പറഞ്ഞത് മുനീറും എന്ന നിലയായല്ലോ"- അദ്ദേഹം പറഞ്ഞു. മുനീർ ഹൃദയസ്പൃക്കായി പറഞ്ഞതിനോട് മന്ത്രിക്ക് പുല്ലുവിലയാണത്രെ.

ക്രിയാത്മകമാകാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ സമയത്ത് നമ്മൾ തമ്മിലടിച്ചാൽ രാഷ്ട്രീയക്കാരോട് ആളുകൾക്ക് പുച്ഛം തോന്നുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മരണനിരക്ക് കൂട്ടിക്കാണിച്ച് സർക്കാരിനെ കരിവാരിത്തേക്കാനില്ലെങ്കിലും കൊവിഡ് മരണം അതായിത്തന്നെ കാണണമെന്ന് സമർത്ഥിക്കാനദ്ദേഹം ശ്രമിച്ചു. കൊവിഡുണ്ടാക്കിയ സാമൂഹ്യ,സാമ്പത്തികാഘാതങ്ങൾ പഠിക്കാനദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

കമ്യൂണിസ്റ്റ് ഭരണത്തിന്റേത് കമ്യൂണൽ നിലപാടാണെന്ന പി.ടി. തോമസിന്റെ കഴിഞ്ഞ ദിവസത്തെ വാദം തൃശൂർ അംഗം പി. ബാലചന്ദ്രന് ഇഷ്ടപ്പെട്ടില്ല. ബാലചന്ദ്രന്റെ വാക്കുകളിൽ, തോമസിന്റെ തലച്ചോറിൽ തഴച്ചുവളരുന്നത് വിമോചനസമരത്തിന്റെ വകഭേദം വന്ന പുതിയ വൈറസുകളാണ്. പെരുന്ന സമുദായനേതാവിന്റെ 'ബഹിശ്വരപ്രാണനെ' സഭയിലദ്ദേഹം കണ്ടു. രമേശ് ചെന്നിത്തലയുടെ രൂപത്തിൽ. ചെന്നിത്തല അത് കേട്ടഭാവം നടിച്ചില്ല.

നയപ്രഖ്യാപനത്തിന് നന്ദി പ്രമേയമവതരിപ്പിച്ച കെ.കെ.ശൈലജ, പ്രതിപക്ഷത്തോട് നെഹ്റുവിനെ കണ്ട് പഠിക്കാനുപദേശിച്ചത് കേട്ടത് തൊട്ട് സി.ആർ. മഹേഷ് കൂലങ്കഷമായി ചിന്തിക്കുകയാണ്: ശൈലജയുടെ പക്ഷത്ത് ഇത്രയേറെ ആളുകളിരുന്നിട്ടും അതിലൊരാളെയും കണ്ടുപഠിക്കാൻ പറയാത്തത് എന്തുകൊണ്ടായിരിക്കാം?

പാൻഡമിക് കവിതകളെ ഓർത്തെടുത്തത് പ്രമോദ് നാരായണനാണ്. ടി.എസ്. എലിയറ്റിന്റെ തരിശുഭൂമിയിലെ ആദ്യ വരിയദ്ദേഹം പാടി: ഏപ്രിൽ ഇസ് ദ ക്രുവലസ്റ്റ് മംത്... ഏപ്രിൽ ആറിന്റെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതാണോ, അതോ പ്രതിപക്ഷത്തിന്റെ തോൽവിയാണോ ക്രൂരതയ്ക്ക് അടിസ്ഥാനം എന്നറിയില്ല.

കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയം ഒന്നായതിനാൽ ഇടതുസർക്കാരിന്റെ ഈ ബദൽ നയപ്രഖ്യാപനം കോൺഗ്രസിന് മനസിലാവില്ലെന്ന് ടി.ഐ. മധുസൂദനൻ സമാധാനിച്ചു. കുടുംബശ്രീയെ വിഴുങ്ങാനെത്തിയ കടുവയായി ജനശ്രീയെ ഉപമിക്കാൻ കൊയിലാണ്ടിയംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായ കാനത്തിൽ ജമീല ശ്രമിച്ചു. പിണറായിയെ മാത്രമുദ്ദേശിച്ചൊരു പ്രവചനം 1600 വർഷം മുമ്പുണ്ടായെന്ന് കണ്ടെത്തിയത് തോമസ് കെ.തോമസാണ്. "നിനക്ക് സമനായവൻ നിനക്ക് മുമ്പ് ജനിച്ചിട്ടില്ല, നിനക്ക് ശേഷവും ജനിച്ചിട്ടില്ല, നിന്റെ ജീവിതകാലം മുഴുവനും നിന്റെ നേർക്ക് നിൽക്കതുമില്ല..." നീ തന്നെയാണ് നിന്റെ ശത്രുവെന്ന് പ്രതിപക്ഷത്തിനായി പി. മമ്മിക്കുട്ടിയും കൂട്ടിച്ചേർത്തു.

അസാധാരണ സാഹചര്യത്തിലെ അസാധാരണ വിജയമായി ആശ്വസിച്ചാണ് ഇടതു തുടർഭരണകാലത്ത് കുഞ്ഞാലിക്കുട്ടി ജീവിക്കുന്നത്. നാട്ടിലെ അവസ്ഥയോർത്തപ്പോൾ നാട്ടുകാർ വിചാരിച്ചു, ഈയൊരു നിലയിൽ ഇങ്ങനെ തന്നെയങ്ങ് പോകട്ടെയെന്ന്...യേത് !

ഒരു നേതാവ് പോക്കറ്റിൽ നിന്നൊരു കടലാസെടുത്ത് വായിച്ചാൽ കൈയടിച്ച് പാസാക്കുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നാണ് വി.ഡി. സതീശന്റെ വാദം. രമേശ് മാറാനും സതീശൻ മാറാനുമൊക്കെ കോൺഗ്രസിൽ ആർക്കും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് ബി.ജെ.പി ബാന്ധവമെത്രത്തോളമെന്ന് സ്ഥാപിക്കാൻ കിട്ടാവുന്നിടത്തോളം കണക്കുകളുമായെത്തിയ മുഖ്യമന്ത്രി അതെല്ലാം നിരത്തിപ്പറഞ്ഞാണ് അവസാനിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHAYIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.