SignIn
Kerala Kaumudi Online
Saturday, 20 April 2024 10.57 AM IST

ബി.ജെ.പി രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ

kk

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, ദ ഹിന്ദു ദിനപത്രം നടത്തിയ ഒരു തിരഞ്ഞെടുപ്പാനന്തര സർവേയിൽ കൗതുകമുളവാക്കുന്ന രണ്ട് കണ്ടെത്തലുകളുണ്ട്. ഒന്നാമത്തേത്, കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ബദലിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യമാണ്. ആറ് ശതമാനം പേരും പറഞ്ഞത് ആവശ്യമില്ല എന്നായിരുന്നു. മൂന്നാം ബദൽ ആകാമെന്ന് പറഞ്ഞവർ 33 ശതമാനം. അടുത്ത ചോദ്യമാണ് കൂടുതൽ ശ്രദ്ധേയം. കേരളത്തിന്റെ സാമൂഹ്യഘടനയ്ക്ക് ബി.ജെ.പിയുടെ ഉദയം നല്ലതാണോ അല്ലയോ?- 54 ശതമാനം പേരും നല്ലതല്ല എന്നുത്തരം നൽകി. നല്ലതാണെന്ന് പറഞ്ഞവർ 17 ശതമാനം മാത്രം! വ്യത്യാസമൊന്നും ഉണ്ടാകാനിടയില്ലെന്ന് 29 ശതമാനം പേർ പറഞ്ഞു. ചിലരാകട്ടെ പ്രതികരിക്കാതിരുന്നു.

ഈ സർവേ ഫലത്തെ സാർത്ഥകമാക്കുന്ന ഉദാഹരണങ്ങൾ ബി.ജെ.പിയുടെ രാഷ്ട്രീയശരീരത്തിൽ നിന്ന് അനവധിയായി സമീപകാലത്ത് ഉണ്ടാകുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം എത്തുന്നതിന് മുമ്പുതന്നെ കൊടകരയിലെ കുഴൽപ്പണ വേട്ട പുകഞ്ഞുതുടങ്ങിയിരുന്നു. ഫലം വന്ന ശേഷം അത് ആളിക്കത്തി. ഏറ്റവുമൊടുവിൽ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തീർത്തും പ്രതിരോധത്തിലകപ്പെടുന്ന തരത്തിൽ വിവാദം രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു.

ബി.ജെ.പിയിൽ വർഷങ്ങളായി ഉൾപ്പാർട്ടി പോര് പുകയുകയാണ്. കേരളത്തിൽ അവരൊരു സ്വാധീനശക്തിയേ അല്ലാതിരുന്ന കാലത്ത് നേതൃതർക്കം തുടങ്ങിയതാണ്. നേതൃതലത്തിലെ അധികാരത്തർക്കവും കടിപിടിയും ശീതയുദ്ധവും കേരളത്തിൽ മുറപോലെ നടക്കുന്നുണ്ട്, ബി.ജെ.പിയിൽ. ഇടയ്ക്കിടയ്ക്ക് സംസ്ഥാന അദ്ധ്യക്ഷർ മാറിവരുമ്പോൾ ഇതൊന്നവസാനിക്കുമെന്ന് കരുതുന്ന അണികളുണ്ടാകാം. അവരെ നിരാശരാക്കും വിധമാണ് തുടർന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്ന ശീതയുദ്ധങ്ങൾ.

അണികളുടെ കാര്യം അവിടെ നിൽക്കട്ടെ. എന്തു കണ്ടിട്ടാവണം ബി.ജെ.പിയോട് കേരളജനത ആഭിമുഖ്യം പുലർത്തേണ്ടതെന്ന ചോദ്യം മുഴങ്ങിക്കേട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ടാം മോദി സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ പൊള്ളത്തരം കൂടുതൽ തെളിഞ്ഞു കത്തുന്നു. എത്രനാൾ ആളുകളെ കബളിപ്പിച്ച് സഞ്ചരിക്കാനാവുമെന്ന ചോദ്യം പ്രസക്തമാണ്.

കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്ത പ്രധാനമന്ത്രിയും ഭരണകൂടവുമാണ് നരേന്ദ്രമോദിയും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരുമെന്നത് തെളിഞ്ഞുകഴിഞ്ഞു. റിലയൻസ് മുതലാളി അംബാനിയെ സഹായിക്കാനല്ലെങ്കിൽ ഇന്ധനവില ഓരോ ദിവസവും ഉയർന്നുയർന്ന് മേല്പോട്ട് പോകുന്നതെന്തിനാണ്?

പശ്ചിമബംഗാൾ പിടിച്ചെടുക്കാൻ, മോദിയും അമിത്ഷായും കൂട്ടരും എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത്. ബംഗാളിന് വേണ്ടി ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചു മോദി. മമതയുടെ വീറിന് മുന്നിൽ എന്നിട്ടും കാലിടറി.

കൊവിഡിന്റെ രണ്ടാംതരംഗം അതിതീവ്ര വ്യാപനമായി ഭീതിയുണർത്തിയ നാളുകളായിരുന്നു ഏപ്രിൽ പകുതിക്ക് ശേഷം മുതൽ മേയ് പകുതി വരെ . പ്രതിസന്ധികാലത്താണ് യഥാർത്ഥ ശത്രുവിനെയും യഥാർത്ഥ മിത്രത്തെയും തിരിച്ചറിയുക എന്ന് പറയും പോലെ, ശത്രുവിനെ രാജ്യം തിരിച്ചറിഞ്ഞ നാളുകൾ. ശത്രുവാരെന്ന് പറയുന്നില്ല.

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പുകൾ നടന്നത് കൊവിഡിന്റെ ഈ അതിതീവ്ര നാളുകളിലായിരുന്നു. കുത്തഴിഞ്ഞ അവസ്ഥ ബംഗാൾജനതയും ഉൾക്കൊണ്ടിരിക്കാം. അവർ മമതയെയാണ് പിന്നെയും തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടെന്താണ് സംഭവിച്ചത്. അതിന് തൊട്ടുപിന്നാലെയല്ലേ വാക്സിൻ നയം പൊളിച്ചെഴുതപ്പെട്ടത്. സെൻട്രൽവിസ്ത എന്ന ആഢംബരത്തിന് കോടികൾ പൊടിക്കുമ്പോൾ രാജ്യത്ത് മനുഷ്യജീവനുകൾ മരിച്ചുവീഴുന്നുണ്ടായിരുന്നു. സാർവത്രിക വാക്സിനേഷനിലൂടെ രാജ്യത്തെ സുരക്ഷിത പാതയിലേക്കെത്തിക്കാനല്ല ശ്രമമുണ്ടായത്. പിന്നെയോ, വാക്സിൻ കുത്തകകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു. 'വാക്സിൻ ഗുരു'വിന്റെ പൊള്ളത്തരം എല്ലാവരും മനസിലാക്കിയത് എത്ര പെട്ടെന്നായിരുന്നു!

കൊടകര കുഴൽപ്പണ ഇടപാട് കേസുകൾ അതിസങ്കീർണമായ പാതയിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകനെ വരെ ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ വരുന്നു. ഈ ദിവസങ്ങളിൽ തന്നെയാണ് ഇന്ധനവില കേരളത്തിൽ സെഞ്ച്വറിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും! കേരളവുമായി, പ്രത്യേകിച്ച് കോഴിക്കോടുമായും കൊച്ചിയുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന ലക്ഷദ്വീപിനോട്, അവിടത്തെ ജനതയ്ക്ക് ഹിതകരമല്ലാത്ത പരിഷ്കാരങ്ങൾ അടിച്ചേല്പിക്കുന്ന ഭരണകൂടത്തെ നിർലജ്ജം ന്യായീകരിക്കാനും കേരളത്തിലെ സംഘപരിവാർശക്തികൾ മടിക്കുന്നില്ലെന്നത് വർത്തമാനകാല ദുരന്തങ്ങളിലൊന്നാണ്.

കേരള ബി.ജെ.പിയിലെ അവസ്ഥാന്തരങ്ങൾ

കേരള ബി.ജെ.പിയിലെ അവസ്ഥ രസകരമാണ്. ആങ്ങള ചത്താലും വേണ്ട, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന മാനസികാവസ്ഥയുമായി സഞ്ചരിക്കുന്നവരാണ് സംസ്ഥാന നേതാക്കളിലേറെയും.

കെ. സുരേന്ദ്രനെതിരെ ദിവസേന ആരോപണങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് പ്രതിരോധം തീർക്കാൻ സംസ്ഥാന ബി.ജെ.പി നേതൃനിരയിലെ എത്ര നേതാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്? ഞായറാഴ്ച എറണാകുളത്തെ പാർട്ടി കോർകമ്മിറ്റി യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ കുമ്മനം രാജശേഖരൻ മാത്രമാണ്, കുഴൽപ്പണ വിവാദത്തിൽ സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. അപ്പോഴും അദ്ദേഹത്തിന്റെ തൊട്ടടുത്തിരിക്കുകയായിരുന്ന പി.കെ. കൃഷ്ണദാസിന്റെയും എ.എൻ. രാധാകൃഷ്ണന്റെയും മുഖഭാവം ശ്രദ്ധിച്ചവർക്ക് കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടും. കുമ്മനം ന്യായീകരിച്ച ശേഷം സുരേന്ദ്രന്റെ നേതാവായ കേന്ദ്രമന്ത്രി വി. മുരളീധരൻ മാത്രമാണ് സുരേന്ദ്രനായി പ്രതികരിച്ചത്. രാത്രികാല ചാനൽചർച്ചകളിൽ ബി.ജെ.പിയുടെ ചാനൽപടയാളികളുടെയെല്ലാം അസാന്നിദ്ധ്യം വലിയ ചർച്ചയാണിപ്പോൾ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷേ ഉള്ളൂ ചാനലായ ചാനലിൽ പോയിരുന്ന് ന്യായീകരിക്കാൻ.

കഴക്കൂട്ടത്ത് മത്സരിക്കുന്നതിന് മുൻപേ, സുരേന്ദ്രന്റെ നേതൃത്വത്തോട് നിസഹകരണ സമരത്തിലായിരുന്ന ശോഭ സുരേന്ദ്രനെ, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കണ്ടിട്ടേയില്ല. ബി.ജെ.പിയിലെ തീപ്പൊരി വനിതാനേതാവാണ് ശോഭ എന്നോർക്കണം.

നിയമസഭാ തിരഞ്ഞെടുപ്പ്

2021ലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ ബി.ജെ.പിക്ക് നഷ്ടക്കച്ചവടമായിരുന്നു. കോടികൾ മുടക്കിയുള്ള പ്രചരണമാമാങ്കം സംസ്ഥാനത്തെമ്പാടും ബി.ജെ.പിയെ ഉയർത്തി നിറുത്തിയെന്നത് വാസ്തവമാണ്. എന്നാൽ വോട്ടിംഗിൽ അതൊന്നും പ്രതിഫലിച്ചില്ല.

സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും സ്ഥാനാർത്ഥിയായി. ഹെലികോപ്‌ടറിൽ മാറിമാറി പറന്നുനീങ്ങി. സംസ്ഥാന അദ്ധ്യക്ഷനായതിനാൽ സുരേന്ദ്രന് സംസ്ഥാനത്തെമ്പാടും പറക്കേണ്ടി വരുന്നത് സ്വാഭാവികം. അതിനെല്ലാം ആശ്രയം ഹെലികോപ്റ്ററായിരുന്നു. ഹെലികോപ്റ്റർ ഒരു മാസക്കാലം പറക്കാൻ ചെലവാകുന്ന കോടികളെത്രയെന്ന് സങ്കല്പിക്കൂ!

2014 ൽ നരേന്ദ്രമോദിക്ക് സഞ്ചരിക്കാൻ അംബാനിയാണ് ഹെലികോപ്ടർ ഒരുക്കിയതെന്ന കഥ കേട്ടിരുന്നു. അതിനോട് വേണമെങ്കിൽ ഇതും കൂട്ടിവായിക്കാം. അല്ലെങ്കിൽ, കേരളത്തിൽ ഇനിയും കാര്യമായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ നടത്താനാവാത്ത ബി.ജെ.പിക്ക് ഇത്രയും ആർഭാടം പലരുടെയും നെറ്റി ചുളിപ്പിക്കുന്നത് തന്നെയായിരുന്നു.

