1995-ൽ റാഫി മെക്കാർട്ടിന്റെ രചനയിൽ രാജസേനൻ സംവിധാനം ചെയ്ത ജയറാം ചിത്രമായ ആദ്യത്തെ കൺമണിയിലൂടെ മലയാളത്തിലെത്തിയ കന്നഡ താരമാണ് സുധാറാണി. ആദ്യത്തെ കൺമണിയിലെ അംബിക എന്ന കഥാപാത്രം സുധാറാണിക്ക് മലയാളത്തിലും ഏറെ ആരാധകരെ നേടിക്കൊടുത്തെങ്കിലും പിന്നീട് താരം മലയാളത്തിലഭിനയിച്ചില്ല. മോഹൻലാലിനൊപ്പം ഒരു പരസ്യചിത്രത്തിലഭിനയിച്ച സുധാറാണി കന്നഡ, തെലുങ്ക് ചിത്രങ്ങളിലാണ് കൂടുതലഭിനയിച്ചത്. കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് പവിത്രൻ സംവിധാനം ചെയ്ത വസന്തകാലപ്പറവൈ എന്ന തമിഴ് ചിത്രത്തിലും നായികയായി.
ഇപ്പോൾ സുധാറാണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച മകൾ നിമ്മിക്കൊപ്പമുള്ള ചിത്രം ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. പണ്ടത്തെ സ്നേഹം ആരാധകർക്ക് ഇപ്പോഴും തന്നോടുണ്ടെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകരണമെന്ന് സുധാറാണി പറയുന്നു.
മുമ്പത്തെക്കാൾ സുധാറാണി സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രങ്ങൾക്ക് ആരാധകരിലേറെയും നൽകിയിരിക്കുന്ന കമന്റ്.നാല്പത്തിയാറുകാരിയായ സുധാറാണി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. അഭിനയത്തിനും മോഡലിംഗിനും പുറമെ ഡബിംഗ് ആർട്ടിസ്റ്റ് നർത്തകി എന്നീ നിലകളിലും ശ്രദ്ധേയയാണ്.
സിനിമയിൽ സജീവമായിരുന്ന സമയത്ത് അമേരിക്കയിൽ ഡോക്ടറായിരുന്ന സഞ്ജയിനെ വിവാഹം കഴിച്ചെങ്കിലും ഏറെ വൈകാതെ വേർപിരിഞ്ഞു. പിന്നീട് ബന്ധുവായ ഗോവർദ്ധനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകളാണ് നിധി. അവതാര പുരുഷ, തുരുതു നിർഗമന, യുവരത്ന എന്നീ കന്നഡ ചിത്രങ്ങളാണ് സുധാറാണിയുടേതായി ഇനി റിലീസാകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |