SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.37 PM IST

രാജീവ് ഭവനിലെ കസേര

jj

ഒന്നുകിൽ പാർട്ടി പദവി. അല്ലെങ്കിൽ തിരഞ്ഞെടുപ്പിലൊരു സീറ്റ്. കോൺഗ്രസിൽ വളർന്നു വന്നതോ വളർത്തിയെടുത്തതോ ആയ പൊതു ശീലമാണിത്. പദവിയും അധികാരവും വിട്ടൊരു പൊതുപ്രവർത്തനം ഭൂരിഭാഗം കോൺഗ്രസ് നേതാക്കളിലും കാണാറില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയെങ്കിലും 'തിരഞ്ഞെടുപ്പ്' രംഗത്ത് നിന്ന് കളമൊഴിഞ്ഞു നിൽക്കാൽ നേതാക്കൾക്കാവില്ല. പുതിയ തിരഞ്ഞെടുപ്പിന് അവർ കച്ചമുറുക്കി കഴിഞ്ഞു. അത് പൊതു തിരഞ്ഞെടുപ്പല്ല, സംഘടനാ തിരഞ്ഞെടുപ്പ്. കോൺഗ്രസിൽ അഴിച്ചുപണിയുടെ കാലമാണ് വരാൻ പോകുന്നത്. അതുകൊണ്ട് നേതാക്കളെല്ലാം ചരടുവലികളുമായി സജീവമായുണ്ട്. പാർട്ടി പദവി നേടാൻ പിന്തുണ തേടി മുതിർന്ന നേതാക്കളുടെയും മതമേലാളൻമാരുടെയും വീട്ടുമുറ്റങ്ങളിൽ എത്തിയവർ കുറവല്ല. വോട്ടുതേടും പോലെ പിന്തുണ തേടി അണികളുടെ വീടുകളിലുമെത്തുന്നു. കെ.പി.സി.സിയിലെ അഴിച്ചുപണി ഉടനുണ്ടെന്നാണ് കേൾക്കുന്നത്. അതു കഴിഞ്ഞ് ഡി.സി.സികളിലേക്ക് വരുമ്പോഴാണ് ശരിക്കും 'തിരഞ്ഞെടുപ്പ്'.

പല പല വേഷങ്ങൾ

ഒരു കാലത്ത് പത്തനംതിട്ടയെന്നു കേട്ടാൽ കോൺഗ്രസുകാർ പുളകം കൊള്ളുമായിരുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉണ്ടായിരുന്ന കാലത്ത് അഞ്ചിലും എം.എൽ.എമാർ. കോൺഗ്രസ് കോട്ടയെന്ന് അഭിമാനം കൊണ്ടവർ എം.എൽ.എയ്ക്കും എം.പിയ്ക്കും തുല്യമായ സ്ഥാനമാണ് ഡി.സി.സി പ്രസിഡന്റിനും ഭാരവാഹികൾക്കും കല്‌പിച്ചിരുന്നത്. മണ്ഡലങ്ങളുടെ എണ്ണം അഞ്ചാക്കിയപ്പോഴും കോട്ടയ്ക്ക് കോട്ടം തട്ടിയില്ല. പ്രസിഡന്റും പ്രമാണിയായിരുന്നു. ഇപ്പോഴോ? കൈയിലുണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാവുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റ് അടിച്ച് തകർത്തപോലെ. നേതാക്കൾക്ക് ഇനി പദവിയുടെ പത്രാസ് കാട്ടി നടക്കണമെങ്കിൽ പാർട്ടി മാത്രമേയുള്ളൂ. ഡി.സി.സി ഒാഫീസായ രാജീവ്ഭവൻ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ വീടുപോലെയാണ്. പ്രസിഡന്റിന്റെ കസേരയിൽ, മുഖത്ത് രാജാവിന്റെ ഭാവം വരുത്തി ഇരിക്കുക മാത്രമാണ് പോംവഴി. അതിനുള്ള അങ്കപ്പുറപ്പാട് ഗ്രൂപ്പ് തിരിഞ്ഞും ഒറ്റതിരിഞ്ഞും നടക്കുന്നു. ഇവിടെ പാരവച്ചും മറുവെട്ട് നടത്തിയുമാണ് പ്രസിഡന്റിന്റെ കസേര ലക്ഷ്യമാക്കിയുള്ള പോരാട്ടം. സ്ഥാനാർത്ഥികളാകുന്നവർ ജനകീയ നേതാവിന്റെ ഭാവപ്പകർച്ചയ്ക്ക് കൊവിഡ് പി.പി.ഇ കിറ്റ് അണിയുന്നു. ആരോഗ്യ പ്രവർത്തകരെ തള്ളിമാറ്റി കിറ്റ് ധരിച്ച് ശവസംസ്കാരം നടത്തുന്നു. ഫോട്ടോയെടുപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. വാർത്തകളും ചിത്രങ്ങളും പത്രം ഒാഫീസുകളിലേക്ക് അയയ്‌ക്കുന്നു. എൽ.ഡി.എഫ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേട്ടമാക്കിയത് എങ്ങനെയാണോ ആ മാതൃക പകർന്നാടുകയാണ് കോൺഗ്രസ് നേതാക്കൾ. ഭക്ഷ്യക്കിറ്റ് കൊടുത്തും ചിലർ ഇമേജ് നന്നാക്കുന്നു.

