ലോകകപ്പ് യോഗ്യത: ബ്രസീൽ ഇക്വഡോറിനെ കീഴടക്കി
നെയ്മറുടെ പെനാൽറ്റി ഗോൾ വിവാദത്തിൽ
യോഗ്യതാ പോരാട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ബ്രസീൽ ജയിച്ചു
പോർട്ടോ അലഗ്രെ: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ കാനറികൾ ചിറകടിച്ച് കുതിച്ചുയരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീൽ ഇക്വഡോറിനെയാണ് കീഴടക്കിയത്. ഇതോടെ ഇത്തവണ യോഗ്യതാ പോരാട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ജയിക്കാൻ ബ്രസീലിനായി. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുമായുള്ള പോയിന്റകലം 4 ആയി കൂട്ടാനും ബ്രസീലിനായി.
കഴിഞ്ഞ ദിവസം ചിലിയുമായി സമനിലയിൽ കുരുങ്ങിയ അർജന്റീനയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റാണ് ഉള്ളത്. ഇക്വഡോർ 9 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ബ്രസീലിന്റെ തട്ടകമായ പോർട്ടോ അല്ലഗ്രെയിൽ നടന്ന മത്സരത്തിൽ റിച്ചാർലിസണും വിവാദ പെനാൽറ്റിയിലൂടെ നെയ്മർ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ഗോളിന് പുറമേ റിച്ചാർലിസണ് ഗോളടിക്കാൻ അസിസ്റ്റ് നൽകിയും നെയ്മർ ബ്രസീലിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി. രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം ബ്രസീലിനായിരുന്നെങ്കിലും മികച്ച മുന്നേറ്റങ്ങൾ പലതും അവർക്ക് ഗോളാക്കാനായില്ല. നെയ്മറുടെ നേതൃത്വത്തിൽ നിരവധി മുന്നേറ്റങ്ങൾ മഞ്ഞപ്പട മെനഞ്ഞെടുത്തെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തലവേദനയായി. ഗാബിഗോൾ എന്നറിയപ്പെടുന്ന ഗബ്രിയേൽ ബർബോസ രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. അതിനിടെ ഒന്നാംപകുതി അവസാനിക്കുന്നതിന് മുമ്പ് ബർബോസ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ആയിരുന്നു.
രണ്ടാം പകുതിയിൽ ഫ്രെഡിന് പകരം ജസ്യൂസ് എത്തിയതോടെയാണ് ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ലക്ഷ്യബോധം കൈവന്നത്. 65-ാം മിനിട്ടിൽ നെയ്മർ നൽകിയ പാസ് മനോഹരമായ ഇടങ്കാലൻ ഷോട്ടിലൂടെ റിച്ചാർലിസൺ ഗോളാക്കി. കളിയവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ജസ്യൂസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡുയർത്തി.വാറിന്റെ സഹായത്തോടെയാണ് ബ്രസീലിന് പെനാൽറ്റി ലഭിച്ചത്. എന്നാൽ നെയ്മറുടെ ദുർബലമായ കിക്ക് ഇക്വഡോർ ഗോളി ഡോമിഗ്വസ് രക്ഷപ്പെടുത്തി. എന്നാൽ കിക്കെടുക്കന്നതിന് മുമ്പ് ഗോളി ഗോൾ ലൈനിൽ നിന്ന് നീങ്ങിയതിനാൽ റഫറി ബ്രസീലിന് ഒരവസരം കൂടിനൽകി. ഇതിനെതിരെ തർക്കിച്ച ഡോമിഗ്വസിന് മഞ്ഞക്കാർഡ് ലഭിച്ചു.ഇത്തവണ നെയ്മർ കിക്ക് പിഴവില്ലാതെ വലയ്ക്കകത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |