SignIn
Kerala Kaumudi Online
Saturday, 20 April 2024 12.59 AM IST

പത്രവായനയുടെ കടുപ്പം കുറയ്ക്കാതെ ഏജന്റുമാർ

news

 ലോക്ക് ഡൗണിനെയും ഓടിത്തോൽപ്പിച്ചു


കൊല്ലം: ചൂട് കട്ടനൊപ്പം മലയാളിയുടെ രാവിലത്തെ പത്രവായനയ്ക്ക് കടുപ്പം നൽകുന്നത് കൊവിഡിനെ ഓടിത്തോൽപ്പിച്ച പത്രഏജന്റുമാരാണ്. മഴയും മഞ്ഞും മറന്നാണ് ഇവരുടെ ഓരോ ദിനവും പുലരുന്നത്. ലോക്ക് ഡൗൺ കാലത്തും ഇതിന് മാറ്റം വന്നിട്ടില്ല.

പുലർച്ചെ 3ന് തുടങ്ങുന്ന അദ്ധ്വാനം വായനക്കാരോ മറ്റുള്ളവരോ തിരിച്ചറിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലോക്ക് ഡൗണിൽ അടച്ചിട്ടിരിക്കുന്ന വഴികൾ ഒഴിവാക്കി കൂടുതലോടി പത്രം എത്തിക്കാൻ അവർ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാൽ അർഹമായ പരിഗണനയോ പിന്തുണയോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

എങ്കിലും ജോലി മുടക്കാൻ ഇവർ തയ്യാറല്ല. അൻപത് വർഷത്തിലേറെയായി പത്രവിതരണം നടത്തുന്നവരും തലമുറകൾ കൈമാറി ഏജൻസികൾ നിലനിറുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഏകദേശം 800 ലധികം ഏജന്റുമാരും അതിന്റെ മൂന്നിരട്ടി വിതരണക്കാരും ജില്ലയിലുണ്ടെന്നാണ് കണക്കുകൾ.

മുൻഗണനയ്ക്ക് ഇടപെട്ടത് കേരളകൗമുദി

പത്രഏജന്റുമാരെയും വിതരണക്കാരെയും കൊവിഡ് മുന്നണിപോരാളികളായി പ്രഖ്യാപിക്കണമെന്നും വാക്സിന് മുൻഗണന നൽകണമെന്നും ആദ്യം ചൂണ്ടിക്കാട്ടിയത് കേരളകൗമുദിയാണ്. മേയ് 16നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് 24ന് ഇവരെ മുന്നണിപോരാളികളായി സർക്കാർ പ്രഖ്യാപിക്കുകയും വാക്സിൻ മുൻഗണനയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ക്ഷേമനിധിയിൽ അംഗത്വം

പത്രഏജന്റുമാർക്കും വിതരണക്കാർക്കും അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേമനിധിയിൽ അംഗമാകാൻ കഴിയും. അംഗമായിട്ടുള്ളവർക്ക് 1000 രൂപ കൊവിഡ് പശ്ചാത്തലത്തിൽ ധനസഹായം ലഭിക്കും. അംഗമാകാത്തവർ ജില്ലാതല അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതി ഓഫീസിൽ ബന്ധപ്പെടണം.


അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതി

1. പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും മറ്റ് ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾക്കും അംഗമാകാം
2. ഒരു വർഷമെങ്കിലും അംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയാകുമ്പോൾ കാലയളവിന് ആനുപാതികമായി വിരമിക്കൽ ആനുകൂല്യം
3. വനിതാ അംഗത്തിന് 15,000 രൂപ പ്രസവ ധനസഹായം
4. അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കൾക്ക് 10,000 രൂപ വിവാഹ ധനസഹായം
5. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീം പ്രകാരം പെൻഷൻ
6. പത്തുവർഷം അംശാദായം അടച്ച അംഗം മരിച്ചാൽ കുടുംബത്തിന് പ്രതിമാസം 300 രൂപ പെൻഷൻ
7. അഞ്ചുവർഷം അംശാദായം അടച്ചയാൾക്ക് സ്ഥിര വൈകല്യം ഉണ്ടായാൽ പ്രതിമാസം 1200 രൂപ
8. പദ്ധതിയംഗങ്ങളുടെ മക്കൾക്ക് 750 രൂപ മുതൽ 2500 രൂപ വരെ വിദ്യാഭ്യാസ ആനുകൂല്യം
9. അംഗത്വ കാലയളവിനുള്ളിൽ പരമാവധി 10,000 രൂപ ചികിത്സാ ധനസഹായം
10. അപകട - മരണാനന്തര ആനുകൂല്യത്തിന് പ്രധാൻമന്ത്രി ജീവൻജ്യോതി ഭീമായോജന പദ്ധതിയിൽ സൗജന്യ അംഗത്വം
11. പദ്ധതി അംഗത്തിന്റെ മരണാനന്തര ചെലവുകൾക്ക് 1000 രൂപ ആശ്രിതന്
12. പത്തുവർഷത്തിൽ കൂടുതൽ അംശാദായം അടച്ച അംഗങ്ങൾക്ക് വിവാഹം, വീട് നിർമ്മാണം, സ്വയം തൊഴിൽ എന്നിവയ്ക്ക് മൂന്ന് വർഷത്തേക്ക് പലിശരഹിത വായ്പ

ഫോൺ: 0474 2749847

"

ലോക്ക് ഡൗണിൽ വഴികൾ അടച്ചത് മൂലം പത്രവിതരണം പ്രതിസന്ധിയിലാണ്. വായനക്കാരുടെയും നിയമപാലകരുടെയും സഹകരണമുള്ളതുകൊണ്ട് ബുദ്ധിമുട്ടുകൾക്കിടയിലും പത്രവിതരണം നടക്കുന്നു.

ജയചന്ദ്രൻ, തൊടിയൂർ ഏജന്റ്

"

സത്യസന്ധമായ വാർത്തകൾ അറിയണമെങ്കിൽ പത്രങ്ങൾ തന്നെയാണ് ആശ്രയം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വിതരണം കൃത്യമായി നടക്കുന്നുണ്ട്. കുടുംബത്തിലെ മൂന്നാം തലമുറയിലാണ് ഇപ്പോൾ ഏജൻസി.

ചന്ദ്രമതി പീതാംബരൻ, മയ്യനാട് ഏജന്റ്

"

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രവിതരണം. പലവീടുകൾ കയറിയിറങ്ങുന്നത് കൊണ്ട് രോഗഭീതിയിലാണ് വിതരണക്കാരും വായനക്കാരും. പുതിയ വരിക്കാരെ കിട്ടുന്നതിലും പ്രയാസമുണ്ട്.

പ്രബലൻ, ചിറ്റാകോട് ഏജന്റ്

"

കൊവിഡ് ആരംഭത്തിൽ ഏജൻസി പൂർണമായും നിറുത്തണമെന്ന ചിന്തയിലായിരുന്നു. വിതരണക്കാരുടെയും വായനക്കാരുടെയും പത്ര സ്ഥാപനങ്ങളുടെയും പിന്തുണയുള്ളതുകൊണ്ടാണ് ഏജൻസി തുടരുന്നത്.

സുരേഷ്‌ കുമാർ, ഒഴുകുപാറ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.