ആരൊക്കെ ?

പത്തനംതിട്ടയുടെ ഡി.സി.സി പ്രസിഡന്റാകാൻ ആരൊക്കെയാണ് യോഗ്യർ എന്നു പരിശോധിക്കാൻ ഗ്രൂപ്പ് തിരിഞ്ഞ് നീണ്ട സ്ഥാനാർത്ഥിപ്പട്ടിക പരിശോധിക്കേണ്ടിവരും. പൊതു തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ജില്ല തങ്ങളുടെ കോട്ടയെന്ന് പാർട്ടി അവകാശപ്പെട്ടിരുന്ന പോലെ പാർട്ടി പുന:സംഘടന സമയത്ത് ഡി.സി.സി തങ്ങളുടെ കുത്തകയെന്ന് അവകാശപ്പെടുകയാണ് എ ഗ്രൂപ്പുകാർ. പതിറ്റാണ്ടുകളായി എ ഗ്രൂപ്പുകാർക്കുളളതാണ് പ്രസിഡന്റ് പദവി. കോട്ട തകർന്നതിനൊപ്പം പാർട്ടിയും തകർന്നെന്ന് എെ ഗ്രൂപ്പുകാർ കളിയാക്കുന്നു. ഇത്തവണ തങ്ങൾക്ക് പ്രസിഡന്റ് സ്ഥാനം വേണമെന്ന് അവർ ആവശ്യപ്പെടുന്നുമുണ്ട്. വിട്ടുകൊടുക്കാൻ എ ഒരുക്കമല്ല. എന്നാൽ, എെക്യത്തോടെ ഒരു പ്രസിഡന്റിനെ കണ്ടെത്താൻ എയ്ക്കും കഴിയുന്നില്ല. ഗ്രൂപ്പിനുളളിലെ ഗ്രൂപ്പ് യുദ്ധം അവിടെ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പൊതുസമ്മതനെ തേടുകയാണെങ്കിൽ എ ഗ്രൂപ്പിൽ നിലവിലെ കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിലുണ്ട്. ഐക്കാർക്ക് അദ്ദേഹത്തോട് വലിയ എതിർപ്പില്ല. മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളെന്ന് പൊതുസമൂഹവും അദ്ദേഹത്തെ വിലയിരുത്തുന്നുണ്ട്. പാർലമെന്റി വ്യാമോഹം വലുതായില്ല എന്നതും സതീഷിന്റെ പ്രത്യേകത. പക്ഷെ, സ്വന്തം ഗ്രൂപ്പിലെ ഭൈമീകാമുകൻമാരെ കടത്തിവെട്ടി പ്രസിഡന്റിന്റെ കസേരയിലെത്തുകയെന്നത് പ്രയാസമേറിയ പണിയാണ്. നിലവിലെ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുള്ള മറ്റ് എ ഗ്രൂപ്പ് നേതാക്കൾ. ഒരു കാലത്ത് കോന്നി നിയോജക മണ്ഡലത്തിലെ നിറസാന്നിദ്ധ്യമായിരുന്നു സാമുവൽ കിഴക്കുപുറം. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഇടയ്ക്ക് ഗൾഫിൽ പോയി തിരികെ വന്നപ്പോൾ പാർട്ടിയിൽ അദ്ദേഹത്തിന്റെ ജൂനിയർമാർ പലരും സീനിയേഴ്സായതാണ് കണ്ടത്. എന്നാലും അദ്ദേഹം സീനിയോറിറ്റി അവകാശപ്പെടുന്നുണ്ട്.

പത്തനംതിട്ട നഗരസഭ മുൻ ചെയർമാനായ എ. സുരേഷ് കുമാറും ഡി.സി.സി പ്രസിന്റാകാൻ കുപ്പായം തുന്നുന്നുണ്ട്. നിലവിലെ പ്രസിഡന്റ് ബാബുജോർജിന്റെ താങ്ങും തണലുമായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

യുവ നേതാക്കൾക്ക് അവസരം കൊടുത്താൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനാണ് സാദ്ധ്യത. ഏറെക്കാലത്തിന് ശേഷം യൂത്ത് കോൺഗ്രസിന് ജീവൻ വയ്‌പ്പിച്ച നേതാവാണ്. സംഘടനയെ കെട്ടുറപ്പോടെ സമരമുഖത്ത് എത്തിച്ചു. അടൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം നാലായിരത്തിൽ താഴെയാക്കി വിറപ്പിച്ചു. കഴിഞ്ഞ തവണയുണ്ടായിരുന്ന കാൽലക്ഷത്തിന്റെ കണക്കാണ് താഴേക്ക് കൊണ്ടുവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം നിലച്ചുപോയ പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തനത്തിന് പുന:സംഘടന പുതിയ ഉണർവ് പകരാൻ പോവുകയാണ്. പുന:സംഘടനയിൽ ഭാരവാഹിത്വം ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് വരെ ജില്ലയിലെ ചില ഉന്നത നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.