Kerala Kaumudi Online
Saturday, 25 May 2019 10.36 PM IST

ഇത് പുതിയ ഇന്ത്യ


india-pak-tension

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ശശിതരൂരിന്റെ ദ എലഫന്റ് , ദി ടൈഗർ ആൻഡ് സെൽഫോൺ .എന്ന പുസ്തകം വായിക്കാനിടയായിരുന്നു. ഇന്ത്യയെ വൃദ്ധയായ , എഴുന്നേറ്രു നടക്കാൻ വയ്യാത്ത ഒരാനയായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇന്ത്യയെക്കുറിച്ചുള്ള ആ വിലയിരുത്തലിനെ എനിക്കംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.രാജ്യത്തെ അങ്ങനെ ചിത്രീകരിക്കുന്നതിനെ ന്യായീകരിക്കാനും എനിക്ക് സാധിച്ചിരുന്നില്ല. പഴയ ഇന്ത്യയെക്കുറിച്ചുള്ള ആ വിശകലനത്തിൽ കുറെ വസ്തുതാപരമായ ശരി ഉണ്ടായിരിക്കാം. പക്ഷേ ഇന്ത്യ ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഇന്ന് ആഗോളതലത്തിലെ ഒരു ശക്തിയായി മാറി. നമ്മുടെ ശബ്ദം കേൾക്കാൻ എല്ലാവരും തയ്യാറാവുന്നുണ്ട്. നമ്മുടെ വാക്കുകൾക്ക് വിലയുണ്ട് . അഭിപ്രായങ്ങൾക്ക് അംഗീകാരമുണ്ട്. പുതിയ ഇന്ത്യ ലോകത്തിലെ ചെറുപ്പക്കാരനായ രാഷ്ട്രമാണ്. ലോകത്തിലെ ഏറ്രവും വലിയ ഈ ജനാധിപത്യ രാജ്യം ആഗോള തലത്തിൽ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്രവും മികച്ച സായുധ സേനകളിലൊന്നാണ് ഇന്ത്യയുടേത്. ഐ.എസ്.ആർ. ഒ പോലുള്ള സ്ഥാപനങ്ങളും സാങ്കേതിക വളർച്ച ദ്യോതിപ്പിക്കുന്ന മറ്ര് സ്ഥാപനങ്ങളും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി നിലനിൽക്കുന്നു.

2016ൽ നമ്മുടെ നിരവധി സൈനികരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ഉറിയിലെ ഭീകരാക്രമണം നടന്നപ്പോൾ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ സുരക്ഷാ സേനയ്ക്കെതിരായ ഏറ്രവും വലിയ ആക്രമണമായാണ് അത് വിശേഷിക്കപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനായ ജയ്ഷെ മുഹമ്മദ് ആണ് ഇതിന്റെ ആസൂത്രണവും നിർവഹണവും നടത്തിയത്. ഇത് നമ്മുടെ വിദേശ നയത്തിൽ പ്രത്യേകിച്ച് പാകിസ്ഥാനോട് ഉള്ള സമീപനത്തിൽ കാര്യമായ വ്യതിയാനം വരുത്തുന്നതിൽ സ്വാധീനം ചെലുത്തി. കാത്തിരുന്നു കാണുക എന്ന നയത്തിൽ നിന്നും സായുധപരമായും നയതന്ത്രപരമായും ഇന്ത്യ മാറി .അതിർത്തി കടന്നുള്ള തീവ്രവാദികളോട് ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയില്ല എന്ന നിലപാടിലേക്കെത്തി.

പുൽവാമ ഭീകരാക്രമണത്തിന്റെ തിരിച്ചടിയിലൂടെ നാം നമ്മുടെ ശക്തി വീണ്ടും പ്രകടമാക്കിയിരിക്കുകയാണ്. ഒരു രാജ്യത്തെയും നാം ആക്രമിച്ചിട്ടില്ല. ഒരു ജനതയെയും നാം ആക്രമിക്കാനുദ്ദേശിക്കുന്നുമില്ല. അതേ സമയം നമുക്ക് നേരെ നിരന്തരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരർക്കെതിരെ ഒരു വീട്ടുവീഴ്ചയ്ക്കും നാം തയ്യാറല്ല. സമാധാനം നമ്മുടെ ദൗ‌ർബല്യമായി ആരും കാണരുതെന്ന് നാം ലോകത്തിന് കാണിച്ചുകൊടുത്തു. അതോടൊപ്പം നമ്മുടെ ജനത ഒറ്രക്കെട്ടായി ഉണർന്നെഴുന്നേറ്രു നിന്നത് ലോകം കണ്ടു. പാകിസ്ഥാൻ കണ്ടു. ബാലാകോട്ടിലെ തിരിച്ചടിയെക്കാൾ പാകിസ്ഥാനെ ‌‌‌ഞെട്ടിച്ചത് ഇന്ത്യൻ ജനത ഒരേ വികാരത്തിൽ ഒരുമയോടെ നിന്നതു തന്നെയാണ്.

ലോകം മുഴുവൻ നമ്മുടെ കൂടെ നിന്നു. അത് നമ്മുടെ ധാർമ്മികതകൊണ്ടാണ് . നമ്മുടെ ശക്തിയും അതിനൊരു ഘടകമായി. അതിലുപരി നമ്മുടെ നയതന്ത്ര ബന്ധങ്ങളിലുള്ള വിജയമാണ് അതിന്റെ പ്രധാനകാരണം. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനെ പരിഹസിച്ചവർക്ക് അതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായിക്കാണും. ഇവിടെ കക്ഷി രാഷ്ട്രീയമല്ല രാജ്യ തന്ത്രജ്ഞതയാണ് നാം പ്രകടിപ്പിക്കേണ്ടത്. അഭിനന്ദൻ വർദ്ധമാൻ ശത്രുവിന്റെ പിടിയിലായപ്പോൾ നമ്മുടെയെല്ലാവരുടെയും മനസ്സുപിടഞ്ഞു. എന്നാൽ എല്ലാം ‌ഞൊടിയിടയിൽ മാറിമറിഞ്ഞു. ഇന്ത്യയുടെ , ഇന്ത്യൻ സേനയുടെ , ശരാശരി ഭാരതീയന്റെ ഉൾക്കരുത്തിന്റെ പ്രതീകമായി അഭിനന്ദന്റെ ധീരത മാറിക്കഴി‌ഞ്ഞു.

അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെ ഫലമായും ഇന്ത്യയുടെ പ്രതിഷേധം കാരണവും രണ്ട് ദിവസത്തിനുള്ളിൽ അഭിനന്ദിനെ നിരുപാധികം വിട്ടയക്കാൻ പാകിസ്ഥാൻ നിർബന്ധിതമായി. ഇന്ത്യയോട് ആയിരം കൊല്ലം യുദ്ധം ചെയ്യണമെന്നാഗ്രഹിക്കുന്ന പാകിസ്ഥാനികൾക്ക് പ്രതിഷേധമുണ്ടാകുമെങ്കിലും അവിടത്തെ ഭരണാധികാരികൾക്ക് യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നു. ഇത് നമ്മുടെ ധാർമ്മിക വിജയമാണ്. ഇത് പുതിയ ഇന്ത്യയാണ്. 30 വർഷമായി ഇന്ത്യയിലേക്ക് തീവ്രവാദം കയറ്രുമതി ചെയ്യുന്ന പാകിസ്ഥാൻ ഏതെങ്കിലുമൊരു തീവ്രവാദിയെ നമുക്ക് കൈമാറിയിട്ടുണ്ടോ. ഇല്ല എന്നു നമുക്കുറപ്പിച്ചു പറയാൻ കഴിയും.

