SignIn
Kerala Kaumudi Online
Thursday, 25 April 2024 7.09 AM IST

മരം വെട്ടികൾ വിലസുമ്പോൾ

tree

ജന്മാവകാശമായി ലഭിച്ച ഭൂമിയിലുള്ള ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. ചന്ദന മരം വലുതാകുമ്പോൾ ഉടമയും ഉദ്യോഗസ്ഥരും അറിയാതെ കള്ളന്മാർ വെട്ടിക്കൊണ്ട് പോകുന്നതാണ് പൊതുവെ നാട്ട് നടപ്പ്. ഇപ്പോൾ വിവാദമായിരുക്കുന്നത് പട്ടയ ഭൂമിയിൽ നിന്നും ഈട്ടിയും തേക്കും വെട്ടിയതാണ്. ചില ജില്ലകളിൽ ആദിവാസികൾക്കും മറ്റും പട്ടയഭൂമിയായി ലഭിച്ചിരിക്കുന്നത് വനഭൂമിയോട് ചേർന്ന പ്രദേശങ്ങളാണ്. ഇവിടങ്ങളിലാണ് വർഷങ്ങൾ പഴക്കമുള്ള ഈട്ടി, തേക്ക് മരങ്ങൾ വളർന്ന് നിന്നിരുന്നത്. സർക്കാർ പട്ടയം നൽകുമ്പോൾ സർക്കാരിലേക്ക് റിസർവ് ചെയ്യുന്ന മരങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കും. ഇതിൽ വരുന്ന രാജകീയ വൃക്ഷങ്ങളാണ് ഈട്ടിയും തേക്കും മറ്റും. ഇത് മുറിക്കാൻ പാടില്ല. എന്നാൽ 2020 ഒക്ടോബർ 24ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു ഉത്തരവിറക്കി. ആ ഉത്തരവാണ് വ്യാപകമായ മരം വെട്ടലിന് കളം ഒരുക്കിയത്. ''പതിച്ച് നൽകുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് കർഷകന് പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ല എന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവിന് ഒപ്പം എഴുതിച്ചേർത്ത മറ്റൊരു വാചകമാണ് സർക്കാർ വനം മാഫിയയ്ക്ക് കുടപിടിച്ചോ എന്ന സംശയം ഉയർത്തുന്നത്. 'ഇങ്ങനെയുള്ള പട്ടയ ഭൂമിയിൽ നിന്ന് മരം മുറിക്കുന്ന കർഷകനെ തടയുന്ന ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും എന്നായിരുന്നു ആ വാചകം. എന്തിനായിരുന്നു ഇങ്ങനെ ഒരു വാചകം എഴുതി ചേർത്തത്. ഈ വാചകത്തിന്റെ പേരിലാണ് മരം മുറിച്ച് കടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ ഉദ്യോഗസ്ഥന്മാരെ വിരട്ടിയത്. പണം വാങ്ങി പാസ് നൽകിയ ഉദ്യോഗസ്ഥരെ അവർ ആദരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ചില റേഞ്ച് ഓഫീസർമാർ പാസ് നൽകാൻ തയ്യാറായില്ല. അവരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് ഉത്തരവ് റദ്ദാക്കപ്പെട്ടത്. ഇലക്‌ഷന് ആറ് മാസം മുമ്പ് ഇറങ്ങിയ ഈ ഉത്തരവിന്റെ പിന്നിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാവാൻ വഴിയില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലമില്ലാതെ മരം മുറി തടയുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടി ഉണ്ടാകും എന്ന വരി അതിൽ വരില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവർ രാഷ്ട്രീയ നേതാക്കന്മാരാണെങ്കിലും ഉദ്യോഗസ്ഥ പ്രമുഖരാണെങ്കിലും വനം മാഫിയയുടെ ആളുകളാണെങ്കിലും ഇപ്പോഴും കാണാമറയത്താണ്. ഇങ്ങനെ ഒരു ഉത്തരവിറക്കാൻ ഗൂഢാലോചന നടത്താൻ ഒരുമ്പെട്ട അവരാണ് സംസ്ഥാനത്തൊട്ടാകെ നൂറുകോടിയോളം രൂപയുടെ മരംവെട്ടി കടത്തിയതിന്റെ അങ്ങേയറ്റം. ഏത് കേസ് വന്നാലും അവർ അവ്യക്തതയിൽ തന്നെ തുടരുകയും ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം കേസുകളുടെ ഇതുവരെയുള്ള കഥ കേസ് വരുമ്പോൾ പട്ടയ ഭൂമിയുടെ ഉടമസ്ഥനും കരാറുകാരനും ചില ഉദ്യോഗസ്ഥരുമൊക്കെ പ്രതിയാകാം. അപ്പോഴും അത് മഞ്ഞുമലയുടെ ഇങ്ങേയറ്റമേ ആകുന്നുള്ളൂ. അഴിമതിയുടെ ആഴത്തിൽ പോയ വേരുകൾ അറുക്കപ്പെടാതെ അപ്പോഴും തുടരും. അതായത് രോഗത്തിന്റെ കാരണങ്ങളെ ഉന്മൂലനം ചെയ്യുന്നചികിത്സ നടക്കില്ല. അതിന്റെ ഫലമായി വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഒരു വനംകൊള്ളയുടെ വാർത്ത കൂടി കേൾക്കാൻ ഇടയാകും. ചില ജില്ലകളിലെ കളക്ടർമാരും വനം വകുപ്പിലെ ചില റേഞ്ചർമാരും കർശന നിലപാടെടുക്കാൻ ഇതിനിടയിലും തയ്യാറായത് അഭിനന്ദനാർഹമാണ്. അവർ കൂടി ഇല്ലായിരുന്നെങ്കിൽ പട്ടയ ഭൂമി കഴിഞ്ഞ് വനഭൂമി കൂടി വെളുത്തേനെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.