ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.40 ന് കാലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ആശുപത്രിയിലാണ് മേഗൻ പെൺകുഞ്ഞിന് ജന്മം നല്കിയത്. തങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് 'ലിലിബെറ്റ് ലിലി ഡയാന മൗണ്ട് ബാറ്റൺ വിൻഡ്സർ' എന്നാണ് ഇരുവരും പേരിട്ടത്. നിരവധി സവിശേഷതകളുള്ള പേരാണ് ഹാരിയും മേഗനും മകൾക്കായി തിരഞ്ഞെടുത്തത്.എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്നു ലിലിബെറ്റ്. ഹാരിക്ക് ഏറെ പ്രീയപ്പെട്ട മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ സ്മരണയിലാണ് മകൾക്ക് ലിലിബെറ്റ് ലിലി ഡയാന എന്നു പേരിട്ടത്. ജൂൺ നാലിന് ലിലി പിറന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദിയെന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു. എലിസബത്ത് രാജ്ഞിയും രാജകുടുംബാംഗങ്ങളും കുഞ്ഞ് ഡയാനയുടെ വരവിൽ ഏറെ സന്തോഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ഓപ്ര വിൻഫ്രയുമായുള്ള അഭിമുഖത്തിനിടയിലാണ് 39കാരിയായ മേഗൻ താൻ വീണ്ടും അമ്മയാകാൻ പോകുന്നതായി വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങിയ ഇരുവരും 2020 മാർച്ചിൽ യു.എസിലേക്ക് താമസം മാറ്റിയിരുന്നു.
രണ്ടുവയസ്സുകാരൻ ആർച്ചിയാണ് ഇരുവരുടേയും ആദ്യത്തെ കുഞ്ഞ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |