തലസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല
ഇന്നലെ പ്രതിദിനരോഗികൾ 2000 കടന്നത് ജില്ലയിൽ മാത്രം
ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനം ലോക്ക് ഡൗണിലൂടെ കടന്നു പോവുകയാണെങ്കിലും രോഗവ്യാപനത്തിൽ കുറവില്ല. ഈ മാസം ഇതുവരെ 11,350 പേരാണ് രോഗികളായത്. അഞ്ചുദിവസവും രണ്ടായിരത്തിന് മുകളിലാണ് പ്രതിദിനരോഗികൾ. ഇന്നലെ തിരുവനന്തപുരത്ത് മാത്രമാണ് രോഗികൾ രണ്ടായിരം കവിഞ്ഞത്. 16.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണിത്. നിയന്ത്രണങ്ങൾ കർശനമാണെങ്കിലും രോഗവ്യാപനം കുറയ്ക്കുന്നില്ലെന്ന ആശങ്കയാണ് ആരോഗ്യവകുപ്പിനുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ കുറവില്ല. അതോടൊപ്പം മരണനിരക്കിലും തലസ്ഥാനമാണ് മുന്നിൽ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മലപ്പുറമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും മരണ നിരക്കിൽ പിന്നിലാണ്. തിരുവനന്തപുരത്ത് ഇതുവരെ 1953 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ മരണം 1099. തലസ്ഥാനത്ത് ഇതുവരെ 2,60,690 പേരാണ് രോഗികളായത്.13,765 പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |