SignIn
Kerala Kaumudi Online
Thursday, 25 April 2024 9.54 PM IST

ആദരിക്കണം ഈ ചെറുപ്പക്കാരനെ

n
നിധിന്റെ നിസ്വാർത്ഥ സേവനം പുറംലോകത്തെ അറിയിച്ച കേരളകൗമുദി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: കൊവിഡ് ആഞ്ഞടിക്കുമ്പോൾ രോഗികൾക്ക് ആത്മവിശ്വാസമേകി അവർക്കൊപ്പം കഴിയുന്ന സൈക്കോളജിസ്റ്റ് നിധിൻ എ.എഫിന് സമൂഹത്തിന്റെ പിന്തുണ. സന്നദ്ധ സേവകനായി ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിധിനെത്തിയിട്ട് ഇന്ന് 450 ദിനം പൂർത്തിയാകും.

സന്നദ്ധ സേവകരായി ആദ്യഘട്ടത്തിലെത്തിയവരെല്ലാം പിൻവാങ്ങിയപ്പോഴും നിധിൻ തുടർന്നത് ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ടവർ കാര്യമായി എടുത്തില്ല. ചെറിയ പ്രതിഫലം പോലും ഈ ചെറുപ്പക്കാരന് നൽകാൻ തയ്യാറാകാത്തത് നിധിനെക്കുറിച്ചറിഞ്ഞർക്കെല്ലാം വിഷമവും അദ്ഭുതവും ഉണ്ടാക്കുന്നതാണ്. നിധിന് അഭിനന്ദനം അറിയിച്ച പ്രമുഖരിൽ ചിലർ ഇക്കാര്യം തുറന്നുപറയുന്നു.

 അവിശ്വസീയ സേവനം: വി.കെ. പ്രശാന്ത് എം.എൽ.എ

നിധിനെപ്പോലെ സേവന മനോഭാവമുള്ളവരാണ് കൊവിഡ് പ്രതിരോധത്തിന്റെ ശക്തി. ഉറക്കം പോലും മറന്ന് കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നവരുണ്ട്. കൊവി‌‌ഡ് ബാധിച്ചവരുടെ മാനസികാരോഗ്യം നിലനിറുത്തുക എന്നത് നിസാരമല്ല. അവിടെ ഒരു ചെറുപ്പക്കാരൻ നിസ്വാർത്ഥനായിട്ട് ജോലി ചെയ്യുന്നതിനെ അഭിനന്ദിക്കണം.

 കണ്ടില്ലെന്ന് നടിക്കുന്നത് ക്രിമിനൽ കുറ്റം: ശ്രീനിവാസൻ

പ്രതിഫലം നൽകാൻ കഴിയുന്നില്ലെന്ന് ആർ.എം.ഒ വാർത്തയിൽ പറയുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ നിരവധി കാര്യങ്ങൾ ചെയ്‌തെന്ന് അവകാശപ്പെടുന്ന സർക്കാർ നിധിന് പ്രതിഫലം കൊടുക്കാൻ താത്പര്യം കാണിക്കാത്തതിന് ന്യായീകരണമില്ല. ഫണ്ട് ധാരാളം ചെലവഴിക്കുന്നു. സൗജന്യമായി കിറ്റും ഭക്ഷണവും നൽകുന്നവർ ഇത്രത്തോളം മഹത്തായ സേവനം നടത്തുന്ന ആളെ കണ്ടില്ലെന്ന് നടിക്കുന്നത് ക്രമിനൽക്കുറ്റമാണ്.

 സർക്കാർ ശ്രദ്ധിക്കണം: കുരീപ്പുഴ ശ്രീകുമാർ

നിധിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. കൊവിഡ് കാലത്തെ സാമൂഹ്യസേവനം അപകടകരവും ആശങ്കാജനകവുമാണ്. അതിനെയൊക്കെ അവഗണിച്ചാണ് നിധിൻ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നത്. അദ്ദേഹത്തെയും കുടുംബത്തെയും സംരക്ഷിക്കാൻ വേണ്ട സാമ്പത്തിക സൗകര്യങ്ങൾ നൽകാൻ സമൂഹം ബാദ്ധ്യസ്ഥമാണ്. സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ.

 അർഹമായ പ്രതിഫലം നൽകണം: ലിഡ ജേക്കബ്

കൊവിഡ് ബാധിക്കുന്നവർക്ക് മനോധൈര്യം പകർന്ന് ഒരു ചെറുപ്പക്കാരൻ യാതൊരു പ്രതിഫലവും പറ്റാതെ തുടർച്ചയായി കർമ്മനിരതനാകുന്നുവെന്ന് 'കേരളകൗമുദി"യിലൂടെ വായിച്ചറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. വേറെ വരുമാന മാർഗമില്ലാത്ത ആളാണ് നിധിൻ. എന്നിട്ടും മറ്റുള്ളവർക്കു വേണ്ടി അയാളുടെ ദിനങ്ങൾ മാറ്റിവയ്ക്കുന്നു. അവിടെയാണ് നന്മ. സർക്കാരിന്റെ ശ്രദ്ധയിൽ നിധിൻ വന്നിട്ടുണ്ടാകും. അർഹമായ പ്രതിഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 സർക്കാർ ആദരിക്കണം: ജേക്കബ് പുന്നൂസ്, മുൻ ഡി.ജി.പി

ഇങ്ങനെ ശുശ്രൂഷ ചെയ്ത ആരും കേരളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. 450 ദിവസം തുടർച്ചയായി കൊവിഡ് രോഗികൾക്കൊപ്പം ചെലവഴിക്കുന്നത് ഒരുപക്ഷേ ലോക റെക്കാ‌ഡായിരിക്കും. എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സാഹചര്യത്തിലുള്ള അയാളുടെ സേവനം മാതൃക എന്നു പറഞ്ഞാൽ ചെറുതായിപ്പോകും. നിധിന് ഏതുതരത്തിലുള്ള പ്രോത്സാഹനം നൽകണമെന്ന് സർക്കാർ തീരുമാനിക്കണം. ആദരിക്കണം ഈ ചെറുപ്പക്കാരനെ.

 കാലത്തിന്റെ ഭാഗ്യം: അശ്വതി നായർ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിധിനെ പോലെയുള്ളവരുടെ നിസ്വാർത്ഥ മനുഷ്യത്വ പൂർണ സേവനം സമൂഹത്തിനു നൽകുന്ന ആത്മവിശ്വാസം വലുതാണ്. ഇത്തരം സേവനദാതാക്കൾ വർത്തമാനകാലത്തിന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ വേതനം നൽകി അവരെ ആരോഗ്യരംഗത്തിന്റെ ഭാഗമാക്കി മാറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.