SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.01 AM IST

ഇടതു കട്ടിലും ചില പനിക്കോളുകളും

kk

കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന ഒരു തീരുമാനം വരുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റി മറിക്കാൻ കെല്പുണ്ടെന്ന് സ്വയം അഭിമാനിക്കുന്ന ആർ.എസ്.പി, യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറുമോ എന്നതാണ് എവിടെയും സംസാരം. ഇത്തരത്തിലുള്ള ചില ചർച്ചകൾ ആർ.എസ്.പിക്കുള്ളിലും നടക്കുന്നതായാണ് പറഞ്ഞുകേട്ടുള്ള അറിവ്.

ദേശീയ തലത്തിൽ വലിയ പാരമ്പര്യമുണ്ടായിരുന്നതും പശ്ചിമബംഗാളിൽ ശക്തമായ അടിത്തറയുണ്ടായിരുന്നതുമായ പാർട്ടിയാണ് ആർ.എസ്.പി. ദേശീയതലത്തിലെ കാര്യങ്ങൾ പോട്ടെ, തത്കാലം കേരളത്തിലെ സ്ഥിതി ചിന്തിക്കാം. കൊല്ലമായിരുന്നു പാർട്ടിയുടെ ഏറ്റവും വളക്കൂറുള്ള മണ്ണ്. ചില്ലറ സ്വാധീനം ആലപ്പുഴയിലുമുണ്ടായിരുന്നു. ശ്രീകണ്ഠൻ നായരും ശിഷ്യൻ ബേബിജോണുമെല്ലാം വെള്ളവും വളവും നൽകി പരിപോഷിപ്പിച്ച പാർട്ടി. തൊഴിലാളി വർഗത്തിനിടയിൽ ശക്തമായ വേരുള്ള പാർട്ടി. അങ്ങനെ പറയാൻ നിരവധി ചരിത്രങ്ങളും തലയെടുപ്പുള്ള നിരവധി നേതാക്കളുമെല്ലാമുണ്ടായിരുന്ന പാർട്ടി. കൊട്ടൻചുക്കാദി തൈലവും പുരട്ടി കാലും നീട്ടിയിരുന്ന് പറഞ്ഞു കൂട്ടാവുന്ന കഥകളായി മാറിയില്ലേ അക്കാലമെല്ലാം. അതെക്കുറിച്ച് ചിന്തിച്ചിട്ട് ഫലവുമില്ല. വർത്തമാന കാല സംഭവങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ പോകേണ്ടത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം സമ്പൂർണമായിരുന്നു. നിയമസഭയിൽ ഒരാളെയെങ്കിലും എത്തിച്ച് യാതൊരു വിധ പ്രകോപനവും ഉണ്ടാക്കാൻ മിനക്കെടാതെ മാന്യമായി അവരങ്ങ് ഒതുങ്ങിക്കൊടുത്തു. കോവൂർ കുഞ്ഞുമോന്റെ ശരീരത്ത് അല്പം ആർ.എസ്.പി വീര്യമുണ്ടെന്നതൊഴിച്ചാൽ സാന്നിദ്ധ്യം കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ നിയമസഭയുടെ പരിസരത്തു പോലും ആർ.എസ്.പിയുടെ അംശം എത്താതെ അദ്ദേഹം ശ്രദ്ധിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നപ്പോഴും പ്രകടനത്തിൽ തെല്ലും മാറ്റം വരുത്തിയില്ല. പക്ഷെ കൊല്ലം ലോക് സഭാ സീറ്റിൽ എൻ.കെ.പ്രേമചന്ദ്രൻ വൻ ഭൂരിപക്ഷത്തിന് ജയിച്ച് കയറിയത് ആരും കണ്ടില്ലെന്ന് നടിക്കരുത്. അങ്ങ് പാർലമെന്റിൽ പല വിഷയങ്ങളിലും അദ്ദേഹം കത്തിക്കയറാറുള്ളതും വിസ്മരിക്കാൻ പാടില്ല. എന്നാൽ ഇവിടെ പ്രതിപാദ്യ വിഷയം ഇതൊന്നുമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ,എന്താണെന്നറിഞ്ഞു കൂടാ മുൻ മന്ത്രികൂടിയായ ഷിബു ബേബിജോണിന് ഒരു മനം മടുപ്പ്. പാർട്ടി കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇടയ്ക്കിടെ ചെറിയ ഓക്കാനം. ചവറയിൽ കോൺഗ്രസിന്റെയും മറ്റു യു.ഡി.എഫ് കക്ഷികളുടെയും ആത്മാർത്ഥ ശ്രമം കൊണ്ട് രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു നിലയിലെത്തിയ നേതാവാണല്ലോ അദ്ദേഹം. പിതാവിനോടും പുത്രനോടും തോൽക്കാനുള്ള അവസരവും യു.ഡി.എഫ് അദ്ദേഹത്തിന് നൽകി. അക്കാര്യത്തിൽ കോൺഗ്രസിനോട് അല്പം നീരസം ഉണ്ടായാൽ അദ്ദേഹത്തെ കുറ്രം പറയാൻ സാധിക്കുകയുമില്ല.പക്ഷെ പ്രതിഷേധിക്കാനൊന്നും അദ്ദേഹം തയ്യാറല്ല. ഇഷ്ടം പോലെ ലീവ് കിടപ്പുണ്ട്. മെഡിക്കൽ ലീവും കാഷ്വൽ ലീവും . പാർട്ടിയിൽ നിന്ന് തത്കാലം ലീവെടുക്കാൻ അദ്ദേഹം ആലോചന തുടങ്ങി. ഇത് വല്ലാത്ത വലച്ചിലാവുമെന്ന് നന്നായി അറിയുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനാണ്. കാരണം ഒരു വശത്ത് ഷിബുവിനെയും മറുവശത്ത് എൻ.കെ.പ്രേമചന്ദ്രനെയും ഇരുത്തി കമ്മിറ്റി കൂടിയാലേ അതിനൊരു ത്രില്ല് വരൂ എന്ന് അസീസിന് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഷിബുബേബിജോണിന്റെ മനസിലിരുപ്പ് എന്തെന്നറിയണമല്ലോ. എത്രയൊക്കെ ചോദിച്ചിട്ടും , ഗ്യാസ് മുട്ടിനിൽക്കുന്നവരെപ്പോലെ ചില അസ്വസ്ഥതകൾ കാട്ടിയതല്ലാതെ അദ്ദേഹം ഒന്നും മൊഴിയുന്നുമില്ല. തലയുടെ ഇടതു വശത്ത് നേരിയ ചൂടുണ്ട് . ഇടത് കട്ടിൽ കണ്ടുള്ള ചെറിയ പനിക്കോളാണോ എന്ന സംശയം അസീസിനും തോന്നി.

പക്ഷെ രോഗനിർണയത്തിൽ സമർത്ഥനായ പ്രേമചന്ദ്രന് ലക്ഷണങ്ങൾ പിടികിട്ടിയതു പോലുണ്ട്. ഇടതുവശത്താണ് ചൂടും വേദനയുമെങ്കിൽ അത് വളരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. പ്രത്യേകിച്ച് കൊവിഡ് കാലത്ത്. ഏതായാലും ഇടതു ചേർന്നുള്ള യാത്ര വേണ്ടെന്ന് അദ്ദേഹം നിസംശയം പറഞ്ഞു. പോരെങ്കിൽ കേരള മുഖ്യൻ അദ്ദേഹത്തെ കുറെ മുമ്പ് നല്ലപോലെ ഒന്നു പ്രശംസിച്ചതുമാണല്ലോ. ആ സ്ഥിതിക്ക് ഇടതു വശം ചേർന്ന് യാത്ര തുടർന്നാൽ വീണ്ടും വല്ല പ്രശംസയും കിട്ടിപ്പോയാലോ എന്ന ആശങ്കയുമുണ്ട്. അവിടെ ചെന്നുപെട്ടാൽ പിന്നെ കിട്ടുക അടിയോ തൊഴിയോ ആട്ടുകട്ടിലോ എന്നതൊന്നും നിശ്ചയിക്കാനാവില്ല. പാലായിൽ നിന്ന് അങ്ങോട്ടു ചേക്കേറിയ ജോസുമോന് കിട്ടിയ മെത്തയ്ക്ക് വേണ്ടത്ര പഞ്ഞിയില്ലെന്നാണ് ഇപ്പോൾ കേൾക്കുന്നതും. പിന്നാലെ പഞ്ഞിക്കിടുമോ എന്നും അറിയില്ല. അതിനാൽ ഇടതുവശം ചേർന്നുള്ള യാത്രയ്ക്ക് തീരെ തത്പരനല്ല പ്രേമചന്ദ്രൻ. ഉചിതമായ സമയത്ത് , ഉചിതമായ തീരുമാനം എടുക്കുമെന്ന് പാർട്ടി സെക്രട്ടറിയുടെ എല്ലാ ഗാംഭീര്യത്തിലും അസീസ് പറയുന്നുണ്ടെങ്കിലും ആ പറച്ചിൽ ഇപ്പോൾ ഉചിതമാണോ എന്ന ഉചിതമായ സംശയമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്.

ആകെ കൺഫൂഷനാണല്ലോ

'വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യപോലെ' എന്ന പാട്ട് കേൾക്കുമ്പോഴത്തെ അവസ്ഥയാണ് ഇപ്പോൾ ഈ നേതാക്കൾക്ക്. കേരള സർവകലാശാലയ്ക്ക് അപ്പുറമുള്ള ഒരു കെട്ടിടത്തിന്റെ ജാലകങ്ങൾ തുറന്നാൽ കാണുന്നതും വാരിവിതറുന്ന കുങ്കുമമാണ്. ആരും മോഹിച്ചുപോവും. ആ മോഹവലയത്തിൽ പലരും വലതു കളം വിട്ട് ഇടത്തേക്ക് ചാടി. ചിലരൊക്കെ കര പറ്റി,ചിലരാവട്ടെ വരമ്പിൽ കിടന്ന് അള്ളിപ്പിടിക്കുകയാണ് ഒന്നു കരകയറാൻ. എങ്ങനെ വിശ്വസിച്ചു ചാടുമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ , ദാ വീണ്ടും കുങ്കുമം വാരി വിതറുന്നു. മൂന്ന് നേതാക്കളുടെയും മനസിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. വലിച്ചു വലിച്ച് വടം പൊട്ടാറായിട്ടും തീരുമാനമാവുന്നില്ല. അപ്പോൾ ദാ പിന്നെയും വാരി വിതറുന്നു...

ഇതു കൂടി കേൾക്കണേ

അക്കര പച്ച കണ്ട് പണ്ടൊന്നു ചാടി. അതിന്റെ ഏനക്കേട് മാറിയിട്ടില്ല. തെക്കു നിന്ന് വന്നതുമില്ല, ഒറ്റാലിൽ കിടന്നതുമില്ല എന്ന മട്ടായി കാര്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.