സെന്റ് ജോൺസ്:പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി താൻ ഒളിച്ചോടിയതല്ലെന്ന വാദവുമായി കോടതിയിൽ. ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി രാജ്യത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും ഇന്ത്യ വിട്ടത് ചികിത്സയ്ക്കാമെന്നും പറയുന്നത്. അറസ്റ്റ് ഭയന്ന് ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയതല്ല. രാജ്യം വിട്ടപ്പോൾ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു.വിദഗ്ധ ചികിത്സക്കായാണ് വിദേശത്തേക്ക് പോയത്. തന്നെ കാണാനും ചോദ്യങ്ങൾ ചോദിക്കാനും ഇന്ത്യൻ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെന്നും ചോക്സി പറയുന്നു.
ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആന്റിഗ്വയിൽ ആരംഭിച്ചിട്ടുള്ളതിനാൽ അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ലെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രമേഹവും ഹൃദ്രോഗവുമുൾപ്പെടെ പല രോഗങ്ങളും തന്നെ അലട്ടുന്നുണ്ടെന്നും പൊലീസ് കസ്റ്റഡിയിൽ തുടർന്നാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
ജാമ്യത്തിന് പണം കെട്ടിവയ്ക്കാൻ തയ്യാറാണെന്നും അനധികൃതമായി ഡൊമിനിക്കയിൽ പ്രവേശിച്ചുവെന്ന കേസിൽ കോടതി നടപടി തീരുന്നതുവരെ രാജ്യത്ത് താമസിക്കുന്നതിന് പ്രശ്നമില്ലെന്നും എട്ട് പേജുള്ള സത്യവാങ്മൂലത്തിൽ ചോക്സി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |