SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.56 PM IST

നെഞ്ചൂക്കോടെ പൊരുതി നേടിയ കരുത്ത്

k-sudhakaran

കണ്ണൂർ : പ്രതിസന്ധികളോട് നെഞ്ചൂക്കോടെ പൊരുതിയ ചരിത്രമാണ് കെ. സുധാകരന്റെ രാഷ്ട്രീയ ജീവിതം. കോൺഗസിനകത്തും പുറത്തും ഒരേ സമയം പോരാടി. ഒടുവിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെത്തിയതും പോരാടിക്കയറിയാണ്. ഗ്രൂപ്പ് മറന്ന് നേതാക്കൾ കൈകോർത്തപ്പോൾ അതിനെ അതിജീവിക്കാൻ കഴിഞ്ഞതും ഈ കരുത്തിൽ തന്നെ.

കണ്ണൂരിൽ സി.പി. എമ്മിന്റെ കോട്ടകളിൽ കടന്നുകയറി കോൺഗ്രസിന് വിലാസം നേടിക്കൊടുക്കാനിറങ്ങിയപ്പോഴും, സ്വന്തം പാളയത്തിൽ നിന്നു സുധാകരനെതിരെ പടയൊരുക്കവും ശക്തമായിരുന്നു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോഴും വെല്ലുവിളികളേറെ. അതും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് സുധാകരന്റെ കൊടിയടയാളം.

1948ൽ കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടെയും മാധവിയുടെയും മകനായി ജനിച്ച സുധാകരൻ സ്‌കൂൾ കാലഘട്ടത്തിൽ കെ.എസ്‌.യുവിൽ സജീവമായി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ. 1973ൽ എൻ.എസ്.ഒ എന്ന വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. സംഘടനാ കോൺഗ്രസിൽ നിന്ന് ജനതാ പാർട്ടിയിലെത്തി. കെ ഗോപാലൻ, കമലം തുടങ്ങിയവർ ചേർന്ന് ജനത (ജി) ഉണ്ടാക്കിയപ്പോൾ അവർക്കൊപ്പമായി. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടിയ സുധാകരൻ, 1984ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗമായി തുടക്കം. 1991ൽ നരസിംഹറാവു പാർട്ടി അദ്ധ്യക്ഷനായിരിക്കെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ണൂർ ഡി.സി.സി പ്രസിഡന്റായി.കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ, സി.പി.എമ്മിനെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലെത്തിച്ചത് കെ. സുധാകരൻ ഡി.സി.സി പ്രസിഡന്റായിരിക്കെയാണ്.

വെല്ലുവിളികളിൽ

കരുത്താർജിച്ച്

രാഷ്ട്രീയത്തിൽ എന്നും വെല്ലുവിളികൾ ഏറ്റെടുത്തായിരുന്നു സുധാകരന്റെ മുന്നേറ്റം. 1980ൽ എടക്കാട് അസംബ്ലി സീറ്റിൽ കന്നിയങ്കം. 82ൽ വീണ്ടും എടക്കാടും, 87ൽ തലശേരിയിലും മത്സരിച്ചു. 90ൽ എടക്കാട്ട് 219 വോട്ടിനാണ് തോറ്റത്. 15,000-ത്തിലേറെ കള്ളവോട്ടുകൾ സി.പി.എം ചെയ്തിട്ടുണ്ടെന്ന പരാതിയുമായി സുധാകരൻ നിയമപോരാട്ടം തുടങ്ങി. 3,000 ഇരട്ടവോട്ടുകൾ കണ്ടെത്തി കോടതിയിൽ തെളിയിച്ചതോടെ, സി.പി.എം സ്ഥാനാർത്ഥി ഒ.ഭരതന്റെ വിജയം റദ്ദാക്കി, സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. 1996 ലും 2001ലും 2006ലും കണ്ണൂരിൽ നിന്ന് എം.എൽ.എയായി. എ.കെ. ആന്റണി മന്ത്രിസഭയിൽ വനം മന്ത്രിയായി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നു വിജയിച്ചു. 2014 ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലും 2017ൽ ഉദുമ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു തോറ്റു. 2019ൽ കണ്ണൂരിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക്.

പാർട്ടിയിൽ ഒരു സ്ഥാനവുമില്ലാതിരിക്കുമ്പോഴും കെ. സുധാകരൻ എപ്പോഴും പ്രവർത്തകരുടെ വലയത്തിലാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ് സമ്മേളനവേദികളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന നേതാവ്. അദ്ധ്യാപികയായി വിരമിച്ച സ്മിതയാണ് ഭാര്യ. കോയമ്പത്തൂരിൽ ബിസിനസുകാരനായ സൻജ്യോത്, സൗരഭ് എന്നിവർ മക്കളും ശ്രീലക്ഷ്മി മരുമകളുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.