SignIn
Kerala Kaumudi Online
Friday, 19 April 2024 10.41 AM IST

ഒത്തുതീർപ്പിനെ ചൊല്ലി കലഹിച്ച്...

niyamasabha

ഏത് കുഴലിടപാടിന്റെയും ഒരറ്റത്ത് ഒത്തുതീർപ്പിന്റെ അനന്തസാദ്ധ്യതകൾ ഉറങ്ങിക്കിടപ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പ്രതിപക്ഷം. ഒത്തുതീർപ്പു വിദഗ്ദ്ധർക്കേ അത്തരം തോന്നലുകളുണ്ടാവൂ എന്നു വിശ്വസിക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ആ വൈദഗ്ദ്ധ്യം ചൂണ്ടിക്കാട്ടാനായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പിൻവലിച്ചതായി പറയപ്പെടുന്ന തൊഗാഡിയ കേസ് മുതൽ എം.ജി കോളേജിലെ എ.ബി.വി.പിക്കാരുടെ ബോംബേറ് കേസ് വരെ എടുത്തിട്ടു!

കൊടകര കുഴൽപ്പണക്കേസാണ് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. പൊലീസ് തലകുത്തിനിന്ന് അന്വേഷിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞതിന് പിന്നിലെന്തോ ഒരൊത്തുതീർപ്പ് നാടകം അദ്ദേഹവും മണത്തത്തു പോലെ തോന്നി.

സ്വാതന്ത്ര്യം ലഭിച്ചതു മുതലുള്ള, കള്ളപ്പണത്തിന്റെ ചരിത്രത്തിലേക്ക് ഊളിയിടുന്ന സാഹസത്തിനാണ് മുഖ്യമന്ത്രി മുതിർന്നത്. കള്ളപ്പണത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോൺഗ്രസും അതിനെ പൂർവാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പിയും ഒന്നിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ താറടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കരുതുന്നു. ഏതായാലും ഇപ്പോഴത്തെ കുഴൽ, കുഴലായിത്തന്നെ പിടിക്കപ്പെടുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

പ്രതിപക്ഷനേതാവ് അതുൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. "നിങ്ങൾക്ക് രണ്ട് കൂട്ടർക്കും അങ്ങോട്ടുമിങ്ങോട്ടും കേസുകളുള്ള സ്ഥിതിക്ക് രണ്ടു കൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു. നിങ്ങൾ രണ്ടുകൂട്ടരും ധാരണയിലെത്തിയിട്ടാണല്ലോ കെട്ടിച്ചമച്ച കേസുണ്ടാക്കി സർക്കാരിനെതിരെ ഇറങ്ങിയതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മഞ്ചേശ്വരത്തും പാലക്കാടുമടക്കം ഏഴ് സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന ഒത്തുതീർപ്പുണ്ടാക്കിയിട്ടല്ലേ കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊക്കെ പെട്ടെന്നൊരു സുപ്രഭാതത്തിൽ നിലച്ചതെന്ന് സതീശൻ. 'ഒത്തുതീർപ്പ്' തർക്കത്തിന്റെ കുഴലറ്റം അനന്തമായി നീളുന്നുവെന്ന് തിരിച്ചറിഞ്ഞ സ്പീക്കർ എം.ബി. രാജേഷ് പെട്ടെന്ന് തടയിട്ടതിനാൽ വലിയ അത്യാഹിതം ഒഴിവായി!

സത്യപ്രതി‌ജ്ഞയിൽ 'സഗൗരവം' വിട്ടുപോയതിന് ദേവികുളം അംഗം എ. രാജയ്ക്ക് കനത്ത വില നൽകേണ്ടി വന്നിരിക്കുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ജൂൺ രണ്ട് വരെ സഭയിലിരുന്നതിന് ദിവസം 500 രൂപ വച്ച് അഞ്ച് ദിവസത്തേക്ക് 2500 രൂപ പിഴയൊടുക്കാൻ സ്പീക്കർ റൂൾ ചെയ്തു.

പ്രതിപക്ഷത്തിന്റെ കപടലോകത്ത് ആത്മാർത്ഥമായ ഇടതുപക്ഷഹൃദയം പരാജയപ്പെടില്ലെന്ന്, ബഡ്ജറ്റ് പൊതുചർച്ച തുടങ്ങിവയ്ക്കാനുള്ള കന്നിദൗത്യം നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൗടില്യന്റെ ദണ്ഡനീതി പ്രമാണത്തോട് ധനമന്ത്രി ബാലഗോപാലിന്റെ ബഡ്ജറ്റിനെ തുലനം ചെയ്ത് കെ. ബാബു (നെന്മാറ)​ സായുജ്യമടഞ്ഞു.

മുഖ്യമന്ത്രിയുടെ നെഞ്ചത്ത് കല്ലെടുത്തെറിയുന്ന പ്രതിപക്ഷപ്രവർത്തനം നടത്താത്തതിനാൽ തന്റെ നേതൃത്വത്തിലുണ്ടായിരുന്നത് ക്രിയാത്മക പ്രതിപക്ഷമായിരുന്നെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. എന്നിട്ടും തന്നെ ക്രൂരമായി കല്ലെറിയുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചില്ലെങ്കിലും, ആ ചോദ്യം അവിടെ അലയടിക്കുന്നതായി തോന്നി. പിണറായിയുടെ തുടർവിജയം കൊവിഡ് സമ്മാനിച്ചതും താമരയിൽ വിരിഞ്ഞതുമൊക്കെയായി വ്യാഖ്യാനിച്ച് സമാധാനിക്കാൻ അദ്ദേഹം ശ്രമിച്ചു.

ബി.ജെ.പി സഹായിച്ചില്ലായിരുന്നെങ്കിൽ രമേശ് ചെന്നിത്തല ഇന്നിവിടെ പ്രസംഗിക്കാൻ ഉണ്ടാകുമായിരുന്നോ എന്ന് പി.എസ്. സുപാൽ തിരിച്ചുചോദിച്ചു. ശാസ്താംകോട്ട തടാകത്തിന്റെ അടിത്തട്ടിലെ ഔഷധമൂല്യമുള്ള മണ്ണു പോലെ, ഇപ്പോളൊരു തടാകത്തിനടിയിൽ കിടക്കുന്ന കോവൂർ കുഞ്ഞുമോന് വല്ല ഔഷധഗുണവും കിട്ടുമോയെന്ന് തിരുവഞ്ചൂർ ചോദിച്ചു. ഇടതുമുന്നണിയെന്ന വിശാല തടാകത്തിനടിയിൽ കിടക്കുന്ന തനിക്ക് ഔഷധ മൂല്യമുള്ളതിനാലാണ് നിയമസഭയ്ക്കകത്ത് ഇരിക്കാനായതെന്നാണ് കുഞ്ഞുമോന്റെ ഉരുളയ്ക്കുപ്പേരി.

മഞ്ചേശ്വരത്തുകാർ തോല്പിച്ചത് സുരേന്ദ്രനെയല്ല,​ യെദിയൂരപ്പയടക്കമുള്ള കർണാടക മന്ത്രിമാരെയും ഡസൻ കണക്കിന് എം.പിമാരെയുമാണെന്നു പറഞ്ഞ, മഞ്ചേശ്വരത്തു നിന്നെത്തിയ എ.കെ.എം. അഷറഫിന്,​ കള്ളപ്പണക്കേസ് അന്വേഷണം മഞ്ചേശ്വരത്തെത്തിയാൽ സുരേന്ദ്രൻ ജയിലിലാകുമെന്നുറപ്പായിരുന്നു! ബി.ജെ.പിയുടെ അക്കൗണ്ട് നിയമസഭയിൽ ക്ലോസ് ചെയ്തത് എത്ര നന്നായെന്ന് സമാധാനകാംക്ഷികൾ അപ്പോൾ ആശ്വസിച്ചിട്ടുണ്ടാകണം!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.