SignIn
Kerala Kaumudi Online
Saturday, 20 April 2024 1.15 AM IST

കടലാസിലുറങ്ങുന്ന ഫയർ സ്റ്റേഷനുകൾ

fire

തിരുവനന്തപുരം: കടലാസിലുറങ്ങിയും പ്രഖ്യാപനങ്ങളിലൊതുങ്ങിയും അഗ്നിശമനസേനയുടെ നിരന്തരമായ ആവശ്യങ്ങൾ. മെഡിക്കൽ കോളേജ് കാമ്പസിലടക്കം നഗര ഹൃദയത്തിന്റെ വിവിധയിടങ്ങളിൽ ചെറുതെങ്കിലും ഒരു ഫയർഫോഴ്സ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന അഗ്നിശമനസേനയുടെ ആവശ്യങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പല പ്രഖ്യാപനങ്ങങ്ങളുണ്ടായെങ്കിലും അവയൊന്നും പ്രവൃത്തികളിൽ എത്തിയില്ലെന്ന് മാത്രം. രണ്ടുമാസത്തിനിടെ ചാലയിൽ മാത്രം രണ്ടു തീപിടിത്തങ്ങളാണ് സംഭവിച്ചത്. ആളപായമില്ലാതെ പോയത് ലോക്ക്ഡൗൺ ഒന്നുകൊണ്ടുമാത്രം. ഫയർഫോഴ്സിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവാക്കാനുമായി. മെഡിക്കൽ കോളേജ് കാമ്പസിലെ ഫയർ സ്റ്റേഷനായി പ്രൊപ്പോസലടക്കം അഗ്നിശമന സേന നൽകിയിരുന്നെങ്കിലും ചില ഇടപെടലുകൾ കാരണം സ്ഥലം വിട്ടുനൽകുന്നതിലെ തർക്കങ്ങളാൽ പദ്ധതി ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല.

 താരമെന്ന് പറഞ്ഞത് ക്വാർട്ടേഴ്സ് ഇരിക്കുന്ന സ്ഥലം

മെഡിക്കൽ കോളേജ് കാമ്പസിലെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സ് ഇരിക്കുന്ന സ്ഥലമാണ് ഫയർ സ്റ്റേഷന് നൽകാമെന്ന് പറഞ്ഞിരുന്നത്. ഇ- 35, 36, 37, 38 എന്നീ ക്വാർട്ടേഴ്സുകൾ പൊളിച്ച് സ്ഥലം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ഫയർഫോഴ്സ് പി.ഡബ്ല്യൂ.ഡിക്ക് കത്ത് നൽകുകയും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. 24.7 സെന്റാണ് ഫയർ സ്റ്റേഷനായി ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മന്ത്രി, മറ്റ് ഉദ്യോഗസ്ഥരടക്കം കൂടിയ യോഗത്തിൽ ഇക്കാര്യം പരിഗണിച്ചെങ്കിലും സംഘടനകളുടെയും ചില ഉദ്യോഗസ്ഥരുടെ എതിർപ്പുണ്ടായതോടെ ഇൗ സ്ഥലം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യോഗത്തിന്റെ മിനിട്ട്സ് പോലും ഫയർഫോഴ്സിന് നൽകിയില്ലെന്നും ആരോപണമുണ്ട്.

 മെഡിക്കൽ കോളേജിലെങ്കിലും...!

139 ഏക്കറോളം വരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ മെഡിക്കൽ കോളേജും ആശുപത്രിയും കൂടാതെ നഴ്സിംഗ് കോളേജ്, റീജിയണൽ കാൻസർ സെന്റർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത്‌ സയൻസസ് സ്റ്റഡീസ്, ദന്തൽ കോളേജ്, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫാർമസി കോളേജ്, ഡി.എം.ഇ ഓഫീസ് തുടങ്ങിയവയുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവർത്തകരും വിദ്യാർത്ഥികളും രോഗികളുമായി പതിനായിരത്തിലേറെ പേർ നിരന്തരം വന്നുപോകുന്നയിടം. ഓക്‌സിജൻ പ്ലാന്റടക്കമുള്ളവയും പ്രവർത്തിക്കുന്നുണ്ട്.

 കെട്ടിടങ്ങൾ പഴക്കം ചെന്നവ

മെഡിക്കൽ കോളേജ് കാമ്പസിലെ കെട്ടിടങ്ങൾ മിക്കവയും പഴകിവയാണ്. വയറിംഗ് അടക്കമുള്ളവയ്‌ക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലടക്കമുള്ള കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ ഉപകരണങ്ങൾ പ്രവർത്തന സജ്ജമല്ലെന്ന് ഫയ‌ർഫോഴ്സ് തന്നെ വ്യക്തമാക്കുന്നു. ഒരു തീപിടിത്തമുണ്ടായാൽ ഫയർ ഫോഴ്സിന് സ്ഥലത്തെത്താൻ ഒരുമണിക്കൂറിലധികം വേണ്ടിവരും. ഫയർഫോഴ്സിന് അപകടസ്ഥലത്തെത്താൻ സമയദൈർഘ്യം നേരിടേണ്ടി വന്നാൽ അത്യാഹിതങ്ങൾ വർദ്ധിക്കുമെന്ന മുന്നറിയിപ്പാണ് ഫയർഫോഴ്സും നൽകുന്നത്.

 നഗരത്തിലെത്താനും പെടാപ്പാട്

കിള്ളിപ്പാലത്തെ ഏരുമക്കുഴി ഭാഗത്തോ, പാത്രക്കുളത്തിന് സമീപത്തോ ഫയർ സ്റ്റേഷനുള്ള സ്ഥലം അനുവദിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഇവയൊന്നും അധികൃതർ മുഖവിലയ്‌ക്കെടുത്തില്ല. പഴവങ്ങാടി, കിഴക്കേകോട്ട, തകരപ്പറമ്പ്, ചാല, ആര്യശാല എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന വ്യാപാരമേഖലയിൽ മാത്രം രണ്ടായിരത്തിലേറെ കടകളാണുള്ളത്. ഇതിന് പുറമെ നിരവധി വീടുകളും ഇവിടെയുണ്ട്. തീപിടിത്തമുണ്ടായാൽ രണ്ടുകിലോമീറ്റർ ദൂരെയുള്ള ചെങ്കൽച്ചൂളയിൽ നിന്നോ അഞ്ച് കിലോമീറ്റർ ദൂരെയുള്ള ചാക്കയിൽ നിന്നോവേണം നഗരത്തിലെ തിരക്ക് മറികടന്ന് ഫയർയൂണിറ്റ് എത്താൻ. അപ്പോഴേക്കും തീ നിയന്ത്രണാതീതമായിട്ടുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.