SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.05 PM IST

ധിഷണാശാലിയായ പത്രപ്രവർത്തകൻ

n-ramachandran

ശ്രീ. എൻ. രാമചന്ദ്രൻ ദിവംഗതനായിട്ട് ഏഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എങ്കിലും, കാലം തീർക്കുന്ന വിസ്‌മൃതികൾക്ക് മായ്‌ക്കാൻ കഴിയാത്ത, നിരന്തരം നമ്മെ പ്രചോദിപ്പിക്കുന്ന, നിത്യഭാസുരമായ ഒരു ധന്യസ്‌മരണയായി ഇന്നും അദ്ദേഹം നമ്മുടെ സ്‌മൃതിപഥങ്ങളിൽ ജീവിക്കുന്നു.

കൊല്ലം ജില്ലയിലെ ആശ്രാമത്ത്. പി.എൻ. നാരായണൻ - മന്ദാകിനി നാരായണൻ ദമ്പതികളുടെ മകനായി 1926-ലാണ് എൻ. രാമചന്ദ്രൻ ജനിച്ചത്. സംഭവബഹുലമായിരുന്ന ആ ജീവിതം 2014-ൽ നിത്യതയിൽ ലയിച്ചു. ജീവിതകാലം മുഴുവൻ പത്രപ്രവർത്തനത്തിലും മറ്റു വൈജ്ഞാനിക മേഖലകളിലും കിടയറ്റ സംഭാവനകൾ നൽകിക്കൊണ്ട്, സമകാലിക സമൂഹത്തിന്റെ ധൈഷണിക, ഭൗതിക ജീവിതങ്ങളെ ആ മഹാപ്രതിഭ നിരന്തരം പ്രചോദിപ്പിച്ചുപോന്നു.

പത്രപ്രവർത്തനരംഗത്തെ ഒരു അതികായനായിരുന്ന അദ്ദേഹം സർഗാത്മകമായ പ്രവർത്തനങ്ങളിലൂടെ കാലാതിവർത്തിയായ യശസ് തന്റേതാക്കി തീർത്തു. സമശീർഷരില്ലാത്ത, അതുല്യപ്രഭാവനായ ഒരു പത്രപ്രവർത്തകനെന്നതിനോടൊപ്പം, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ സുദീർഘമായ ഏതാണ്ട് ആറു ദശകങ്ങളോളം, അപൂർവശോഭയോടെ ജ്വലിച്ചുനിന്ന നിത്യദീപ്‌തമായ ഒരു വ്യക്തിത്വമായിരുന്നു, രാമചന്ദ്രന്റേത്. കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന, 'നവഭാരതം" ദിനപത്രത്തിന്റെ ലേഖകൻ എന്ന നിലയിലാണ് അദ്ദേഹംപത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. തുടർന്ന് കേരളകൗമുദി പത്രത്തിൽ ചേർന്ന അദ്ദേഹം 1952ൽ അതിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായിത്തീരുകയും, അതുമുതൽ 2014ൽ അദ്ദേഹത്തിന്റെ മരണം വരെ, തൽസ്ഥാനത്ത് തുടരുകയും ചെയ്തു. പത്രപ്രവർത്തനരംഗത്തെ സുദീർഘവും, ശ്ളാഘനീയവുമായ ആ സപര്യയിൽ വർഷങ്ങളോളം കേരളകൗമുദിയുടെ മികവാർന്ന മുഖപ്രസംഗങ്ങൾ എഴുതിയയത് അദ്ദേഹമായിരുന്നു. ഇപ്രകാരം, കേരളകൗമുദി ദിനപത്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ തന്നെ, കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കൗമുദി" വാരി​കയി​ലെ, 'കഴിഞ്ഞ ആഴ്‌ച", ലിങ്ക് മാഗസിനിലെ 'കേരള ലെറ്റർ" എന്നീ ഏറെ ജനപ്രീതി നേടിയ പതിവ് പംക്തികളും, കേരളശബ്ദം വാരികയിൽ 'ചക്രവാളം" എന്ന ശീർഷകത്തിൽ പ്രചുരപ്രചാരം നേടിയ 'സാമൂഹ്യ - രാഷ്ട്രീയ പംക്തിയും, അദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി.

സർക്കാരുകളുടെയും, പൊതുഭരണ സ്ഥാപനങ്ങളുടെയും സാമൂഹ്യ സംഘടനകളുടെയുമൊക്കെ കൃത്യനിർവഹണത്തിലും, നയരൂപീകരണത്തിലുമുള്ള വൈകല്യങ്ങളെയും, അപര്യാപ്തതകളെയും നിശിതമായി വിമർശിക്കുന്നതോടൊപ്പം, അത്തരം അധികാര സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെയും, അതിൽ അവർ പ്രകടിപ്പിക്കുന്ന ദീർഘവീക്ഷണത്തെയും, കർത്തവ്യനിരതയെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളും, ലേഖനങ്ങളുമൊക്കെ കേരളത്തിന്റെ സമകാലിക ജീവിതത്തിൽ സൃഷ്ടിച്ച ചലനങ്ങളും, പരിവർത്തനങ്ങളും നിത്യ സ്‌മരണീയങ്ങളാണ്. പല സന്നിഗ്ധഘട്ടങ്ങളിലും അദ്ദേഹം നൽകിയ, സാമൂഹ്യ ജീവിതത്തിന് ദിശാബോധം നൽകുന്ന നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെടുകയും, അനുവർത്തിക്കപ്പെടുകയും ചെയ്തുപോന്നിട്ടുണ്ട്. പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ, സുപ്രധാനങ്ങളായ പല സംഭവവികാസങ്ങളെയും അപ്രമാദിതമായ ആധികാരികതയോടെയും, അവയെക്കുറിച്ചുള്ള അഗാധമായ അറിവോടെയും അദ്ദേഹം വിലയിരുത്തിയത് ഈ നാടിന്റെ ധൈഷണികജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനം സീമാതീതമായിരുന്നു. സത്യത്തോട് തികഞ്ഞ നീതി പുലർത്തിക്കൊണ്ടുള്ള, സാമൂഹ്യ പ്രതിബദ്ധത ആ ജീവിതത്തിന്റെ മുഖമുദ്ര‌യായിരുന്നു.

കലാലയ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ (കെ.എസ്.പി) അംഗമായിത്തീർന്ന അദ്ദേഹം തന്റെ ആദ്യകാല പൊതുപ്രവർത്തനം തുടങ്ങിയത് തൊഴിലാളി സംഘടനാ രംഗത്തും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിലും, ഊർജ്ജ്വസ്വലനായ പ്രവർത്തകൻ എന്ന നിലയിൽ, വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടായിരുന്നു.

ഇടയ്ക്ക്, ഒരു കാലയളവിൽ, രാമചന്ദ്രൻ കേരള പബ്ളിക് സർവീസ് കമ്മിഷൻ അംഗം എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുസ്തക പാരായണത്തിൽ അത്യുത്സുകനായിരുന്ന അദ്ദേഹം പരപ്പേറിയ വായനയുടെ ഉടമയായിരുന്നു. ഇംഗ്ളീഷ്, മലയാള സാഹിത്യങ്ങളിൽ അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം നാടകം, നൃത്തം തുടങ്ങിയ രംഗകലകളിലും കവിത, സംഗീതം, ചിത്രരചന, ശില്പം തുടങ്ങിയ സുകുമാരകലകളിലും കാർഷികവൃത്തി, സ്പോർട്സ് - പ്രത്യേകിച്ച് ഫുട്ബാൾ എന്നിവയിലും അതീവ തത്‌പരനായിരുന്നു.

ജർമ്മൻ മഹാകവിയായ 'ഗ്വഥേ"യെക്കുറിച്ച് പറയാറുണ്ട്, സർവകലാവല്ലഭനായ, സാർവലൗകിക മനുഷ്യൻ എന്ന്. കാലത്തെയും സമൂഹത്തെയും തങ്ങളുടെ ധൈഷണികമായ സിദ്ധികൾ കൊണ്ട് നിരന്തരം ധന്യതയണിയിക്കുന്ന വളരെ അപൂർവം പ്രതിഭാശാലികൾക്ക് മാത്രം ലഭിക്കുന്ന ഒരു ബഹുമതിയാണത്. അത്തരം മഹൽ വ്യക്തികളുടെ തേജോമയമായ നക്ഷത്രപഥത്തിലാണ് തന്റെ ബുദ്ധിപരമായ കഴിവുകളിലൂടെ, വിശിഷ്യ, സർഗാത്മകവും, സൃഷ്ട്യുന്മഖവും, വൈവിദ്ധ്യമാർന്നതുമായ പത്രപ്രവർത്തനത്തിലൂടെ, രാമചന്ദ്രൻ തന്റെ അഭിലഷണീയവും, അസൂയാവഹവുമായ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.

( മുൻ അഡ്വക്കേറ്റ് ജനറലാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.