പ്രമുഖ കാർ നിർമ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകളുമായി രംഗത്തുവരാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. മാരുതിയും കഴിഞ്ഞ കൊല്ലം വാഗണറിന്റെ ഇലക്ട്രിക്ക് പതിപ്പുമായി വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷകൾ. ടൊയോട്ടയും ടാറ്റയും ഒപ്പമുണ്ടാകുമെന്നും കരുതിയിരുന്നു. പക്ഷേ പുതിയ മോഡലുകളൊന്നും എത്തിയില്ല. എന്നാൽ വാഗണർ അടുത്ത വർഷത്തോടെ വരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
വാഗണറിന്റെ ഇലക്ട്രിക്ക് ടെസ്റ്റ് വാഹനങ്ങൾ നിരത്തിൽ കണ്ടതിനെ തുടർന്നാണ് പുതിയ അനുമാനങ്ങൾ. ടൊയോട്ടയുടെ ലോഗോകൾ കൂടി ഈ വാഹനങ്ങളിൽ കണ്ടതിനാൽ പുതിയ ഇലക്ട്രിക്ക് മോഡൽ ഇരുകമ്പനികളും ചേർന്നിറക്കുന്നതായേക്കുമെന്ന സൂചനകളുമുണ്ട്. ഇപ്പോൾ തന്നെ രണ്ടു കമ്പനികളും ചില മോഡലുകളിൽ സഹവർത്തിത്വത്തിലാണ് മുന്നോട്ടുപോകുന്നത്.
ഏതാണ്ട് പെട്രോൾ വാഗണറിന്റെ അടിസ്ഥാന ഡിസൈനിലാകും ഇലക്ട്രിക്ക് മോഡലുമെന്നാണ് ടെസ്റ്റ് വാഹനം വിലയിരുത്തിയവർ കണക്കാക്കുന്നത്. പക്ഷേ സാരമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. എൽ.ഇ.ഡി ലൈറ്റുകളും വശങ്ങളിലെ പുതിയ ശൈലികളും ബംപറിന്റെ പരിഷ്കാരവും മൊത്തം പുതിയ ലുക്ക് നൽകും.
വിലയെക്കുറിച്ച് ഇതുവരെ മാരുതി ഒരു സൂചനകളും നൽകിയിട്ടില്ലെങ്കിലും പത്ത് ലക്ഷം രൂപയോളമാണ് കണക്കാക്കുന്നത്. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ജനപ്രിയ മോഡലായി വാഗണർ ഇവി മാറിയേക്കും.
കഴിഞ്ഞ വർഷം വാഗണർ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് ഉൗഹാപോഹങ്ങളുണ്ടായിരുന്നു. ഇക്കൊല്ലവും സംശയമാണ്. പക്ഷേ അടുത്ത വർഷത്തേക്ക് ഇന്ത്യയിലെ വാഹനലോകം മാരുതി വാഗണർ ഇവിയെ പ്രതീക്ഷിക്കുന്നു. ലോഞ്ചിനെക്കുറിച്ച് മാരുതി ഇതുവരെ ഒരു സൂചനയും നൽകിയിട്ടുമില്ല. നിഷേധിച്ചിട്ടുമില്ല.
ഇലക്ട്രിക് പതിപ്പിന് പേരുമാറ്റമുണ്ടായാൽ പോലും അത്ഭുതപ്പെടാനില്ല. ടാെയോട്ട കമ്പനി അടുത്തിടെ ഹൈറൈഡർ എന്ന പേരിൽ രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഒരു പക്ഷേ ഈ പേരിൽ മാരുതി-ടൊയോട്ട സംയുക്ത സംരംഭമായി ഹൈറൈഡർ എത്തിക്കൂടായ്കയുമില്ല.
10 ലക്ഷം ?
ഇലക്ട്രിക് വാഗണറിന് പ്രതീക്ഷിക്കുന്ന വില പത്ത് ലക്ഷം രൂപ.
2022
അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് കണക്കാക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |