SignIn
Kerala Kaumudi Online
Friday, 19 April 2024 8.51 AM IST

കാലം തീയാണെന്നറിഞ്ഞ വൈരമുത്തു

vairamuthu

പ്രാചീന ചൈനയിലെ പുരോഗമന ചിന്താഗതിയുള്ള ചക്രവർത്തിയായിരുന്നു ഷവ് ക്വൻഗയ്ൻ തായ്സി. സാഹിത്യകലകളിൽ അതീവ തത്പരനായിരുന്ന അദ്ദേഹം തന്റെ പണ്ഡിതസദസിലെ മഹാകവിക്ക് പട്ടും പതക്കവും നൽകി ആദരിക്കാൻ തീരുമാനിച്ചു. ഫെമിനിസ്റ്റുകൾ ഇല്ലായിരുന്നെങ്കിലും സദാചാരപ്പുലികൾ അന്നും ഉണ്ടായിരുന്നത്രെ. അവർ മഹാകവിക്കെതിരെ സദാചാര ലംഘനക്കുറ്റം ആരോപിച്ച് പോരിനിറങ്ങി. ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന ദിവസം മഹാകവിയെ കഴുത്തറുത്ത് കൊന്നു. പക്ഷേ, തായ്സ് ചക്രവ‌ർത്തിക്ക് മഹാകവിയോടുണ്ടായിരുന്ന ആദരവിന് കുറവ് സംഭവിച്ചില്ല. പശ്ചാത്താപത്താൽ വ്രണിതഹൃദയനായ ചക്രവർത്തി മഹാകവിയുടെ തലയറ്റ മൃതദേഹത്തിൽ പട്ട് പുതപ്പിച്ചു. നെഞ്ചിൽ പതക്കം ചാർത്തി നമസ്കരിച്ചു.

തമിഴകത്തെ പെരിയ കവിയും പ്രമുഖ നോവലിസ്റ്റുമായ വൈരമുത്തുവിന് ഒ.എൻ.വി പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചതിനെതിരെ ഉയർന്നുവന്ന ആരോപണവും അവാർഡ് പുനഃപരിശോധിക്കാൻ ഒ.എൻ.വി കൾച്ചറൽ അക്കാഡമി തീരുമാനിച്ചതും അറിഞ്ഞപ്പോൾ സഹൃദയർക്ക് ഈ പഴങ്കഥയും ഓർമ്മ വന്നിട്ടുണ്ടാവും. ഗുജറാത്തിൽ തംബുരു ഉപയോഗിക്കാതെ സംഗീതംകൊണ്ട് ജീവിക്കുന്ന ഒരു വിഭാഗം പാട്ടുകാരുടെ വംശാവലിയും ഇത്തരം ഒരു കഥ പറയുന്നുണ്ട്. പരദേശിയായ പാട്ടുകാരന് സമ്മാനമായി നൽകിയ തംബുരു അന്നത്തെ 'ഒരു മീടൂ' ആരോപണത്തിന്റെ പേരിൽ ആനയ്ക്ക് ചവിട്ടി അരയ്ക്കാൻ എറിഞ്ഞുകൊടുത്ത രാജാവിന്റെ കഥയാണത്.

പത്മശ്രീയും പത്മഭൂഷണും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും ഏഴുതവണ ഗാനരചനയ്ക്കുള്ള ദേശീയ അവാഡും ലഭിച്ചിട്ടുള്ള വൈരമുത്തുവിന് കേരളത്തിലെ പെരിയ കവിയുടെ പേരിലുള്ള പുരസ്‌കാരം നൽകുന്നത് ചിലർക്കത്ര പിടിച്ചില്ല. അവർ ഉയർത്തിയ മീ ടൂ ആരോപണത്തിൽ വീണുപോയവരും വീഴാത്തവരുമുണ്ട്. പക്ഷേ, മഹാകവി വൈരമുത്തു താൻ ആദരിക്കുന്ന മലയാളകവിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നൽകിക്കൊണ്ടാണ് തീരുമാനം അറിയിച്ചത്. അവാർഡ് തുകയായ മൂന്നു ലക്ഷം രൂപയും ദുരിതാശ്വാനിധിയിലേക്ക് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. സൗന്ദര്യഗരിമയാർന്ന പ്രാചീന തമിഴ് തമിഴ്സാഹിത്യത്തിന്റെ പാരമ്പര്യം കൈവിടാത്ത വൈരമുത്തു സ്ത്രീപക്ഷ രചനകൾകൊണ്ടും വാഴ്ത്തപ്പെട്ട എഴുത്തുകാരനാണ്. 'കരുവാച്ചികാവ്യം' എന്ന നോവലും 'വൈകരൈ മേഗങ്കൾ' എന്ന കവിതാസമാഹരവും അതിന്റെ സാക്ഷ്യപത്രങ്ങളാണ്. സ്ത്രീശക്തിയുടെ ഉയിർത്തെഴുന്നേൽപ്പിന് ആഹ്വാനംചെയ്യുന്ന കവിതാസമാഹരമാണ് 'വൈകരൈ മേഗങ്കൾ'. നിരക്ഷരരായ പുരുഷന്മാർ ഭരിക്കുന്ന സമൂഹത്തിൽ അടിമയായ ഒരു സ്ത്രീ നേരിടുന്ന അനുഭവങ്ങളെ ചൂഴ്ന്നുനിൽക്കുന്ന നോവലാണ് കരുവാച്ചിയുടെ ഇതിഹാസമായ കരുവാച്ചി കാവ്യം.

തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിൽ കാർഷിക ജീവിതം നയിച്ചിരുന്ന രാമസാമിയുടെയും അംഗമ്മാളുടെയും പുത്രനായി ജനിച്ചുവളർന്ന വൈരമുത്തു പെരിയാർ ഇ.വി. രാമസ്വാമി മുതൽ കണ്ണദാസൻ വരെയുള്ള പെരിയ കവികളുടെ പ്രചോദനങ്ങൾ ഏറ്റുവാങ്ങിയാണ് അചുംബിതകല്പനകളുടെ ദ്രാവിഡകവിയായി വിഖ്യാതനായത്. തിരുവള്ളുവരുടെ തിരുക്കുറളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘വെൻബ കവിതകൾ' എഴുതി പ്രസിദ്ധീകരിക്കുമ്പോൾ വൈരമുത്തുവിന് പ്രായം14. വൈഗരൈ മേഘങ്ങൾ എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ വയസ് 19. അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന വൈരമുത്തുവിന്റെ ഈ പുസ്തകം ചെന്നൈയിലെ സ്വയംഭരണാവകാശമുള്ള വനിത ക്രിസ്ത്യൻ കോളേജിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി.

വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ കവി സാമ്രാട്ട് (കവിതയുടെ രാജാവ്) എന്നും അബ്ദുൽകലാം രാഷ്ട്രപതി ആയിരിക്കെ കാവ്യ കവിഗ്നർ (കാവ്യങ്ങളുടെ കവി) എന്നും മുഖ്യമന്ത്രി കരുണാനിധി കവി പെററസ് (കവികളുടെ ചക്രവർത്തി) എന്നും ബിരുദങ്ങൾ നൽകി ആദരിച്ച കവിയാണ് വൈരമുത്തു. തീ കത്തുന്നിടത്തോളം കാലം തീയാണെന്ന് പറഞ്ഞ കവി. കറങ്ങുന്നിടത്തോളം ഭൂമി ഭൂമിയായി തുടരുമെന്നും മനുഷ്യർ പോരാടുന്നിടത്തോളം കാലം മനുഷ്യനാണെന്നും വൈരമുത്തു പറഞ്ഞു. അങ്ങനെ ഒരു ദർശനമുള്ള കവിക്ക് ഈ പുരസ്കാരം ലഭിക്കുകയൊ ലഭിക്കാതിരിക്കുകയൊ ചെയ്യുന്നത് മലയാളത്തിന്റെ അന്തസിനെ ആശ്രയിച്ചിരിക്കുമെന്ന് പറയുന്നതാവും ഉചിതം. നിരാലംബമായ കുടുംബങ്ങളുടെയും അവിടെ വളരുന്ന കുട്ടികളുടെയും ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ചുപോരുന്ന ജീവകാരുണ്യപ്രവർത്തകൻ കൂടിയാണ് വൈരമുത്തു. ഇതൊന്നും വൈരമുത്തുവിനെതിരെ എടുത്തുചാടിയവർ അറിഞ്ഞിരിക്കണമെന്നില്ല. അവാർഡ് നിർണയിച്ച സമിതിഅംഗങ്ങളായ പ്രഭാവർമ്മയ്ക്കും ആലങ്കോട് ലീലാകൃഷ്ണനും അനിൽ വള്ളത്തോളും ഒ.എൻ.വി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനും ഇതൊന്നും അറിയാത്തവരല്ല. അതുകൊണ്ടാണ് വളരെ സന്തോഷത്തോടെ വൈരമുത്തുവിന്റെ പേര് നിർദ്ദേശിച്ചത്.

