SignIn
Kerala Kaumudi Online
Thursday, 25 April 2024 7.07 AM IST

കടലാസിൽ ഉറങ്ങുന്ന ക്ഷേമനിധി

photo

അസംഘടിത തൊഴിലാളികൾ ദുരിതത്തിൽ
സാമൂഹ്യ സുരക്ഷ പാഴ്‌വാക്കായി

നെടുമങ്ങാട്: കൊവിഡ് കലിതുള്ളുമ്പോഴും അസംഘടിത തൊഴിലാളികളോടുള്ള അധികൃതരുടെ വിവേചനത്തിന് അറുതിയില്ല. സാമൂഹ്യ ക്ഷേമനിധി വകുപ്പിന് കീഴിൽ രജിസ്‌ട്രേഷനുള്ള ആയിരക്കണക്കിന് അടിസ്ഥാന വിഭാഗങ്ങളാണ് അവഗണനയിൽ മനംനൊന്ത് കഴിയുന്നത്. ഇല്ലായ്മകളിൽ നിന്ന് സ്വരുക്കൂട്ടിയ ലക്ഷക്കണക്കിന് രൂപ ഓരോ തൊഴിലാളിയും ക്ഷേമനിധി ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. കുറഞ്ഞത് ഇരുപതിനായിരം രൂപയെങ്കിലും ഓരോ വർഷവും അടയ്ക്കാത്ത തൊഴിലാളികൾ കുറവാണ്. സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൽ ദുരിതം വിതയ്ക്കുന്ന കൊവിഡ്ക്കാലത്ത് പോലും വിതരണം ചെയ്യാനുള്ള മനസാക്ഷി അധികൃതർ കാട്ടുന്നില്ലെന്നാണ് പരക്കെ ഉയരുന്ന പരാതി.

തൊഴിലാളിയുടെ ജീവനും അവശതയ്ക്കുമുള്ള പരിരക്ഷയാണ് ഒന്നാമത്തെ സാമൂഹിക സുരക്ഷയായി ക്ഷേമനിധിയിൽ ഉറപ്പ് നൽകിയിട്ടുള്ളത്. ആരോഗ്യവും പ്രസവാനുകൂല്യങ്ങളും, വാർദ്ധക്യകാല സംരക്ഷണം, തൊഴിൽക്ഷമതാ ആനുകൂല്യം, പ്രോവിഡന്റ് ഫണ്ട്, ഭവനനിർമ്മാണം, കുട്ടികൾക്ക് ധനസഹായം, ശവസംസ്കാരത്തിനുള്ള സഹായം തുടങ്ങി എണ്ണമറ്റ മാർഗ നിർദേശങ്ങൾ ഫയലുകളിൽ മയക്കത്തിലാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടമായവർക്ക് സർക്കാർ പ്രഖ്യാപിച്ച 1,000 രൂപ ധനസഹായം വിതരണവും ഇഴയുകയാണ്.

കണ്ണടച്ച് ബാംബൂ കോർപ്പറേഷൻ

ഈറ്റക്ഷാമം വരിഞ്ഞുമുറുക്കിയിട്ടും തൊഴിലാളികളെ സഹായിക്കാൻ ബാംബൂ കോർപ്പറേഷൻ മുന്നോട്ടു വരാത്തത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്. 60 മാസത്തെ ഡി.എ കുടിശിഖ ഓരോ കുടുംബത്തിനും കിട്ടാനുണ്ട്. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ പിന്നിടുമ്പോഴും കുടിശിക തീർക്കാൻ അധികൃതർക്ക് താത്പര്യമില്ല. തുകയിൽ അല്പമെങ്കിലും ലഭിച്ചെങ്കിൽ എന്ന് ആശിക്കുകയാണ് ഈ കുടുംബങ്ങൾ. ഗത്യന്തരമില്ലാതെ ആത്മഹത്യയെ അഭയം പ്രാപിച്ചവരുമുണ്ട്. അടുത്തിടെ ജീവനൊടുക്കിയ ഈറ്റത്തൊഴിലാളിയായ ഇടിഞ്ഞാർ വിജയന്റെ ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക ബാദ്ധ്യത ഭയന്ന് ജീവനൊടുക്കുകയാണെന്നാണ് വെളിപ്പെടുത്തൽ. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 70 ഈറ്റത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. ഈറ്റ നെയ്ത് ഉത്പന്നങ്ങളാക്കിയാൽ തുച്ഛമായ വിലയാണ് പ്രതിഫലമായി ലഭിക്കുക. പതിറ്റാണ്ടുകളായി ഒരേ വിലയാണ് ഈറ്റ ഉത്പന്നങ്ങൾക്ക് സർക്കാർ നല്കുന്നത്. ബാംബൂ കോർപ്പറേഷൻ പ്രവർത്തന സജ്ജമല്ലെന്ന പരാതി വ്യാപകമാണ്.

ആനുകൂല്യങ്ങളില്ലാതെ

കയറ്റിറക്ക് തൊഴിലാളികളെ രണ്ടു വിഭാഗമായി അധികൃതർ തന്നെ തരംതിരിച്ചിട്ടുണ്ട്. രജിസ്‌റ്റേർഡ് വിഭാഗമെന്നും സ്കാറ്റേർഡ് വിഭാഗമെന്നും. ആദ്യ വിഭാഗത്തിൽ നെടുമങ്ങാട് താലൂക്കിൽ ആകെയുള്ളത് 349 പേർ മാത്രം. പരിരക്ഷാ ആനുകൂല്യങ്ങളെല്ലാം ഇവരിൽ ഒതുങ്ങുന്നതായാണ് ആക്ഷേപം. സ്കാറ്റേർഡ് വിഭാഗത്തിൽ അയ്യായിരത്തോളം തൊഴിലാളികളുണ്ട്. മാസം തോറും 100 രൂപ ക്ഷേമനിധി വിഹിതം ഇവരിൽ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. വനംവകുപ്പിലെ താത്കാലിക ജീവനകാർ 30 ദിവസം ജോലി ചെയ്യുമ്പോൾ വേതനം ലഭിക്കുക 7 ദിവസത്തേക്ക് മാത്രമാണ്. ഇവർക്ക് ക്ഷേമനിധിയിലും ഇടമില്ല.

ആനുകൂല്യ നിഷേധം ഇവർക്ക്

പരമ്പരാഗത ഈറ്റത്തൊഴിലാളികൾ, സ്കാറ്റേർഡ് വിഭാഗം കയറ്റിറക്ക് തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, ആധാരമെഴുത്തുകാർ, വക്കീൽ ഗുമസ്തന്മാർ, ക്ഷേത്ര ജീവനക്കാർ, പാചക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, വർക്ക്ഷോപ്പ് തൊഴിലാളികൾ, ലോട്ടറി വില്പന തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ, ചെറുകിട തോട്ടംതൊഴിലാളികൾ, ആഭരണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ബാർബർ ബ്യൂട്ടീഷ്യൻ, അലക്ക് തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ

തൊഴിലാളികൾക്ക് വാക്‌സിനേഷനുള്ള സൗകര്യം ഏർപ്പെടുത്തി. രജിസ്‌റ്റേർഡ് ചുമട്ടു തൊഴിലാളികളായ 243 പേർക്ക് ആയിരം രൂപ വീതം അനുവദിച്ചു

സിനി,​ സൂപ്രണ്ട്, ക്ഷേമനിധി വിഭാഗം, നെടുമങ്ങാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEDUMANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.