നേതാക്കൾക്ക് ദാരിദ്ര്യമുള്ള പാർട്ടിയൊന്നുമല്ല സംസ്ഥാന ബി.ജെ.പി ഘടകം. മഞ്ചേശ്വരത്ത് മത്സരിക്കാൻ ആ മേഖലയിൽ തന്നെ അറിയപ്പെടുന്ന സംഘപരിവാർ നേതാക്കൾ ധാരാളമുണ്ടായിരുന്നു. അല്ലെങ്കിൽ മഞ്ചേശ്വരത്തെ സ്വാധീനം വച്ച് സുരേന്ദ്രൻ മത്സരിക്കുന്നതിൽ തെറ്റില്ലെന്ന് തന്നെ കരുതിക്കോളൂ. പക്ഷേ, കോന്നിയിലെങ്കിലും മറ്റൊരാളെ പരീക്ഷിച്ചുകൂടേ? - ഈ ചോദ്യം ബി.ജെ.പിക്കകത്ത് തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന വലിയ മുറുമുറുപ്പുകളിലൊന്നായിരുന്നു. അത്യന്തം ദുരൂഹമായിരുന്നു രണ്ടിടത്തെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം. അതിനൊരു അസ്വാഭാവികത ഉണ്ടായിരുന്നു. നരേന്ദ്രമോദിയും അമിത്ഷായും ഉത്തരേന്ത്യയിൽ നടത്തുന്ന കബളിപ്പിക്കൽ തന്ത്രങ്ങൾ കേരളത്തിലെ പ്രബുദ്ധ വോട്ടർമാർക്കിടയിൽ വിലപ്പോയില്ലെന്നേ ഇത്തരം അസംബന്ധ നാടകങ്ങൾക്ക് ഉത്തരമുള്ളൂ.

ഇനി തിരഞ്ഞെടുപ്പ് ഫലമെടുത്താലോ. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിന് കിട്ടിയത് 12.4 ശതമാനം വോട്ടാണ്. 2016ൽ 15.1 ശതമാനം വോട്ട് കിട്ടിയ സ്ഥാനത്താണിത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പതിനഞ്ചര ശതമാനത്തിലേറെ വോട്ടുകൾ സ്വന്തമാക്കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലാകട്ടെ പതിനാറ് ശതമാനത്തിന് മുകളിലേക്ക് അവരുടെ വോട്ട് നില ഉയർന്നു. അവിടെ നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോൾ കുത്തനെ വീണത്.

തിരഞ്ഞെടുപ്പ് അജൻഡകൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു പ്രചാരണ അജൻഡയുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ബി.ജെ.പിക്കാർക്ക് പോലും കൃത്യമായ മറുപടി പറയാൻ സാധിച്ചെന്നു വരില്ല.

ശബരിമല വിഷയമാണ് അവരുയർത്തിക്കാട്ടാൻ പ്രധാനമായും ശ്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ വിവാദത്തെ ആളിക്കത്തിച്ചത് ബി.ജെ.പിയും സംഘപരിവാറുമായിരുന്നു. ശബരിമലയിൽ യുവതീപ്രവേശനത്തോട് തീർത്തും അനുകൂലമായിരുന്ന ബി.ജെ.പി- ആർ.എസ്.എസ് പ്രഭൃതികൾ, കേരളത്തിൽ എൻ.എസ്.എസും മറ്റും നാമജപസമരമൊക്കെയായി കളത്തിലിറങ്ങുന്നുവെന്ന് കണ്ടപ്പോൾ ഒരു സുപ്രഭാതത്തിൽ കരണം മറിയുകയായിരുന്നു. അതും ജനം തിരിച്ചറിഞ്ഞെന്ന് കരുതണം. ശബരിമല, ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവർക്ക് ബൂമറാങ് ആയി.

തദ്ദേശ തിരഞ്ഞെടുപ്പിൽ പക്ഷെ, സംഘടനയെ ചലിപ്പിക്കാൻ ശബരിമല അജൻഡ കൊണ്ട് ബി.ജെ.പിക്ക് സാധിച്ചെന്ന് വേണമെങ്കിൽ സമ്മതിക്കാം. പന്തളം, വർക്കല നഗരസഭകളിലുണ്ടാക്കാനായ നേട്ടം ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എല്ലായ്പോഴും സംഭവിക്കണമെന്നില്ലല്ലോ. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണല്ല നിയമസഭാ തിരഞ്ഞെടുപ്പിലേതും ലോക്‌സഭാ തിരഞ്ഞെടുപ്പിലേതും എന്ന് കേരളരാഷ്ട്രീയം സൂക്ഷ്മമായി പരിശോധിച്ചാൽ ബോദ്ധ്യമാവും.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്രൈസ്തവ വിഭാഗക്കാർക്കിടയിൽ ഉടലെടുത്ത ഇസ്ലാമോഫോബിയ വികാരത്തെ മുതലെടുക്കാനുള്ള ശ്രമം ബി.ജെ.പി നേതൃത്വം നടത്തുകയുണ്ടായി. ഓർത്തഡോക്സ്- യാക്കോബായ തർക്കപരിഹാരത്തിന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ കാർമ്മികത്വത്തിൽ പ്രധാനമന്ത്രിയെ ഇടപെടുത്തിയ മാമാങ്കമൊക്കെ കണ്ടതാണ്. ബി.ജെ.പി നേതൃത്വം തീർച്ചയായും ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന് വലിയ അടിയൊഴുക്ക് ഇക്കുറി പ്രതീക്ഷിച്ചു. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം അവർ സ്വപ്നം കണ്ടു. ഒന്നിൽ നിന്ന് പത്തിലേക്കെങ്കിലുമുയരുമെന്ന പ്രതീക്ഷ.

പക്ഷേ, ക്രൈസ്തവന്യൂനപക്ഷത്തെ ആകർഷിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ബോദ്ധ്യപ്പെട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് ശതമാനത്തോളം വോട്ട് ക്രൈസ്തവമേഖലയിൽ നിന്ന് സ്വരൂപിക്കാനായ ബി.ജെ.പിക്ക് ഇക്കുറി കിട്ടിയത് രണ്ട് ശതമാനം മാത്രമാണ്. ദളിത് വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ പതിനാറ് ശതമാനം കണ്ടാണ് ബി.ജെ.പിക്ക് ഇക്കുറി കുറഞ്ഞത്. ബി.ഡി.ജെ.എസ് സ്വാധീനം കൊണ്ടാകാം ഈഴവ വിഭാഗത്തിൽ നിന്നുള്ള പിന്തുണയിൽ മാത്രമാണ് നേരിയ വർദ്ധനവ് ബി.ജെ.പിക്കുണ്ടായിട്ടുള്ളത്. അതേസമയം, ബി.ഡി.ജെ.എസ് ഒരു നിസംഗഭാവത്തിൽ നിന്നത് പല മണ്ഡലങ്ങളിലും എൻ.ഡി.എയ്ക്ക് വിനയാവുകയും ചെയ്തിട്ടുണ്ട്. എൽ.ഡി.എഫിന് അത് ഗുണമായി. ഈഴവ വിഭാഗത്തിൽ നിന്നുള്ള പിന്തുണ ഇക്കുറി എൽ.ഡി.എഫിന് 49 ൽ നിന്ന് 53 ശതമാനത്തിലേക്കുയർന്നു.

നേമം അക്കൗണ്ട് പൂട്ടിച്ചു

നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുവട്ടം പറഞ്ഞു. അത് കൃത്യമായിരുന്നു. ഒ. രാജഗോപാലിനേക്കാൾ ഏതാണ്ട് പതിനാറായിരത്തോളം വോട്ട് കുമ്മനം രാജശേഖരന് കുറഞ്ഞു. നേമം മണ്ഡലത്തിലെ കോർപ്പറേഷൻ വാർഡുകളിൽ ഗണ്യമായ മേൽക്കൈ ബി.ജെ.പിക്കുണ്ടെങ്കിലും ഈ വാർഡുകളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിൽ ഇടിവുണ്ടായി.

കൊടകര കുഴൽപ്പണമിടപാട് ചർച്ചയാവുമ്പോൾ, ചില ട്രോളന്മാർ ചോദിച്ചതിങ്ങനെ : 'ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയാലും കുഴപ്പമില്ലല്ലോ, അക്കൗണ്ടിൽ പെടാതെ പണമെത്തുന്നുണ്ടല്ലോ! '

കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ്, വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതീതിയാണെന്ന സംശയം ബി.ജെ.പിക്കകത്ത് ഒരു വിഭാഗം വച്ചുപുലർത്തുന്നുണ്ട്. കേസിന്റെ സഞ്ചാരം വച്ചിട്ടാണിത് പറയുന്നത്. പക്ഷേ, സുരേന്ദ്രന് ഇരയുടെ പരിവേഷം നല്‌കാൻ കിട്ടിയ അവസരം പോലും സംസ്ഥാന നേതൃത്വത്തിലെ വലിയ വിഭാഗം ഉപയോഗിക്കുന്നില്ല എന്നിടത്താണ് ആ പാർട്ടിയിലെ വിഭാഗീയതയുടെ ആഴം ബോദ്ധ്യമാകുന്നത്.

കേവലം വിഭാഗീയതയല്ല, ബി.ജെ.പിയെ കേരളീയവോട്ടർമാർക്ക് അന്യമാക്കിത്തീർക്കുന്നത്. ബി.ജെ.പി രാഷ്ട്രീയം കേരളീയജനതയ്ക്ക് ഒട്ടും യുക്തിസഹമല്ല എന്നാണ് ശരിയായ ഉത്തരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.