2018ലാണ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപദ മീടൂ ആരോപണം ഉന്നയിച്ചത്. പ്രശ്നം എന്താണ്? 2005ൽ സ്വിറ്റ്‌സർലാൻഡിൽ നടന്ന ഒരു സംഗീതപരിപാടിക്ക് വൈരമുത്തുവിനൊപ്പം ഗായിക ചിന്മയി ശ്രീപദയും ഉണ്ടായിരുന്നു. വൈരമുത്തു ഹോട്ടലിൽ കാത്തിരിക്കുന്നുവെന്നും അവിടേക്ക് ചെന്ന് സഹകരിക്കണമെന്നും അതിന്റെ സംഘാടകരിൽ ഒരാൾ ചിന്മയിയോട് പറഞ്ഞു. ഇതാണ് മീടൂ ആരോപണത്തിന് ഇടയാക്കിയത്. അതിനുശേഷം 2015ൽ നടന്ന ചിന്മയിയുടെ വിവാഹത്തിന് വൈരമുത്തുവിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. വധൂവരന്മാരോടൊപ്പം വൈരമുത്തു നില്ക്കുന്ന ഫോട്ടോയും പുതിയ വിവാദത്തിനൊപ്പം സോഷ്യൽമീഡിയകളിൽ പ്രചരിച്ചിട്ടുണ്ട്. ചിന്മയിക്കു പിന്നാലെ രണ്ടു ഡസൻ വനിതകൾകൂടി വൈരമുത്തുവിനെതിരെ മീടൂ ആരോപണവുമായെത്തിയിരുന്നു. അവരിൽ ചിലരും കേരളത്തിലെ ഒരു വിഭാഗം ഫെമിനിസ്റ്റുകളും വൈരമുത്തുവിന് കേരളത്തിന്റെ സാംസ്കാരിക നായകൻ കൂടിയായിരുന്ന ഒ.എൻ.വിയുടെ പേരിലുള്ള അവാർഡ് നൽകാൻ പാടില്ലെന്ന് കല്‌പിച്ചു. അതിന്റെ സ്വാധീനം എവിടെയെല്ലാമോ തറച്ചതിനു പിന്നാലെ അവാർഡ് പുനഃപരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയും ഇറക്കി.

വിവാദം ഇരു കവികളുടെയും കുടുംബത്തെ എത്രമാത്രം ആലോസരപ്പെടുത്തിയിട്ടുണ്ടാവും എന്ന് പറയേണ്ടതില്ല. പക്ഷേ,​ ഇവിടെ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്തരം ആളുകളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുവേണമോ കേരളത്തിൽ പുരസ്കാരങ്ങൾ നിശ്ചയിക്കുകയും സമ്മാനിക്കുകയും ചെയ്യേണ്ടത്? എന്തെങ്കിലും എതിർവാദങ്ങളുണ്ടായാലുടൻ നിശ്ചയിച്ച അവാർഡ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് ഉചിതമാണോ?

എഴുത്തുകാരുടെ സർഗ്ഗസൃഷ്ടികളെ മുൻനിറുത്തിയാണ് സാധാരണഗതിയിൽ നമ്മുടെ നാട്ടിലും പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. അത് സ്വഭാവസർട്ടിഫിക്കറ്റല്ല.

ഇ.വി. രാമസ്വാമിക്കും ഭാരതിദാസനുമെല്ലാമൊപ്പം വൈരമുത്തുവിനെയും തലമുറകൾ വായിക്കുകയും പഠിക്കുകയും നെഞ്ചേറ്റി ലാളിക്കുകയും ചെയ്യും. അപ്പോഴെല്ലാം ഈ സോകാൾഡ് ഫെമിനിസ്റ്റുകൾ എന്തുചെയ്യും?

ആരോപണം കെട്ടിച്ചമച്ചതാണെന്നും അതുന്നയിച്ച് മൂന്നു വർഷമായിട്ടും ഒരു കേസുപോലും എടുത്തിട്ടില്ലെന്നുമാണ് വൈരമുത്തു പ്രതികരിച്ചത്. ഗാനരചയിതാവായ മകൻ മദൻ കാർകിയും ട്വീറ്ററിലൂടെ പ്രതികരണവുമായി എത്തിയിരുന്നു. 'ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്.' എന്നാണ് മകന്റെ ട്വീറ്റ്. പ്രണയസങ്കല്പകത്തിന് 'എന്നെ ഇന്തഭൂമി ചുറ്റിവരും ആശൈ' എന്നെഴുതിയ കവിയാണ് വൈരമുത്തു. ഭൂമിയുടെ ആസന്ന മൃതിയിൽ കരൾപിടഞ്ഞ് ചരമഗീതം എഴുതിയ കവിയുടെ പേരിലുള്ള അവാർഡ് അദ്ദേഹത്തിന് നൽകാനാകുന്നതിൽ അഭിമാനിക്കുന്ന ലക്ഷക്കണക്കിന് സഹൃദയർ ജീവിച്ചിരിപ്പുണ്ട്. അത് വൈരമുത്തുവിനും അറിയാം. അതുകൊണ്ടാണ് അദ്ദേഹം അചുംബിത കല്പനകളുടെ കവിയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIRAMUTHU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.