Kerala Kaumudi Online
Saturday, 25 May 2019 11.28 PM IST

കര്‍ഷകരുടെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍

farmer

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടും നടുക്കിക്കൊണ്ട് കര്‍ഷക ആത്മഹത്യകള്‍ പെരുകുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എട്ടു കര്‍ഷകരാണ് ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത്. വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. സര്‍വ്വവും നശിപ്പിച്ചു കടന്നു പോയ പ്രളയത്തിന്റെ തുടര്‍ച്ചയാണ് ഈ ആത്മഹത്യകള്‍. പ്രളയം നാശം വിതച്ച് ഏഴുമാസത്തോളമായിട്ടും അതിന്റെ കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ച് കയറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് കര്‍ഷകര്‍ക്ക് ജീവനൊടുക്കേണ്ടി വന്നത്.

പ്രളയമുണ്ടായപ്പോള്‍ സര്‍ക്കാര്‍ വാരിച്ചൊരിഞ്ഞ വാഗ്ദാനങ്ങള്‍ക്ക് കണക്കില്ല. ഫലമോ തുരുതുരെ ജപ്തി നോട്ടീസുകള്‍ വന്നു. ബാങ്കുകളെ കബളിപ്പിച്ച് രക്ഷപ്പെടുന്ന വന്‍കിട തട്ടിപ്പുകാരെ പിടികൂടുന്നതിന് സര്‍ക്കാര്‍ കൊണ്ടു വന്ന സര്‍ഫാസി നിയമമാണ് എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട കര്‍ഷകര്‍ക്ക് നേരെ എടുത്തു വീശിയത്. ജീവനൊടുക്കുക അല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ് അതോടെ ഉണ്ടായത്. പിണറായി സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് കര്‍ഷകരുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം. കര്‍ഷകരുടെ ഓരോ ആത്മഹത്യ്ക്കും ഈ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ കണക്ക് പറയണം.

പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയില്‍ മാത്രം 11,530 ഹെക്ടറിലേറെ സ്ഥലത്തെ കൃഷി ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 2300 ആടുമാടുകള്‍ ചത്തൊടുങ്ങി. പതിനായിരക്കണക്കിന് കര്‍ഷകരാണ് ദുരിതത്തിലായത്. 1713 വീടുകള്‍ പൂര്‍ണ്ണമായും 7106 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഔദ്യോഗികമായ ഈ കണക്കുകള്‍ക്കപ്പുറമാണ് ഇടുക്കിയില്‍ യഥാര്‍ത്ഥത്തിലുണ്ടായ നഷ്ടം. മലവെള്ളപ്പാച്ചിലില്‍ വീടുകള്‍ മിക്കവാറും കുത്തിയൊലിച്ചു പോയിരുന്നു. കൃഷിയിടങ്ങള്‍ അപ്പടി ഒലിച്ചു പോവുകയോ മണ്ണു കൊണ്ട് മൂടുകയോ ചെയ്തു. വീണ്ടും കൃഷി ഇറക്കാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ നിസ്സഹായരായി. നേരത്തെ തന്നെ കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഇടിവ് കാരണം കര്‍ഷകര്‍ കടത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്നു.

ഒന്ന് മുതല്‍ അഞ്ച്- ആറ് ഏക്കര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ് ബാങ്കുകളില്‍ നിന്നും, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്തു കൃഷി നടത്തുന്നവരില്‍ അധികവും. ഇവരെ സംബന്ധിച്ചിടത്തോളം കൃഷിയല്ലാതെ മറ്റു വരുമാനമാര്‍്ഗങ്ങള്‍ ഒന്നും തന്നെയില്ല. വിളവെടുപ്പ് കഴിഞ്ഞാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്ത് മാസത്തിലെ കനത്തമഴയും അതിനെതുടര്‍ന്നുണ്ടായ പ്രളയവും ഇടുക്കി ജില്ലയില്‍ വരുത്തി വച്ച കൃഷി നാശം ഈ കര്‍ഷകരെ നിസഹായതയുടെ പടുകുഴിയിലേക്കെത്തിച്ചു.

ചുരുക്കത്തില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച കര്‍ഷകരെയും, ചെറുകിട വ്യാപാരികളെയും സര്‍ക്കാര്‍ പൂര്‍്ണ്ണമായും അവഗണിക്കുകയായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉള്ള വിലയിടവിന് പുറമേ പ്രളയംമൂലമുള്ള വിളനാശവും കൂടി ചേര്‍ന്നാണ് കര്‍ഷകരെ കുടുക്കിയാക്കിയത്. ഒന്നും ചെയ്യാതെ കുറെ പ്രഖ്യാപനങ്ങളും നടത്തി കയ്യും കെട്ടി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏതാണ്ട് 14 കര്‍ഷകര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശ രഹിത വായ്പ നല്‍കുമെന്ന് പറഞ്ഞിരുന്നു. എവിടെയാണ് ആ വായ്പ? ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

. കര്‍ഷക ആത്മഹത്യകളോട് ഇടതു സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനും, കര്‍ഷകരോടുള്ള നിഷേധാത്മക നയത്തിനും എതിരെ യു ഡി എഫ് കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ കട്ടപ്പന മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. ഇനി ഒരു കര്‍ഷകനും ഈ മണ്ണില്‍ ജീവനൊടുക്കരുത.് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് നേരെ ഇനിയും കണ്ണടച്ചിരിക്കാനാണ് ഭാവമെങ്കില്‍ ഞാന്‍ നടത്തുന്ന ഈ സത്യാഗ്രഹം വരാന്‍ പോകുന്ന കനത്ത പ്രക്ഷോഭത്തിന്റെ സൂചന മാത്രമായിരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA FARMER SUICIDE, RAMESH CHENNITHALA, KERALA SARKAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY