SignIn
Kerala Kaumudi Online
Saturday, 20 April 2024 2.30 AM IST

തീരദേശപരിപാലനം: ആശങ്കയ്ക്ക് പിന്നാലെ അട്ടിമറിഭീതിയും

costal-managment

കൊച്ചി: തീരദേശപരിപാലന നിയമം നടപ്പാക്കുന്നതിൽ ആശങ്കകൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. ഇളവുകൾ ചൂഷണം ചെയ്ത് ടൂറിസം, റിയൽ എസ്‌റ്റേറ്റ്, നിർമാണ ലോബികൾ തീരമേഖല കൈയടക്കുമെന്നാണ് ആശങ്ക. മുഖ്യമന്ത്രിയുടെ പ്രഖ്യപനം നടപ്പായാൽ കടൽ, കായൽ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുമെന്ന് സംഘടനകൾ ആരോപിച്ചു.

കേരളത്തിലെ സാഹചര്യത്തിൽ തീരദേശ പഞ്ചായത്തുകൾ തീരദേശ പരിപാലന നിയമത്തിന്റെ സോൺ രണ്ടിൽ ഉൾപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രത്തിന് നിർദേശം സമർപ്പിക്കുമെന്ന് കെ. ബാബു എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

2019 ജനുവരി 19 ന് പ്രസിദ്ധീകരിച്ച തീരദേശ പരിപാലന വിജ്ഞാപനപ്രകാരം ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാൻ കഴിഞ്ഞ ഏപ്രിൽ 12 ന് പ്രസിദ്ധീകരിച്ചിരുന്നു. ഒമ്പതു ജില്ലകൾ ഉൾപ്പെട്ട പ്ളാനിനെപ്പറ്റി ആശയക്കുഴപ്പം തുടരുകയാണ്. 2019 ലെ വിജ്ഞാപനത്തിൽ നിന്ന് ചില ഇളവുകൾ തീരദേശമേഖലയ്ക്ക് പുതിയ പ്ളാനിൽ നൽകിയിട്ടുണ്ട്. പട്ടണത്തിന്റെ പദവിക്ക് തുല്യമായ ഗ്രാമപഞ്ചായത്തുകളിൽ തീരത്തുനിന്ന് 50 മീറ്റർ മാറി വീടുകൾ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആദ്യ വിജ്ഞാപനത്തിൽ 100 മീറ്ററായിരുന്നു ദൂരപരിധി. 100 മീറ്റർ പരിധിമൂലം തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കാനോ നിലവിലുള്ളവ പുതുക്കിപ്പണിയാനേ അനുമതി ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് 50 മീറ്ററായി ചുരുക്കിയത്.

അട്ടിമറിക്കരുതെന്ന് മത്സ്യമേഖല

ഇതുവരെ നടപ്പാക്കപ്പെട്ട തീരദേശ പരിപാലന പദ്ധതികൾ അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി നേതാക്കൾ പറഞ്ഞു. ഇളവിനെ തെറ്റായി വ്യാഖ്യാനിച്ചും ഭരണസ്വാധീനവും കോടതി ഉത്തരവുകൾ നേടിയും നിയമം ലംഘിച്ചും നിരവധി നിർമാണങ്ങൾ ടൂറിസം ലോബി നടത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണം തടസപ്പെടുകയും ചെയ്തു.

പുതിയ വിജ്ഞാപനത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 2161 ജനങ്ങൾക്ക് മുകളിൽ താമസിക്കുന്നുണ്ടെങ്കിൽ തീരദേശ പരിപാലന പ്ളാനിൽ മൂന്ന് എ പദവി ലഭിക്കും. അവിടങ്ങളിൽ തീരത്തുനിന്ന് 50 മീറ്റർ ദൂരപരിധിയിൽ വീടുകൾ നിർമിക്കാം. വീട് നിർമാണത്തിന് ലഭിക്കുന്ന അനുമതിയെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് ടൂറിസം, റിയൽ എസ്‌റ്റേറ്റ്, കെട്ടിട നിർമാണ ലോബികൾ കെട്ടിടങ്ങൾ നിർമിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക.

ടൂറിസത്തിന് ഇളവ് നിശ്ചിതമേഖലയിൽ

2014 ഫെബ്രുവരി 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര സർക്കാരിന് നൽകിയ കത്തിൽ മത്സ്യത്തൊഴിലാളികളുടെ വീട് നിർമാണത്തിന് ഇളവുകൾ നൽകണമെന്ന് നിർദേശിച്ചിരുന്നു. ഈ ഇളവുകൾ ടൂറിസം, റിയൽ എസ്‌റ്റേറ്റ്, നിർമാണമേഖലകൾക്ക് നൽകരുതെന്നും നിർദേശിച്ചിരുന്നു. ടൂറിസത്തിന് നിശ്ചയിച്ച 14 ഗ്രാമപ്രദേശങ്ങളിലും ഏഴ് നഗരപ്രദേശങ്ങളിലും മാത്രമായി ഇളവ് നൽകാമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

പ്രത്യേക പരിഗണന ആവശ്യപ്പെടണം

കേരളത്തിലെ മൊത്തം ജനസംഖ്യയെ ഭൂവിസ്തൃതികൊണ്ട് ഹരിച്ചാൽ ശരാശരി ജനസംഖ്യ 2161 ന് മുകളിൽ വരും. ഇക്കാര്യം ഉന്നയിച്ച് തീരദേശ വില്ലേജുകളെ പ്രത്യേക പരിഗണന അർഹിക്കുന്ന പ്രദേശങ്ങളെന്ന് നിശ്ചയിച്ച് കേന്ദ്ര സർക്കാരിന് പ്ലാൻ നൽകണം. ഇതുവഴി മത്സ്യത്തൊഴിലാളികൾക്ക് വീടു വയ്ക്കാൻ അനുമതി ലഭിക്കും. തീരത്ത് വൻകിട നിർമാണങ്ങൾ ഒഴിവാക്കാനും കഴിയും.

ചാൾസ് ജോർജ്,പ്രസിഡന്റ്,മത്സ്യത്തൊഴിലാളി ഐക്യവേദി

മുഖ്യമന്ത്രി പറഞ്ഞത്

കേരളത്തിലെ തീരങ്ങൾ സോൺ രണ്ടിലാണ് ഉൾപ്പെടേണ്ടത്

പഞ്ചായത്തുകളും പട്ടണങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല

പൊക്കാളിഭൂമിയെ കൃഷിയായി കണക്കാക്കണം

ജനഹിതം ഉൾക്കൊണ്ട് ഇടപെടൽ നടത്തും

കേന്ദ്ര സർക്കാരിന് സമഗ്ര നിർദേശം സമർപ്പിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COASTAL PLAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.