തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ പുതിയ ഫയർ സ്റ്റേഷൻ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളിന്റെ സബ്മിഷനിലാണ് ഇക്കാര്യം അറിയിച്ചത്. കാട്ടിപ്പരുത്തിയിൽ 42സെന്റ് പുറമ്പോക്ക് ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബത്തേരിയിൽ
കോളേജ് ഉടനില്ല
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു ഐ.സി.ബാലകൃഷ്ണനെ അറിയിച്ചു. കൽപറ്റയിലും മാനന്തവാടിയിലും കോളേജുണ്ട്. പെരിയയിൽ കേന്ദ്രസർക്കാരിന്റെ മോഡേൺ കോളേജും വരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.
പ്രളയത്തിൽ തകർന്ന റോഡ്
നിർമ്മിക്കാൻ ജർമ്മൻ സഹായം
തിരുവനന്തപുരം: ഇടുക്കിയിൽ പ്രളയത്തിൽ തകർന്ന 31.96 കിലോമീറ്റർ നെയ്യശ്ശേരി തോക്കുമ്പൻ സാഡിൽ റോഡ് ജർമ്മൻബാങ്ക് സഹായത്തോടെ പുനർനിർമ്മിക്കും. 151.64കോടിയാണ് ചെലവ്. 0.99 ഹെക്ടർ വനഭൂമി കിട്ടാൻ 10.83 ലക്ഷം രൂപ നൽകി. വിശദമായ പദ്ധതി രേഖ ജർമ്മൻബാങ്കിന് ഉടൻ സമർപ്പിക്കുമെന്ന് പി. ജെ. ജോസഫിനെ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 16 കിലോമീറ്റർ ചേലക്കാട് -വില്ല്യാപ്പള്ളി -വടകര റോഡ് വീതികൂട്ടാനുള്ള 58.21കോടിരൂപയുടെ പദ്ധതിക്ക് നൽകിയിട്ടുണ്ട്. ഇതിലെ കെട്ടിട ഉടമകളുടെ അനുമതി രേഖകൂടി കിട്ടണമെന്ന് ഇ.കെ.വിജയനെ മന്ത്രി അറിയിച്ചു.
ഫോട്ടോഗ്രാഫർമാർക്ക്
1000രൂപ, വാടക ഇളവ്
തിരുവനന്തപുരം: ലോക്ക് ഡൗൺ പരിഗണിച്ച് ഫോട്ടോഗ്രാഫർമാർക്കും വീഡിയോ ഗ്രാഫർമാർക്കും 1000രൂപ വീതം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി കെ.പി.മോഹനന്റെ സബ്മിഷന് മറുപടി നൽകി. ഫോട്ടോഗ്രാഫി അനുബന്ധ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാം. നിലവിലുള്ള അംഗങ്ങൾക്ക് ബോർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. കൊവിഡ് സ്ഥിതി മെച്ചപ്പെടുമ്പോൾ ഫോട്ടോഗ്രാഫി മേഖലയ്ക്കും തുറക്കാം. ലോക്ക് ഡൗണിൽ തുറക്കാനാവാത്ത ഫോട്ടോഗ്രാഫി സ്ഥാപനങ്ങൾക്ക് വാടക ഇളവ് നൽകും. ഈ മേഖലയിലുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |