SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.25 AM IST

പിയാനോയ്ക്കുള്ളിലെ സ്വർണ നിധി

gold-in-piano

നിധിവേട്ടയ്ക്കിറങ്ങിയ മനുഷ്യരുടെ കഥകൾ നിരവധിയുണ്ട്. കാലത്തിനതീതമായി അവ മനുഷ്യമനസിനെ വട്ടം കറക്കുന്നു. നിധിതേടുന്ന ഭാഗ്യാന്വേഷികളെക്കാൾ ഭാഗ്യദേവത കടാക്ഷിക്കുന്നത് സാധാരണക്കാരെയാണ്. അവിചാരിതമായി,​ അപ്രതീക്ഷിതമായി കോടക്കണക്കിന് രൂപയുടെ സൗഭാഗ്യം അവരെത്തേടിയെത്തുന്നു. അത്തരത്തിലൊരു ജീവിതകഥയാണ് സംഗീതം ഉപജീവനമാക്കിയ ഹെമ്മിംഗ് കുടുംബത്തിന് പറയാനുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട സംഗീതോപകരണത്തിൽ നിന്ന് ലഭിച്ച കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരത്തെപ്പറ്റിയാണത്.

കെട്ടുകഥകളെ വെല്ലുന്ന തരത്തിലാണ് ബ്രിട്ടണിലെ ഏറ്റവും വലിയ നിധി ശേഖരം ഒളിച്ചുവച്ചിരുന്നത്. ഹെമ്മിംഗ് കുടുംബം അത് കണ്ടെത്തിയ നിമിഷം അവർ അത്ഭുതം കൊണ്ട് ഞെട്ടിപ്പോയി. 913 മാറ്റുള്ള സ്വർണനാണയങ്ങളുടെ വലിയ ശേഖരം. ബ്രിട്ടനിൽ ഇത്രയും വിലപിടിപ്പുള്ള നിധിശേഖരം കണ്ടുകിട്ടുന്നതാദ്യം.

പിയാനോ പാട്ടു നിറുത്തിയപ്പോൾ തെളിഞ്ഞ ഭാഗ്യം

പ്രിയപ്പെട്ട പിയാനോയുടെ ഉള്ളിൽ നിന്നാണ് ഹെമ്മിംഗ് കുടുംബം വിലമതിക്കാനാവാത്ത നിധി ശേഖരം കണ്ടെടുത്തത്. സംഭവം 2016ലാണ്.

ഷ്രോപ്ഷയിലെ ബിഷപ്സ് കാസിൽ കമ്മ്യൂണിറ്റി കോളേജിൽ ഒരു പിയാനോ സമ്മാനമായി ലഭിച്ചു. ലണ്ടനിലെ പ്രശസ്ത പിയാനോ നിർമ്മാണ കമ്പനിയായ ജോൺ ബ്രോഡ്വുഡ് ആൻഡ് കമ്പനി നിർമ്മിച്ച വളരെ പഴക്കമുള്ളൊരു പിയാനോയാണത്. 1906ൽ എസ്സെക്സിലുള്ള രണ്ട് സംഗീത അദ്ധ്യാപകർക്കാണ് ആദ്യം ആ പിയാനോ വിറ്റത്.

1983ൽ ഹെമ്മിംഗ് കുടുംബം അത് സ്വന്തമാക്കി. വൈകാതെ അവർ ഷ്രോപ്ഷയിലേക്കു താമസം മാറ്റി. 33 വർഷത്തോളം അവർ പിയാനോ ഭദ്രമായി സൂക്ഷിച്ചു. 2016ൽ ഹെമ്മിംഗ് കുടുംബത്തിലെ ദമ്പതികളായ ഗ്രഹാമും മെഗും കുട്ടികളെ സംഗീതം പഠിപ്പിക്കാനായി പിയാനോ കാസിൽ കമ്യൂണിറ്റി കോളേജിന് കൈമാറാൻ തീരുമാനിച്ചു. കോളേജിലെ പിയാനോ ട്യൂണറായ 61 വയസുള്ള മാർട്ടിൻ ബാക്ക്ഹൗസിനായിരുന്നു പിയാനോയുടെ ചുമതല. എന്നാൽ, 2016ലെ ക്രിസ്മസ് കാലത്ത് പിയാനോയ്ക്ക് അല്പം അസ്വസ്ഥത കണ്ടു. അതിന്റെ കീബോർഡിൽ ചില കട്ടകൾ പ്രവർത്തിക്കുന്നില്ലെന്ന് മാർട്ടിന് മനസിലായി. പൊടി തുടച്ചു നോക്കിയിലാക്കിയ മാർട്ടിൻ അതോടെ പിയാനോ അഴിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. കീബോർഡ് അഴിച്ചു നോക്കുമ്പോൾ മാർട്ടിൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല വിലമതിക്കാൻ കഴിയാത്തൊരു സമ്മാനം പിയാനോയ്ക്കുള്ളിലുണ്ടെന്ന്. കീബോർഡിനു താഴെയുള്ള ഏതാനും ചെറു സഞ്ചികളാണ് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രാണികളെ അകറ്റാൻ വേണ്ടി എന്തെങ്കിലും മരുന്നുവച്ച സഞ്ചിയാണിതെന്നാണ് ആദ്യം കരുതിയത്. പക്ഷേ, എടുത്തുനോക്കിയപ്പോൾ നാണയം പോലെ എന്തോ കിലുങ്ങുന്നു. സഞ്ചി തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സ്വർണനാണയങ്ങളായിരുന്നു. ആകെ ഏഴ് തുണിസഞ്ചികളും ഒരു തുകൽ പേഴ്സുമായിരുന്നു ഉണ്ടായിരുന്നത്. ആകെ 913 സ്വർണനാണയങ്ങളും അർദ്ധസ്വർണനാണയങ്ങളും. ഭൂരിപക്ഷം നാണയങ്ങളും തങ്കത്തിൽ നിർമ്മിച്ചതായിരുന്നു. ബ്രിട്ടിഷ് മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിൽ ഈ സ്വർണ നാണയങ്ങൾ 1847 മുതൽ 1915 വരെയുള്ള കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തി. വിക്ടോറിയ രാജ്ഞി, എഡ്വേർഡ് ഏഴാമൻ, ജോർജ് അഞ്ചാമൻ രാജാക്കന്മാരുടെ കാലത്തെ നാണയങ്ങളായിരുന്നു അവ. ആറു കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു ഈ സ്വർണ നാണയങ്ങൾക്ക്. 1926നും 1946നും ഇടയിലാണ് അവ പിയാനോയിൽ ഒളിപ്പിച്ചതെന്ന സൂചനയും സഞ്ചികളിലുണ്ടായിരുന്നു

അവകാശികളേറെ, എല്ലാം വ്യാജം

വിലമതിക്കാനാവാത്ത നിധിയുടെ വാർത്ത പരന്നതോടെ നിധിയുടെ അവകാശികളാണെന്നവകാശപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. പിയാനോയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് പലരുമെത്തിയത്. എന്നാൽ, ഇവരുടെ വാദങ്ങൾ വ്യാജമാണെന്നു തെളിഞ്ഞു. പിയോനോയുടെ യഥാർത്ഥ ഉടമസ്ഥാരാണെന്ന് കണ്ടെത്താനും കഴിഞ്ഞില്ല. ഇത്രയേറെ സ്വർണം ആരാണ് പിയാനോയിൽ ഒളിപ്പിച്ചതെന്നും കണ്ടെത്താനായില്ല.

ചുരുളഴിയാത്ത രഹസ്യം ഇതൊരു അത്ഭുതകരമായ കേസാണെന്നാണ് ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥമായ റെവിൽ പറയുന്നത്. യഥാർത്ഥ നിധി 1926നും 1946നും ഇടയിൽ വീണ്ടും പുതിയ തരത്തിൽ പാക്ക് ചെയ്തതാണെന്നാണ് മനസിലാക്കാനാവുന്നത്. അതിനുള്ള തെളിവുകളുണ്ട്. അമ്പതോളം പേർ നിധിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തിയെങ്കിലും ആർക്കും സത്യത്തിന്റെ അടുത്തുപോലുമെത്താനായില്ലെന്നതാണ് അത്ഭുതകരം. നിധിയുടെ ഇപ്പോഴത്തെ മൂല്യം കണക്കാക്കാനാവില്ല. അത്രമേൽ വിലമതിക്കാനാവാത്തതാണിത്. - റെവിൽ പറഞ്ഞു. 33 വർഷമായി പിയോനോ സ്വന്തമാക്കിയ ഗ്രഹാം, മെഗ് ഹെമ്മിംഗ് ദമ്പതികൾക്ക് ഇക്കാര്യത്തിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. നിധി കണ്ടെത്താൻ കാരണക്കാരയവരിലൊരാളെന്ന നിലയിൽ സന്തോഷമുണ്ട്. ഇതൊരു അപൂർണമായ നിധിക്കഥയാണെന്നാണ് ഇവർ പറയുന്നത്. യഥാർത്ഥ അവകാശികൾ എന്നെങ്കിലും എത്തുമായിരിക്കുമെന്ന വിദൂര പ്രതീക്ഷയുള്ള കഥ. കോടതി വിധി അവകാശികളില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഈ നിധി ബ്രീട്ടിഷ് രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അതിന്റെ കൈവശാവകാശം മ്യൂസിയത്തിന് കൈമാറാനും ഷ്രൂസ്ബെറി കൊറോണേഴ്സ് കോടതി പിന്നീട് ഉത്തരവിട്ടു. നിധി കണ്ടെത്തിയ മാർട്ടിൻ, പിയാനോ സൂക്ഷിച്ചിരുന്ന കാസിൽ കമ്യൂണിറ്റി കോളേജ്, ഹെമ്മിംഗ് ദമ്പതികൾ എന്നിവർക്ക് റിവാർഡ് നൽകാനും കോടതി ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.