കാശ്മീർ പ്രശ്നത്തെക്കുറിച്ചും ആഴത്തിലുള്ള വിലയിരുത്തലുകൾ ആവശ്യമാണ്. പലപ്പോഴും നമ്മുടെ പ്രശ്നം ദേശീയമായ കാഴ്ചപ്പാടോടെ പ്രശ്നങ്ങളെ വിലയിരുത്തുന്നതിലുള്ള നമ്മുടെ വീഴ്ചയാണ് പ്രധാന കാരണമെന്നു കാണാം. കാശ്മീരിൽ ഭീകരാക്രമണം നിത്യ സംഭവമായപ്പോൾ ഒരു മനുഷ്യാവകാശ വാദികളെയും കാണാനില്ലായിരുന്നു. പട്ടാള ക്യാമ്പുകൾക്ക് നേരെ, സിവിലിയന്മാർക്ക് നേരെ ഭീകരാക്രമണം നടന്നപ്പോൾ പ്രതികരിക്കാനാളില്ലായിരുന്നു. കാശ്മീരിലെ പണ്ഡിറ്രുമാരെ താഴ്വരയിൽ നിന്നോടിച്ചപ്പോൾ ഒരു മനുഷ്യാവകാശ വാദിയെയും കണ്ടില്ല.

ഇപ്പോൾ സമാധാനത്തിന്റെ കുഴലൂത്ത് നടത്തുന്നവർ യഥാർത്ഥത്തിൽ മംഗള പത്രം വായിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടിയാണ്. ജെയ്ഷെ മുഹമ്മദും മറ്ര് തീവ്രവാദികളും എത്ര ഭീകരാക്രമണങ്ങൾ നടത്തി. 2001ലെ പാർലമെന്റ് ആക്രമണം, 2008 മുംബയ് ആക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, ഉറി ആക്രമണം... ഈ ആക്രമണങ്ങളിലൊക്കെ തെളിവുമായി നാം പാകിസ്ഥാനെ സമീപിച്ചു. ഒരു നടപടിയുമുണ്ടായില്ല. ഈ ആക്രമണങ്ങളൊന്നും മനുഷ്യാവകാശ ലംഘനങ്ങളല്ലെ. ഇതോടൊപ്പം നമ്മുടെ മാദ്ധ്യമങ്ങളും മാറിക്കൊണ്ടിരിക്കുന്നുണ്ട്.

1999ൽ കാണ്ഡഹാറിൽ വിമാനം തട്ടിക്കൊണ്ടുപോയപ്പോൾ ബന്ധികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ സർക്കാരിൽ കൂടുതൽ സമ്മർദ്ദങ്ങളുണ്ടാക്കി . ഫലത്തിൽ അത് ഭീകരർക്ക് അനുകൂലമായി അന്തരീക്ഷം ഉണ്ടാക്കി അന്ന് വിട്ടുകൊടക്കേണ്ടി വന്ന ഭീകരനാണ് ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ. . മാദ്ധ്യമങ്ങളും അതിൽ ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തവണ അഭിനന്ദന്റെ പേരിൽ അങ്ങനെയൊരു ജനകീയ വികാരം ഉണ്ടാകുമെന്നാണ് ഭീകരരും പാകിസ്ഥാനും കരുതിയത്. എന്നാൽ മറിച്ചാണ് ഉണ്ടായത്. മാദ്ധ്യമങ്ങൾ കുറച്ചുകൂടി ഭാവാത്മകമായ സമീപനമാണ് കൈക്കൊണ്ടത്. ഈ ഒരുമയാണ് പുതിയ ഇന്ത്യയുടെ കരുത്ത്. അതിന് മുന്നിൽ വെല്ലുവിളികളെല്ലാം സ്വയമേവ ഇല്ലാതാവും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: URI TERROR ATTACK, KASHMIR, INDIA PAKISTAN ISSUE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY